'കടശീല ബിരിയാണി'യിൽ പ്രതീക്ഷയർപ്പിച്ച് സുരേഷ്

Wednesday 24 November 2021 12:00 AM IST

മാന്നാർ: 'കടശീല ബിരിയാണി " എന്ന തമിഴ് സിനിമ റിലീസ് ചെയ്തപ്പോൾ മാന്നാറിലും ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഒരു കലാകാരൻ . സിനിമയിൽ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്ത മാന്നാർ ഗ്രാമപഞ്ചായത്ത് 17-ാം വാർഡിൽ ഇരമത്തൂർ നിർമാല്യത്തിൽ എം.പി. സുരേഷ് കുമാറാണ് ചിത്രത്തിന്റെ വിജയവാർത്ത കേൾക്കാനായി കാത്തിരിക്കുന്നത്.

ആദ്യറിപ്പോർട്ടുകളിൽ സംതൃപ്തനാണ് മാന്നാർ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ നഴ്സിംഗ് അസിസ്റ്റന്റ് കൂടിയായ സുരേഷ്. പേടി കൂടപ്പിറപ്പായ ഒരു പൊലീസുകാരന്റെ വേഷമാണ് സിനിമയിൽ മാന്നാർ സുരേഷ് കുമാർ അവതരിപ്പിച്ചിട്ടുള്ളത്. പത്തനംതിട്ടയിലെ വനപ്രദേശങ്ങളിൽ പകുതിയോളം ഭാഗം ചിത്രീകരിച്ച സിനിമ കഴിഞ്ഞ വെള്ളിയാഴ്ചയാണ് തമിഴ്നാട്ടിലെ 60 തീയറ്ററുകളിൽ റിലീസായത്. വസന്ത് സെൽവം, വിജയ് റാം, ഹക്കിം ഷാ, ഗിരിധർ കൃഷ്ണ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച ചിത്രം നിശാന്ത് കാളിഡിണ്ടിയാണ് സംവിധാനം ചെയ്തത്.

പ്രേക്ഷകരിൽ നിന്നും സിനിമ നിരൂപകരിൽ നിന്നും മികച്ച അഭിപ്രായങ്ങൾ ലഭിച്ചു കൊണ്ടിരിക്കുമ്പോൾ സിനിമ കാണാൻ കഴിയാത്തതിന്റെ വിഷമം സുരേഷ് ഉള്ളിലൊതുക്കുന്നു. തമിഴ്നാട്ടിൽ പോയി ചിത്രം കാണാൻ അണിയറ പ്രവർത്തകർ ക്ഷണിച്ചിരുന്നെങ്കിലും കൊവിഡ് കാലത്ത് ആരോഗ്യ മേഖലയിൽ നിന്ന് വിട്ടുനിൽക്കാൻ മടിച്ച് ക്ഷണം സ്നേഹപൂർവം നിരസിച്ചു. മാന്നാറിലെ ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമായ സുരേഷ്, അന്തർദേശീയ തലത്തിൽ ശ്രദ്ധേയമായ ശവം, മൂന്ന് ദേശീയ അവാർഡുകൾ നേടിയ ഭയാനകം എന്നീ ചിത്രങ്ങളിലൂടെയും അഭിനയ മികവ് തെളിയിച്ചിരുന്നു.

ചാക്യാർകൂത്ത്, നാടകാഭിനയം, രചന, സംവിധാനം എന്നീ മേഖലകളിലെ തന്റെ കഴിവ് കൊവിഡ് ബോധവത്കരണ പ്രവർത്തനങ്ങൾക്കായും സുരേഷ് വിനിയോഗിച്ചു. മാന്നാർ സാമൂഹികാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. സാബു സുഗതനും മറ്റ് സഹപ്രവർത്തകരും എഫ്.എസ്.ഇ.ടി.ഒ ചെങ്ങന്നൂർ മേഖലാ പ്രസിഡന്റ് കൂടിയായ ഈ കലാകാരന് വേണ്ട പ്രോത്സാഹനങ്ങൾ നൽകുന്നുണ്ട്. ഭാര്യ അനീഷയും ബി.എസ് സി നഴ്‌സിംഗിനും പത്താംക്ലാസിലും പഠിക്കുന്ന മക്കളായ ബാലു സുരേഷും ബാല സുരേഷും എല്ലാ പിന്തുണയുമായി ഒപ്പമുണ്ട്. സിനിമയിലും ഹ്രസ്വചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള മക്കളും അച്ഛന്റെ പാതയിലാണ്.

Advertisement
Advertisement