എന്താ സണ്ണീ ഇങ്ങനെ?
മുംബയ്: ബോളിവുഡ് താരം സണ്ണിലിയോൺ വിവാഹവാർഷികം ഇങ്ങനെ ആഘോഷിക്കുമെന്ന് ആരാധകരാരും കരുതിയില്ല. വലിയ ആഘോഷങ്ങൾ ഒന്നുമില്ലാതെ ഭർത്താവ് ഡാനിയേലിനും മകൾ നിഷയ്ക്കൊപ്പവുമായിരുന്നു ആഘോഷം. ഇതിന്റെ ചിത്രങ്ങൾ താരം ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ചപ്പോഴാണ് ആരാധകർ ശരിക്കും ഞെട്ടിയത്. വിവാഹ വാർഷികം തീർത്തും സ്വകാര്യച്ചടങ്ങാക്കി മാറ്റിയതിന്റെ കാരണമാണ് ആരാധകർക്ക് അറിയേണ്ടത്. പക്ഷേ, സണ്ണി ഇക്കാര്യം വെളിപ്പെടുത്തിയിട്ടില്ല.
ഡാനീ നിങ്ങളാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം. നിങ്ങൾ എന്റെ അടുത്ത സുഹൃത്തും സന്തതസഹചാരിയുമാണ്. അതിലുമുപരി എന്റെ കുഞ്ഞുങ്ങളുടെ നല്ല പിതാവും. ഞങ്ങളുടെ മകളാണ് കേക്ക് ഉണ്ടാക്കിയത് എന്നതാണ് ഈ ആഘോഷത്തിൽ എറ്റവും സന്തോഷകരമായ കാര്യം - ചിത്രം പങ്കുവച്ചുകൊണ്ട് സണ്ണി ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
ഡാനിയേലിന്റെയും തന്റെയും കൈപിടിച്ച് കേക്കിന് മുന്നിൽ നിൽക്കുന്ന നിഷയുടെ ചിത്രവും സണ്ണി പോസ്റ്റ് ചെയ്തു.അല്പസമയത്തിനകം ചിത്രം വൈറലായി. നൂറുകണക്കിന് ആരാധകരാണ് സണ്ണിക്കും ഭർത്താവിനും ആശംസകൾ നേർന്നത്.
2017 ൽ മഹാരാഷ്ടയിലെ ലാത്തൂറിലെ അനാഥാലയത്തിൽ നിന്നാണ് ഇരുപത്തൊന്ന് മാസക്കാരിയായ നിഷയെ സണ്ണിയും ഭർത്താവും ദത്തെടുത്തത്. നിഷ വന്നതിന് ശേഷം സണ്ണി ഇരട്ടക്കുട്ടികളുടെ അമ്മയായി. വാടക ഗർഭപ്രാത്രത്തിലൂടെയായിരുന്നു ആഷർ, നോഹ എന്നീ കുട്ടികൾക്ക് ജന്മം നൽകിയത്.