3.7 കിലോമീറ്റർ കടന്നുപോകാൻ അരമണിക്കൂർ! ഇങ്ങനെ കുരുങ്ങാനും വേണോ ടോൾ....

Wednesday 24 November 2021 2:12 AM IST

തിരുവനന്തപുരം: കോവളം ജംഗ്ഷൻ മുതൽ ചാക്ക വരെ ബൈപ്പാസിലൂടെയുള്ള ദൂരം വെറും പതിനേഴ് കിലോമീറ്റർ. ഇത്രയും താണ്ടാനെടുക്കുന്ന സമയമാകട്ടെ ഒരു മണിക്കൂർ... ശരാശരി വേഗതയിൽ നേരത്തെ അരമണിക്കൂർ കൊണ്ട് ഓടിയെത്തിയിരുന്ന സ്ഥാനത്താണ് ഈ വ്യത്യാസം. ഈ ദൂരം താണ്ടാൻ ഇത്രയും സമയമോ എന്ന് റോഡിലൂടെ സ്ഥിരമായി പോകുന്നവരാരും ചോദിക്കില്ല. കാര്യം അത്ര വലിയ ഗതാഗതക്കുരുക്കാണ് ഇവിടെ യാത്രക്കാരെ കാത്തിരിക്കുന്നത്.

ഇപ്പോൾ ഈഞ്ചയ്ക്കൽ മുതൽ പരുത്തിക്കുഴി വരെയുള്ള വെറും 3.7 കിലോമീറ്റർ ദൂരം താണ്ടാൻ മാത്രം വേണം അരമണിക്കൂർ എന്നതും ആശ്ചര്യം ജനിപ്പിക്കുന്നതാണ്. ഇങ്ങനെ കുരുങ്ങിക്കിടക്കുന്ന വാഹനങ്ങളധികവും തൊട്ടപ്പുറത്ത് തിരുവല്ലത്തെ ടോൾ ബൂത്തിൽ 70 രൂപ ടോൾ നൽകി വരുന്നവരാണ് എന്നുള്ളതാണ് ഏറെ ശ്രദ്ധേയം.

കല്ലുംമൂട് ഓവർ ബ്രിഡ്ജിന് സമീപം ബൈപ്പാസിനടിയിലൂടെ കടന്നുപോകുന്ന സീവേജ് ലൈൻ പൊട്ടിയതാണ് പ്രശ്നങ്ങളുടെ തുടക്കം. അതോടെ ബൈപ്പാസിലെ ഗതാഗതം വിലക്കി വാഹനങ്ങളെല്ലാം സർവീസ് റോഡിലൂടെ കടത്തിവിട്ടു തുടങ്ങി. അറ്റകുറ്റപ്പണി തുടങ്ങിയതോടെ വലതുവശത്തെ സർവീസ് റോഡിലൂടെയുള്ള യാത്രയും അസാദ്ധ്യമായി. ഇതോടൊപ്പം തിരുവല്ലം - കിഴക്കേകോട്ട റോഡും അറ്റകുറ്രപ്പണിക്കായി അടച്ചതോടെ സകല വാഹനങ്ങളും സർവീസ് റോഡിന്റെ ഒരുവശത്തുകൂടി കടന്നുപോകേണ്ട അവസ്ഥയാണ്. ഇതാണ് കുരുക്ക് ഇത്രമേൽ രൂക്ഷമാക്കുന്നത്.

ദുരിതം അകലാൻ ഇനിയും കാത്തിരിക്കണം

പി.ഡബ്ളിയു.ഡിയുടെ തിരുവല്ലം - കിഴക്കേകോട്ട റോഡിൽ കല്ലാട്ടുമുക്ക്- കമലേശ്വരം ഭാഗം തകർന്നത് റീ ടാറിംഗിനായി അടച്ചതോടെ ബസുകൾ ഉൾപ്പെടെ തിരുവല്ലത്തു നിന്ന് തിരിഞ്ഞ് ബൈപാസിലൂടെയാണ് സർവീസ് നടത്തുന്നത്. പരുത്തിക്കുഴിയിലെത്തുമ്പോൾ എല്ലാ വാഹനങ്ങളും സർവീസ് റോഡിലേക്ക് കയറും. കഷ്ടിച്ച് ഒരു ബസിനു മാത്രം കടന്നു പോകാനുള്ള വീതിയേ സർവീസ് റോഡിനുള്ളൂ. ഇവിടെ ബൈപാസ് അടച്ചിട്ട് 36 ദിവസമായി. മറുവശത്ത് അറ്റകുറ്റപ്പണി തുടങ്ങിയത് ഈ മാസം എട്ടിനാണ്. സ്വീവേജ് ലൈനിലെ പണി തീരാൻ ഒരു മാസമെടുക്കുമെന്നാണ് അധികൃതർ അറിയിച്ചത്. അതായത് ഈ ദുരിതത്തിന് അറുതിവരാൻ ഡിസംബർ 7വരെെങ്കിലും കാത്തിരിക്കേണ്ടി വരുമെന്ന് സാരം.

ഇരുചക്രവാഹനങ്ങളെങ്കിലും കടത്തിവിട്ടുകൂടെ?

കല്ലുംമൂട് ഓവർ ബ്രിഡ്ജ് ഭാഗത്ത് സീവേജ് ലൈൻ പൊട്ടിയത് വാഹനങ്ങൾ കടന്നുപോകുന്നതിന്റെ സമ്മർദ്ദം കൂടിയാൽ കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കും

എന്ന കണക്കുകൂട്ടലിലാണ് ബൈപാസ് അടച്ചത്. എന്നാൽ തിരക്കേറുന്ന സമയങ്ങളിൽ ലൈറ്റ് വൈഹിക്കിൾ വിഭാഗത്തിൽപ്പെട്ട വാഹനങ്ങൾ മാത്രം ഇതിലൂടെ കടത്തിവിട്ടാൽ കുരുക്ക് ഇത്രത്തോളം കൂടില്ലെന്നാണ് യാത്രക്കാർ പറയുന്നത്. വിമാനത്താവളത്തിലേക്ക് പോകുന്ന വാഹനങ്ങൾ ഉൾപ്പെടെയുള്ളവയാണ് റോഡിൽ കുരുങ്ങിക്കിടക്കുന്നത്.

1 റോഡും 4 റോഡിലെ വണ്ടികളും

1. സർവീസ് റോഡിലൂടെ കടന്നുപോയിരുന്ന പതിവ് വാഹനങ്ങൾ

2. ബൈപാസ് അടച്ചപ്പോൾ റൂട്ട് മാറ്റിയവ

3. എതിർവശത്തെ സർവീസ് റോഡ് ഭാഗികമായി അടച്ചപ്പോൾ ഇങ്ങോട്ട് മാറിയവ

4. പൊതുമരാമത്ത് റോഡ് അടച്ചപ്പോൾ തിരുവല്ലം വഴി കടന്നുവരുന്നവ

Advertisement
Advertisement