വിസ്മയ 'നായിക"

Tuesday 23 November 2021 12:00 AM IST

അമ്പതാം വയസിൽ 42 ലക്ഷം രൂപ മൂലധനവുമായി ഒരു കമ്പനി തുടങ്ങുക. എട്ടുവർഷം കഴിഞ്ഞപ്പോൾ ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ, സ്വയാർജിത ശതകോടീശ്വരി പട്ടം ചൂടുക. ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ 20 പേരിൽ ഒരാളാവുക. ലോക ശതകോടീശ്വര പട്ടികയിൽ ഇടംപിടിക്കുക. കമ്പനിയുടെ മൂല്യം ഒരുലക്ഷം കോടി രൂപ കവിയുക.

സംരംഭക ലോകത്ത് വിസ്മയ നേട്ടങ്ങൾ കൊയ്യുകയാണ് ഫൽഗുനി നയ്യാർ എന്ന 58കാരി. ഫൽഗുനിയും ഭർത്താവും കെ.കെ.ആർ ആൻഡ് കോയുടെ ഇന്ത്യ ചെയർമാനുമായ സഞ്ജയ് നയ്യാറുമായി ചേർന്ന് ആരംഭിച്ച ഫാഷൻ, സൗന്ദര്യവർദ്ധക ഉത്‌പന്ന വിതരണ ശൃംഖലയായ 'നൈക" ഇന്ന് ഈ രംഗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനികളിലൊന്നാണ്.

ഇക്കഴിഞ്ഞ ഒക്‌ടോബർ 28 മുതൽ നവംബർ ഒന്നുവരെ നടന്ന നൈകയുടെ പ്രാരംഭ ഓഹരി വില്പനയും (ഐ.പി.ഒ) തുടർന്ന് നവംബർ 10ലെ ഓഹരി വിപണിയിലെ കന്നി വ്യാപാരവുമാണ് ഫൽഗുനിയുടെയും നൈകയുടെയും തലവര മാറ്റിയെഴുതിയത്. 5,352 കോടി രൂപ ലക്ഷ്യമിട്ട് 2.64 കോടി ഓഹരികളാണ് ഐ.പി.ഒയിൽ വില്പനയ്ക്ക് വച്ചതെങ്കിലും 216.59 കോടി ഓഹരികൾക്കുള്ള അപേക്ഷകൾ കിട്ടി. ഓഹരികളിൽ ലിസ്‌റ്റ് ചെയ്‌തത് ഒന്നിന് 1,125 രൂപയ്ക്ക്; മുന്നേറിയത് 2,299 രൂപവരെ. കമ്പനിയുടെ ആകെ മൂല്യം 1.08 ലക്ഷം കോടി രൂപവരെയെത്തി.

ഗുജറാത്തി പെൺകൊടി

ഇന്ത്യൻ ഓഹരി വ്യാപാരത്തിൽ ഗുജറാത്തികളുടെ സ്വാധീനം ശക്തമാണ്. അതുകൊണ്ട് തന്നെ ഫൽഗുനിയുടെ സിരകളിലും കുട്ടിക്കാലം മുതൽ ഒഴുകിയത് ഓഹരി വ്യാപാര മോഹങ്ങൾ. 1963 ഫെബ്രുവരി 19 ന് ജനനം. ഗുജറാത്തിയാണെങ്കിലും ജനിച്ചതും വളർന്നതും മുംബയിൽ. അച്ഛനും അമ്മയും ചേർന്ന് നടത്തിയിരുന്നത് ചെറു ബെയറിംഗ് കച്ചവടം.

കുട്ടിക്കാലത്തെ ഓഹരി, നിക്ഷേപം, സ്‌റ്റോക്ക് മാർക്കറ്റ്, ലാഭം തുടങ്ങിയ വാക്കുകൾ ഫൽഗുനി കേട്ട് പരിചയിച്ചിരുന്നു. അഹമ്മദാബാദ് ഐ.ഐ.എമ്മിൽ നിന്ന് മാനേജ്‌മെന്റ് ബിരുദം സ്വന്തമാക്കിയശേഷം ആദ്യമായി ജോലി നേടിയത് എ.എഫ്. ഫർഗൂസൻ ആൻഡ് കോയിൽ മാനേജ്‌മെന്റ് കൺസൾട്ടന്റായി.

1993ൽ കോട്ടക് മഹീന്ദ്ര ഗ്രൂപ്പിലെത്തി. ജീവിതത്തിന്റെ മുന്തിയപങ്കും ചെലവഴിച്ചത് കൊട്ടക്കിൽ. 2005 മുതൽ 2012 വരെ മാനേജിംഗ് ഡയറക്‌ടർ. 2012ൽ, 50-ാം പിറന്നാളിന് ഏതാനും മാസം മുമ്പ് സ്വയം വിരമിച്ചു. തുടർന്ന്, കുട്ടിക്കാലം മുതൽ മനസിൽ താലോലിച്ച സ്വയം സംരംഭകവേഷമിട്ടു.

നൈകയുടെ ലോകം

ഐ.ഐ.എമ്മിൽ സഹപാഠിയായിരുന്നു ഭർത്താവ് സഞ്ജയ് നയ്യാർ. 2012 ഏപ്രിലിൽ ഇരുവരും ചേർന്ന് എഫ്.എസ്.എൻ ഇ-കൊമേഴ്‌സ് വെഞ്ച്വേഴ്‌സ് എന്ന മാതൃകമ്പനി രൂപീകരിച്ച് 'നൈക" ബ്രാൻഡിന് തുടക്കമിട്ടു. 'നായിക" എന്ന സംസ്കൃതവാക്കാണ് 'നൈക" ആയത്. മൂലധനം 42 ലക്ഷം രൂപ. ആദ്യ ദിനങ്ങളിൽ 30 ഓർ‌ഡറുകളൊക്കെയാണ് ലഭിച്ചത്. പലനിറങ്ങളുള്ള ലിപ്‌സ്‌റ്റിക്ക് കച്ചവടമായിരുന്നു കൂടുതലും.

2014ലാണ് 16.7 ശതമാനം ഓഹരികൾ വിറ്റഴിച്ച് ആദ്യമായി പുറത്തുനിന്ന് മൂലധനം സമാഹരിച്ചത്; നേടിയത് 20 കോടി രൂപ. ഈ വർഷം ഐ.പി.ഒ യും നടത്തി.

2012ൽ നിന്ന് 2021ലേക്ക് എത്തുമ്പോൾ ഇന്ന് ലക്‌മീ, ലോറീൽ, അഡിഡാസ്, അലൻസോളി തുടങ്ങി ആഗോള പ്രശസ്‌തമായ ബ്രാൻഡുകളും സ്വന്തം ബ്രാൻഡുകളും ഉൾപ്പെടെ 2,500ലേറെ ബ്രാൻഡുകളുടെ ഉത്‌പന്നങ്ങൾ നൈകയിൽ ലഭിക്കും. കുടുംബത്തിന് ആവശ്യമായ എല്ലാ ബ്യൂട്ടി, ഫാഷൻ ഉത്പന്നങ്ങളുമുണ്ട്. ഓൺലൈനിലും ഓഫ്‌ലൈനിലും വാങ്ങാം. 70 ലേറെ ഔട്ട്‌ലെറ്റുകളുണ്ട്. ലാഭം ഇക്കഴിഞ്ഞ മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ 61 കോടി രൂപ; വരുമാനം 2,450 കോടി രൂപ. ബോളിവുഡ് താരം കത്രീന കൈഫ് ഉൾപ്പെടെ പ്രമുഖർ കമ്പനിയിലെ നിക്ഷേപകരുമാണ്.

വിജയഗാഥ

നൈകയിൽ 53.5 ശതമാനം ഓഹരികളും ഫൽഗുനിയുടെ കൈവശമാണ്. ഫൽഗുനിയുടെ ആസ്‌തി 740 കോടി ഡോളർ (55,000 കോടി രൂപ). ഇന്ത്യയിലെ സ്വയാർജിത ശതകോടീശ്വരിമാരിൽ ഏറ്റവും സമ്പന്ന.

 ഒരു വനിത നയിക്കുന്ന ഇന്ത്യൻ യുണീകോൺ കമ്പനി (100 കോടി ഡോളറിനുമേൽ ഫണ്ടിംഗ് മൂല്യമുള്ള സ്‌റ്റാർട്ടപ്പ്) ഓഹരി വിപണിയിലെത്തുന്നത് ആദ്യം.

 ഇന്ത്യൻ ശതകോടീശ്വരികളിൽ ഒ.പി. ജിൻഡാൽ ഗ്രൂപ്പ് മേധാവി സാവിത്രി ജിൻഡാലിന് പിന്നിലായി രണ്ടാംസ്ഥാനം. ജിൻഡാലിന്റെ ആസ്‌തി 1,​770 കോടി ഡോളർ (1.31 ലക്ഷം കോടി രൂപ)​

 ഇന്ത്യയിലെ ഏറ്റവും സമ്പന്നരിൽ ഫൽഗുനി 16-ാമത്. ബ്ളൂംബെർഗിന്റെ ലോക ശതകോടീശ്വര പട്ടികയിൽ ഇടംപിടിച്ച ആറ് ഇന്ത്യൻ വനിതകളിലും ഒരാൾ.

കുടുംബം

ഫൽഗുനിക്കും ഭർത്താവ് സഞ്ജയ് നയ്യാർക്കും രണ്ടു മക്കൾ; ഇരട്ടകളായ അൻചിതും അദ്വൈതയും. മകൻ അൻചിത് കൊളംബിയ യൂണിവേഴ്‌സിറ്റി ബിരുദധാരി; ഇപ്പോൾ നൈകയുടെ ബ്യൂട്ടികെയർ ബിസിനസിനെ നയിക്കുന്നു. ഹാർവാഡ് ബിസിനസ് സ്കൂളിൽ നിന്ന് എം.ബി.എ നേടിയ മകൾ അദ്വൈത ഫാഷൻ വിഭാഗത്തിന്റെ മേൽനോട്ടം വഹിക്കുന്നു.

''ബാങ്കറായിരുന്ന ‌ഞാൻ 50-ാം വയസിലാണ് മുൻപരിചയമില്ലാത്ത ബ്യൂട്ടി ബിസിനസിലേക്ക് തിരിഞ്ഞത്. നിങ്ങൾ ഓരോരുത്തരിലും 'നൈക' പോലെ സ്വപ്‌നസംരംഭങ്ങൾ കാണും. നൈകയുടെ വിജയം നിങ്ങൾക്ക് പ്രചോദനവുമാകുമെന്ന് കരുതുന്നു"

- ഫൽഗുനി നയ്യാർ;

സ്ഥാപക, സി.ഇ.ഒ.,

നൈക

Advertisement
Advertisement