ഒന്നുകിൽ വാക്സിനെടുക്കും , അല്ലെങ്കിൽ മരിക്കും , ജനങ്ങൾക്ക് അന്ത്യശാസനവുമായി ജർമ്മൻ സർക്കാർ

Tuesday 23 November 2021 12:53 AM IST

ബെർലിൻ: കൊവിഡ് നാലാംതരംഗം രൂക്ഷമായി തുടരുന്നതിനിടെ ജർമ്മൻ ജനതയ്ക്ക് അന്ത്യശാസനം നല്കി സർക്കാർ. വരാനിരിക്കുന്ന മഹാദുരന്തം ഒഴിവാക്കാനായി ഇതുവരെ വാക്സിൻ സ്വീകരിച്ചിട്ടില്ലാത്തവർ വാക്സിൻ സ്വീകരിക്കാൻ തയ്യാറാകണമെന്ന് ജർമ്മൻ ആരോഗ്യ മന്ത്രി ജെൻസ് സ്പാൻ അഭ്യർത്ഥിച്ചു. ശൈത്യകാലം അവസാനിക്കുന്നതോടെ ഭൂരിഭാഗം ജർമ്മൻ നിവാസികളും കുത്തിവയ്പ്പെടുക്കുമെന്നാണ് പ്രതീക്ഷ. അത് സംഭവിച്ചില്ലെങ്കിൽ ഭൂരിഭാഗം ആളുകളും മരിക്കും. അത്ര ഭീകരമാണ് വൈറസിന്റെ ഡെൽറ്റ വകഭേദം. ജെൻസ് പറഞ്ഞു. വാക്സിൻ എല്ലാ പൗരൻമാർക്കും സൗജന്യമായിരുന്നിട്ടും രാജ്യത്തെ 68 ശതമാനം ആളുകൾ മാത്രമാണ് ഇതുവരെ ഇരു ഡോസുകളും സ്വീകരിച്ചത്. അതേ സമയം രണ്ട് ഡോസുകളും സ്വീകരിച്ച ജനങ്ങൾ ബൂസ്റ്റർ ഡോസ് എടുക്കാൻ തയ്യാറാകണമെന്നും ആരോഗ്യമന്ത്രാലയം ആവശ്യപ്പെടുന്നുണ്ട്.

കഴിഞ്ഞ ഏതാനും ആഴ്ചകളായി കൊവിഡ് നാലാംതരംഗം രാജ്യത്ത് ശമനമില്ലാതെ തുടരുകയാണ്. ആശുപത്രികളിൽ ഐസിയു കിടക്കകൾ നിറഞ്ഞു കവിഞ്ഞു. തിങ്കളാഴ്ച മാത്രം 30,643 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുവരെ രാജ്യത്ത് 5.3 ദശലക്ഷത്തിലധികം പേർ രോഗബാധിതരായി.

Advertisement
Advertisement