നാടൻ പ്ലാവുകൾ കണ്ടെത്താൻ ഹരിതകേരളം മിഷൻ സർവ്വെ: നശിക്കരുത് ആ ജൈവവൈവിദ്ധ്യം

Monday 22 November 2021 9:05 PM IST

കണ്ണൂർ :ഉയർന്ന ഉല്പാദന ശേഷിയുള്ളതും വ്യത്യസ്ത രുചിയുള്ളതും തുടർച്ചയായി കായ്ക്കുന്നതുമായ നാടൻ പ്ലാവുകൾ കണ്ടെത്തുന്നതിന് ഹരിത കേരളം മിഷനും കണ്ണൂർ കൃഷി വിജ്ഞാന കേന്ദ്രവും സർവ്വെ സംഘടിപ്പിക്കുന്നു.നാടൻ പ്ലാവുകളെ പ്രോത്സാഹിപ്പിക്കുന്നതിന് തൈകൾ ഉല്പാദിപ്പിക്കുന്നതിനും തോട്ടങ്ങൾ ഉണ്ടാക്കുന്നതിനും ലക്ഷ്യമിട്ടാണ് സർവ്വെ.

ജില്ലയിലെ കാർഷിക കാലാവസ്ഥാ മേഖലകളെ അടിസ്ഥാനമാക്കിയാണ് ഫലവൃക്ഷങ്ങളുടെ ഗുണമേന്മകൾ നിലനില്ക്കുന്നത്. എന്നതിനാൽ വിവരശേഖരണവും തുടർ പ്രവർത്തനങ്ങളും കാർഷിക കാലാവസ്ഥയെ അടിസ്ഥാനമാക്കിയായിരിക്കും.

ഇത്തരം പ്ലാവുകളുടെ വിവരങ്ങൾ സ്വയം നല്കാൻ തയ്യാറുള്ള കർഷകർക്ക് നേരിട്ട് സർവ്വെയിൽ പങ്കെടുക്കാം.വിവരങ്ങൾ കൈമാറാൻ തയ്യാറുള്ള പൊതുജനങ്ങൾക്കും സർവേയിൽ പങ്കെടുക്കാം.ഹരിത കർമ്മ സേന അംഗങ്ങൾ മുഖാന്തിരവും വിവരങ്ങൾ കൈമാറാം.കാർഷിക രംഗത്തെ വിവിധ സംഘടനകളുടെ സേവനവും വിവരശേഖരണത്തിന് ഉപയോഗിക്കും

ഡിസംബർ 11 വരെയാണ് വിവര ശേഖരണ കാലയളവ്.ശേഖരിച്ച വിവരങ്ങൾ ജില്ലാ തലത്തിൽ അപഗ്രഥിക്കും.ഇവയിൽ നിന്ന് മികച്ച ഗുണനിലവാരം പുലർത്തുന്ന പ്ലാവുകളെ ടാഗ് ചെയ്യലാണ് അടുത്ത നടപടി.ഗൃഹനാഥന്റെ പേരിലാവും ടാഗിംഗ് .

ഹരിത കേരളം മിഷനും കെ.വി.കെയും നിശ്ചയിക്കുന്ന വളണ്ടിയർ നേരിട്ട് പ്ലാവ് സന്ദർശിച്ചാണ് ടാഗിംഗ് .അതോടൊപ്പം പ്ലാവിന്റെ ഉടമകളെ ജില്ലാതലത്തിൽ ആദരിക്കുകയും ചെയ്യും. ഇത്തരത്തിൽ ടാഗ് ചെയ്ത പ്ലാവിൽ ഉണ്ടാവുന്ന ചക്കയുടെ ഗുണങ്ങൾ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കും .

വിവരശേഖരണം ഇങ്ങനെ

.പ്ലാവിന്റെ ഉടമസ്ഥന്റെ പേര്, വിലാസം, മൊബൈൽ ഫോൺ നമ്പർ , ഗ്രാമ പഞ്ചായത്ത് - നഗരസഭ ,​പ്ലാവ് പൂവിട്ട മാസം, പ്ലാവിൽ നിന്ന് അവസാനം ചക്ക പറിച്ചെടുത്ത മാസം, വർഷം, അത് നില്ക്കുന്ന സ്ഥലം. പ്ലാവിന്റെ ഏകദേശ ഉയരം, മറ്റ് എന്തെങ്കിലും പ്രത്യേകതകൾ ഉണ്ടെങ്കിൽ അത് എന്നിവ.

നാടൻ പ്ളാവുകളുടെ വൈവിദ്ധ്യം തിരിച്ചു കൊണ്ടുവരികയാണ് സർവ്വെ കൊണ്ട് ഉദ്ദേശിക്കുന്നത്. ടാഗ് ചെയ്ത പ്ലാവിന്റെ ഗ്രാഫ്റ്റ് തൈകൾ ഉല്പാദിപ്പിച്ച് അതേ കാർഷിക കാലാവസ്ഥ ഉള്ള പ്രദേശങ്ങൾ കണ്ടെത്തി പ്ലാവിൻ തോട്ടങ്ങൾ നട്ടുവളർത്തും-

ഇ.കെ. സോമശേഖരൻ

ജില്ലാ കോ- ഓഡിനേറ്റർ, ഹരിത കേരളം മിഷൻ, കണ്ണൂർ

Advertisement
Advertisement