പ്രശസ്ത ജാപ്പനീസ് വസ്ത്രാലങ്കാര വിദഗ്ദ്ധ എമി വാഡ അന്തരിച്ചു

Wednesday 24 November 2021 12:37 AM IST

ടോക്യോ: ഓസ്കാർ പുരസ്കാര ജേതാവായ പ്രശസ്ത ജാപ്പനീസ് വസ്ത്രാലങ്കാര വിദഗ്ദ്ധ എമി വാഡ (84) അന്തരിച്ചു. വില്യം ഷേക്സ്പിയറിന്റെ കിംഗ് ലിയർ നാടകത്തെ ആസ്പദമാക്കി പ്രശസ്ത ജാപ്പനീസ് സംവിധായകൻ അകിറാ കുറസോവ സംവിധാനം ചെയ്ത റാൻ എന്ന ചിത്രത്തിലെ വസ്ത്രാലങ്കാരത്തിനാണ് 1986 ൽ എമിക്ക് ഓസ്കാർ ലഭിച്ചത്. ചിത്രത്തിൽ എമി ഒരുക്കിയ സാമുറായി വസ്ത്രങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. ഇത് കൂടാതെ ഈഡിപ്പസ് റെക്സ് എന്ന നാടകത്തിനുവേണ്ടി വസ്ത്രാലങ്കാരം നിർവഹിച്ചതിന് 1993 ൽ എമ്മി പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. 1937 ൽ ജപ്പാനിലെ ക്യോട്ടോയിൽ ജനിച്ച എമി അറുപതു വർഷത്തോളം വസ്ത്രാലങ്കാര മേഖലയിലെ നിറസാന്നിദ്ധ്യമായിരുന്നു.

ജപ്പാൻ ബ്രോഡ്കാസ്റ്റിങ് കോർപ്പറേഷൻ ഡയറക്ടറായിരുന്ന ബെൻ വാഡയാണ് എമിയുടെ ഭർത്താവ്.

ഭർത്താവ് സംവിധാനം ചെയ്യുന്ന വേദികൾക്കായി വസ്ത്രാലങ്കാരം നടത്തിയാണ് എമിയുടെ ഈ മേഖലയിലേക്കുള്ള കടന്നു വരവ്. ജാപ്പനീസ് സംസ്‌കാരവുമായി ഏറെ അടുത്തു നില്ക്കുന്ന രീതിയിൽ വസ്ത്രാലങ്കാരം നിർവഹിക്കാൻ എമി പ്രത്യേകം ശ്രദ്ധ ചെലുത്തിയിരുന്നു. ഹിരോഷി ടെഷിഗാഹരയുടെ റിക്യു, നഗിസാ ഒഷിമായുടെ ഗൊഹാട്ടോ, പീറ്റർ ഗ്രീനവേയുടെ പ്രോസ്‌പെറോസ് ബുക്സ്, ഷാങ് യിമുവിന്റെ ഹീറോ തുടങ്ങിയ നിരവധി ചിത്രങ്ങളിൽ വസ്ത്രാലങ്കാരം നിർവഹിച്ചിട്ടുണ്ട്. 2020ൽ ആൻ ഹുയിയുടെ ലവ് ആഫ്റ്റർ ലവ് എന്ന ചിത്രത്തിനു വേണ്ടിയും എമി വസ്ത്രാലങ്കാരം നിർവഹിച്ചിരുന്നു.

Advertisement
Advertisement