ബി ജെ പി പ്രവർത്തകനെ വെട്ടിക്കൊല്ലാൻ അൻസാർ എത്തിയത് യാത്രക്കാരനെന്ന വ്യാജേന, അറസ്റ്റിലായവരിൽ എസ്  ഡി പി ഐ,  പോപ്പുലർ ഫ്രണ്ട് നേതാക്കളും

Tuesday 23 November 2021 11:27 AM IST

കോഴിക്കോട്: പട്ടർപാലം എലിയോറമല സംരക്ഷണ സമിതി വൈസ്‌ചെയർമാനും ബി.ജെ.പി പ്രവർത്തകനുമായ ഓട്ടോ ഡ്രൈവർ ഷാജിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ മുഖ്യപ്രതി കുറ്റിക്കാട്ടൂർ ആനക്കുഴിക്കര കിഴക്കേ മായങ്ങോട്ട് അൻസാർ (35) പിടിയിലായി. ചേവായൂർ ഇൻസ്‌പെക്ടർ ചന്ദ്രമോഹന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് യുവാവിനെ അറസ്റ്റു ചെയ്തത്. കേസിനാസ്പദമായ സംഭവം 2019 ഒക്ടോബർ 12-നായിരുന്നു. പട്ടർപാലത്ത് നിന്നു യാത്രക്കാരനെന്ന വ്യാജേന ഓട്ടോ വിളിച്ച് പറമ്പിൽ ബസാറിനടുത്ത് വെച്ച് വെട്ടിക്കൊല്ലാൻ ശ്രമിക്കുകയായിരുന്നു. സംഭവത്തിൽ നോർത്ത് അസി. കമ്മിഷണറുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതിനു പിറകെ എസ്.ഡി.പി.ഐ, പി.എഫ്.ഐ ജില്ലാ നേതാക്കളടക്കം നാലു പേരെ അറസ്റ്റ് ചെയ്തിരുന്നു.

പ്രതിയെ ഒളിവിൽ കഴിയാൻ സഹായിച്ചവരെ കുറിച്ചും സൂചനകൾ ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. 2019 ജൂലായിൽ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പങ്കെടുത്ത എലിയോറ മല സംരക്ഷണ സമിതിയുടെ പൊതുയോഗത്തിനിടെയുണ്ടായ സംഘർഷത്തെ തുടർന്നാണ് സമിതിയുടെ സജീവപ്രവർത്തകൻ ഷാജിയെ വക വരുത്താൻ പ്രതികൾ പദ്ധതിയിട്ടത്.

അന്വേഷണ സംഘത്തിൽ ചേവായൂർ എസ്.ഐ രഘുനാഥൻ, ഒ.മോഹൻദാസ്, എം സജി, ഷാലു, എം. ഹാദിൽ കുന്നുമ്മൽ എന്നിവരുമുൾപ്പെടും.

Advertisement
Advertisement