മുരിങ്ങയ്ക്കായ 150 ൽ സെഞ്ച്വറി കടന്ന് തക്കാളി

Tuesday 23 November 2021 10:44 PM IST

തൃശൂർ : ജനജീവിതം സാധാരണ നിലയിലേക്ക് നീങ്ങുന്നതിനിടെ, കുടുംബ ബഡ്ജറ്റിന്റെ താളം തെറ്റിച്ച് പച്ചക്കറിയുടെ വില കുതിച്ചുയരുന്നു. കഴിഞ്ഞ രണ്ടാഴ്ച്ചയായി പച്ചക്കറി വില വലിയ രീതിയിലാണ് കുതിക്കുന്നത്.

കേരളത്തിലേക്ക് പച്ചക്കറി വരുന്ന അന്യസംസ്ഥാനങ്ങളിൽ തകർത്ത് പെയ്യുന്ന മഴയാണ് വില ഇത്രയും വർദ്ധിക്കാൻ പ്രധാന കാരണം. വിപണിയിൽ മുരിങ്ങക്കായയ്ക്കാണ് ഉയർന്ന വില. കിലോയ്ക്ക് 150 രൂപ. തക്കാളിക്ക് രണ്ട് ദിവസമായി നൂറിന് മുകളിലാണ് വില. ഇന്നലെ 95 മുതൽ 110 വരെയാണ് വിവിധ ഭാഗങ്ങളിൽ ചില്ലറ വിൽപ്പന നടന്നത്. കോവയ്ക്ക, വെണ്ടക്കായ, പാവയ്ക്ക, പയർ, പടവലം, കൊത്തമര, പയർ, ബീൻസ് എന്നിവയ്‌ക്കെല്ലാം തീവിലയാണ്. കൊത്തമരയ്ക്ക് 75 രൂപയും പാവക്കയ്ക്ക് 70 രൂപയുമാണ് വില.

സവാള വില താഴ്ന്നു

ഒരാഴ്ച മുമ്പ് വരെ അമ്പത് രൂപയ്ക്ക് മുകളിലെത്തിയ സവാളയുടെ വില താഴ്ന്നു. കിലോയ്ക്ക് 35 മുതൽ 40 രൂപ വരെയാണ് വില. ഉരുളൻ കിഴങ്ങിന്റെ വിലയിലും കുറവ് വന്നിട്ടുണ്ട്. കിലോയ്ക്ക് 40 രൂപയാണ് ഇന്നലെ ചെറുകിട കച്ചവടം നടന്നത്.

വില കൂടുതലുള്ളവ

പയർ 60
ബീൻസ് 60
വെണ്ടയ്ക്ക 70
പാവയ്ക്ക 70
കൊത്തമര 75
തക്കാളി 110
മുരിങ്ങ 150
കാപ്‌സിക്കം 130
പച്ചമുളക് 80
സാമ്പാർ കഷണം ഒന്നരക്കിലോ 100

കുറവുള്ളവ

പച്ചക്കായ 30
മത്തൻ 25
വെള്ളരി 35
കുമ്പളം 32
ചേന 30
സവാള 36
കുക്കുമ്പർ 25.

Advertisement
Advertisement