വിദ്യാഭ്യാസ നീതി ലഭിക്കാത്തതിന്റെ ഉത്തരവാദിത്വം നമുക്ക്: വെള്ളാപ്പള്ളി

Tuesday 23 November 2021 12:52 AM IST

ഇടുക്കി: ഈഴവ സമുദായത്തിന് വിദ്യാഭ്യാസ നീതി ലഭിക്കാത്തതിന്റെ ഉത്തരവാദിത്വം നമുക്ക് തന്നെയാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. കഞ്ഞിക്കുഴി ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിലെ വെള്ളാപ്പള്ളി നടേശൻ ശതാഭിഷേക മന്ദിരോദ്ഘാടനത്തിൽ ഓൺലൈനിലൂടെ ആശംസയർപ്പിക്കുകയായിരുന്നു അദ്ദേഹം.

നമുക്ക് പുരോഗതി നേടുന്നതിന് ആവശ്യമായ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇടുക്കി ജില്ലയിൽ മറ്റുള്ളവരെ അപേക്ഷിച്ച് വളരെ കുറവാണ്. അർഹതപ്പെട്ടത് ചോദിച്ച് വാങ്ങാനുള്ള സാമുദായിക ശക്തി സമാഹരിക്കാത്തതും ആവശ്യങ്ങൾ അധികാര സ്ഥാനങ്ങളിലെത്തിക്കാൻ സാധിക്കാത്തതുമാണ് കാരണം. വിദ്യാഭ്യാസ സ്ഥാപനങ്ങൾ നേടിയെടുത്താൽ മാത്രം പോര, നല്ല നിലയിൽ നടത്താനുള്ള ഇച്ഛാശക്തിയുമുണ്ടാകണം. ഒന്നായി നിന്നാലേ നന്നാകാനാകൂവെന്ന് മനസിലാക്കണം- വെള്ളാപ്പള്ളിപറഞ്ഞു.

ശതാഭിഷേക മന്ദിരോദ്ഘാടനം യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി നിർവഹിച്ചു. വിദ്യാഭ്യാസം, വ്യവസായം, സംഘടന എന്നീ ഗുരുദേവ ഉപദേശങ്ങൾക്കാണ് കഴിഞ്ഞ 25 വർഷക്കാലത്തെ എസ്.എൻ.ഡി.പി യോഗത്തിന്റെ പ്രവർത്തനത്തിൽ മുൻതൂക്കം നൽകിയതെന്ന് തുഷാർ പറഞ്ഞു. വെള്ളാപ്പള്ളിയുടെ പല വീക്ഷണങ്ങളും സമുദായത്തിന് മാത്രമല്ല എല്ലാവർക്കും മാതൃകയാണെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.

ഗുരു മണ്ഡപത്തിന്റെ ഉദ്ഘാടനം എം.എം. മണി എം.എൽ.എ നിർവഹിച്ചു. യോഗം തൊടുപുഴ യൂണിയൻ ചെയർമാൻ എ.ജി. തങ്കപ്പൻ അദ്ധ്യക്ഷനായിരുന്നു.

Advertisement
Advertisement