പ്രിയതമയ്ക്ക് താമസിക്കാൻ "താജ്മഹൽ" പണിത് വ്യവസായി

Wednesday 24 November 2021 12:02 AM IST

ഭോപ്പാൽ: അനശ്വര പ്രണയത്തിന്റെ സ്മാരകമായ താജ്മഹൽ കണ്ട് അത്ഭുതപ്പെട്ട ഭാര്യയ്ക്ക് താമസിക്കാൻ താജ്മഹൽ മാതൃകയിൽ വീട് പണിത് നൽകി മദ്ധ്യപ്രദേശിലെ ബുർഹാൻപൂർ സ്വദേശി ആനന്ദ് പ്രകാശ് ചോക്‌സി.

താജ്മഹലിനോളം വലിപ്പമില്ലെങ്കിലും മിനി താജ് കാണാൻ നിരവധിപ്പേരാണെത്തുന്നത്.

ഷാജഹാൻ ചക്രവർത്തിയുടെ ഭാര്യ മുംതാസ് മരിച്ചത് മദ്ധ്യപ്രദേശിലെ ബുർഹാൻപൂരിൽ വച്ചാണെന്ന് ചരിത്രം പറയുന്നു. പിന്നെയെന്തുകൊണ്ടാണ് ഷാജഹാൻ, പ്രിയതമയുടെ സ്‌മൃതികുടീരം ആഗ്രയിൽ യമുനാതീരത്ത് നിർമിച്ചത് എന്നത് ഉത്തരം കിട്ടാത്ത ചോദ്യമാണ്. തന്റെ നാട്ടിലെ തപ്തി നദിക്കരയിൽ തലയുർത്തി നിൽക്കേണ്ടിയിരുന്ന താജ്മഹൽ ആഗ്രയിലേക്ക് പോയ വിഷമം തീർക്കാൻ കൂടിയാണ് വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്ന ആനന്ദ്, നാട്ടിൽ പണിയാൻ പദ്ധതിയിട്ട വീടിന് താജ്മഹലിന്റെ രൂപം നൽകിയത്.

താജ്ഹലിനോളം പ്രൗഢിയുള്ള ചോക്സിയുടെ വീട്ടിലെ 29 അടി ഉയരമുള്ള താഴികക്കുടങ്ങളും രാജസ്ഥാനിൽ നിന്നും ഇറക്കുമതി ചെയ്ത മുന്തിയ മക്രാന മാർബിൾ വിരിച്ച അകത്തളങ്ങളുമാണ് പ്രധാന ആകർഷണം. 80അടി വലിപ്പത്തിലാണ് വീട് പണിയാൻ ഉദ്ദേശിച്ചതെങ്കിലും പ്രാദേശിക ഭരണകൂടത്തിന്റെ അനുമതി ലഭിക്കാത്തതിനാൽ വലിപ്പം കുറച്ചു.

വിശാലമായ പ്രവേശന ഹാൾ, താഴെയും മുകളിലും രണ്ടുവീതം കിടപ്പുമുറികൾ, ലൈബ്രറി, പ്രാർത്ഥനാ മുറി എന്നിവയാണ് വീട്ടിലുള്ളത്.
മറ്റൊരു സവിശേഷത വീടിന്റെ ഇൻഡോർ- ഔട്ട്ഡോർ ലൈറ്റിങ്ങിലാണ്. യഥാർഥ താജ്മഹൽ രാത്രിയിൽ ലൈറ്റുകളുടെ പ്രഭയിൽ തിളങ്ങി നിൽക്കുന്നത് കണ്ടിട്ടില്ലേ? ഇതിനെ അനുകരിക്കും വിധമാണ് വീടിന്റെയും ലൈറ്റുകളുടെ വിന്യാസം.താജ്​മഹലിന്റെ ഡിസൈൻ മനസിലാക്കുന്നതിന്​ മാത്രം മാസങ്ങളെടുത്തുവെന്ന് എൻജിനീയറായ പ്രവീൺ ചോക്​സി പറയുന്നു. പിന്നീട്​ രണ്ടര വർഷംകൊണ്ട്​ പണി തീർത്തു. താജ്​മഹൽ നിർമിക്കാൻ ഉപയോഗിച്ച വെണ്ണക്കല്ലിന്​ സമാനമായ മാർബിളാണ്​ വീടിനും ഉപയോഗിച്ചിരിക്കുന്നത്​. വീടിനുള്ളിലെ കൊത്തുപണികൾ തീർക്കാനായി ബംഗാളിലെയും ഇൻഡോറിലെയും പരമ്പരാഗത കലാകാരൻമാരുടെ സഹായം തേടി.

Advertisement
Advertisement