'സാമ്പത്തിക ആരോഗ്യം' മെച്ചപ്പെടുത്തണം; പ്രീപെയ്ഡ് നിരക്ക് 25 ശതമാനം വർദ്ധിപ്പിച്ച് എയർടെൽ, മറ്റ് കമ്പനികളും നിരക്കുയർത്തുമെന്ന് സൂചന

Monday 22 November 2021 10:48 AM IST

മുംബയ്: സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന ഭാരതി എയർടെൽ പ്രൈപെയ്‌ഡ് മൊബൈൽ നിരക്കുകൾ വർദ്ധിപ്പിച്ചു. കമ്പനിയുടെ സാമ്പത്തിക ആരോഗ്യം കണക്കിലെടുത്ത് നിരക്ക് വർദ്ധിപ്പിക്കാതെ കഴിയില്ലെന്നാണ് എയർടെൽ അധികൃതർ അറിയിച്ചത്. ഡാറ്റ ടോപ്പ് അപ്പ് പ്ളാനിൽ 20 മുതൽ 25 ശതമാനം വരെയാണ് വർദ്ധന. പോസ്‌റ്റ് പെയ്ഡ് നിരക്കിലും ചെറിയ വർദ്ധനയുണ്ടാകും. ഒരു ഉപഭോക്താവിൽ നിന്ന് 200 രൂപയെങ്കിലും കുറഞ്ഞത് ലഭിക്കണം. അത്യാവശ്യമായി 300 രൂപയെങ്കിലും കിട്ടിയാലേ സാമ്പത്തിക ഭദ്രതയോടെ കമ്പനിക്ക് മുന്നേറാൻ കഴിയൂവെന്ന് എയർടെൽ സൂചിപ്പിക്കുന്നു.

5ജി നെ‌റ്റ്‌വർക്കിൽ നിക്ഷേപത്തിനൊരുങ്ങുന്ന വേളയിൽ ലാഭകരമായി പ്രവർത്തിക്കാനാണ് നിരക്ക് വർദ്ധന. എയർടെലിന്റെ പാത പിന്തുടർന്ന് സാമ്പത്തിക ഞെരുക്കത്തിലായ വോഡഫോൺ ഐഡിയ(വി)യും നിരക്ക് വർദ്ധനയ്‌ക്ക് ഒരുങ്ങുന്നതായാണ് വിവരം. മിനിമം വോയിസ് താരിഫ് പ്ളാന് 79ൽ നിന്ന് 99 ആയാണ് എയർടെൽ ഉയർത്തുന്നത്. നവംബർ 26നാണ് വർദ്ധന നിലവിൽ വരിക. 149ന്റെ പ്ളാനിന് 179 രൂപയും 219 രൂപയുടെ പ്ളാനിന് 265മാണ് പുതിയ നിരക്ക്.