തലശേരി- മൈസൂരു റെയിൽപാതയിൽ ഹെലിബോൺ സർവേ തുടങ്ങി,​ അടുത്ത ഘട്ടം തലശേരിയിൽ

Wednesday 24 November 2021 7:45 PM IST
നിർദ്ദിഷ്ട തലശ്ശേരി മൈസൂർ റയിൽപ്പാതയുടെ ആകാശ സർവ്വേ നടത്തുന്നതിനായ് ഇലക്ട്രോ മാഗ്നറ്റിക് ലൂപ് ഘടിപ്പിച്ച ഹെലികോപ്ടർ ബത്തേരിയിലെ ഹെലിപ്പാടിൽ നിന്ന് പറന്നുയരുന്നു

കണ്ണൂർ : അര നൂറ്റാണ്ടിലേറെ നീണ്ട തലശേരി- മൈസൂരു റെയിൽപാത യാഥാർത്ഥ്യമാക്കുന്നതിന്റെ ഭാഗമായുള്ള ഹെലിബോൺ സർവ്വെ വയനാട്ടിൽ തുടങ്ങി. സുൽത്താൻ ബത്തേരി കേന്ദ്രീകരിച്ച് നടക്കുന്ന സർവ്വേയ്ക്ക് ശേഷം അടുത്ത ഘട്ടം തലശേരിയിൽ നിന്നു തുടങ്ങും.

ഹെലികോപ്റ്ററിൽ ഘടിപ്പിച്ച ഇലക്ട്രോ മാഗ്നറ്റിക് ഇൻസ്ട്രുമെന്റ്സ് ഉപയോഗിച്ചാണ് സർവ്വെ നടത്തുന്നത്. ഹൈദരബാദ് ആസ്ഥാനമായുള്ള നാഷണൽ ജ്യോഗ്രഫിക് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടാണ് സർവ്വേ നടത്തുന്നത്. ഡന്മാർക്കിൽ നിന്നുള്ള രണ്ട് എൻജിനീയർമാരാണ് സർവ്വേയ്ക്ക് നേതൃത്വം നൽകുന്നത്.ബത്തേരിയിൽ നിന്നു മാനന്തവാടിയിലേക്കും അവിടെ നിന്നു മൈസൂരിലേക്കുമാണ് സർവ്വേ.

പാത കടന്നു പോകുന്ന പ്രദേശങ്ങളിലെ മണ്ണിന്റെ ഘടന, പാറയുടെ സാമീപ്യം, ഭൂഗർഭജലവിതാനം, ചതുപ്പ് പ്രദേശങ്ങൾ എന്നിവയാണ് സർവ്വേയിലൂടെ പരിശോധിക്കുന്നത്. ഹെലിബോൺ സർവ്വേ പ്രകാരം ലഭിക്കുന്ന വിവരങ്ങൾ ഏകോപിപ്പിച്ചായിരിക്കും നിർദ്ദിഷ്ട പാതയുടെ അലൈൻമെന്റ് തീരുമാനിക്കുക. തലശ്ശേരി , ബത്തേരി ഭാഗങ്ങളിൽ നടക്കുന്ന സർവ്വേ 20 ദിവസം നീളും.

സർവ്വേ ഇങ്ങിനെ

700 കിലോയോളം വരുന്ന ഇലക്ട്രോ മാഗ്നറ്റിക് ഇൻസ്ട്രുമെന്റ്സ് ചെറിയ വടങ്ങളിൽ കോപ്റ്ററിൽ തൂക്കിയിട്ടാണ് സർവ്വേ. ഭൂമിയിൽ നിന്നും ഈ ഉപകരണവുമായി 50 മീറ്റ‌ർ ഉയരത്തിലാണ് ഹെലികോപ്റ്റർ പറക്കുക. ഭൂമിക്കടിയിലേക്ക് അര കിലോമീറ്റർ ആഴത്തിലും ഇതുകൊണ്ട് വിവരങ്ങൾ ശേഖരിക്കാൻ കഴിയുമെന്നാണ് ഇവർ പറയുന്നത്.

ഹെലിബോൺ സർവേ

ഹെലികോപ്ടർ ഉപയോഗിച്ചുള്ള ജ്യോഗ്രഫിക്കൽ മാപ്പിംഗ് ആണിത്. നാഷണൽ ജ്യോഗ്രഫിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെയും (എൻ.ജി.ആർ.ഐ), കോൺസ്റ്റിറ്റ്യുന്റ് റിസർച്ച് ലാബോറട്ടറി ഒഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച്( സി.എസ്.ഐ.ആർ) എന്നിവയുടെ സഹായത്തോടെ ഭൂമിയുടെ അഞ്ഞൂറ് മീറ്റർ ആഴം വരെയുള്ള ഹൈ റസലൂഷൻ ത്രിമാന ചിത്രം ലഭിക്കുന്ന സാങ്കേതികവിദ്യ ഇതിലുണ്ടാകും. ഏറെ വേഗത്തിലും കൃത്യതയുള്ള വിവരശേഖരണത്തിനും പുറമെ ചിലവ് കുറഞ്ഞ രീതി കൂടിയാണിത്.

കബനിയ്ക്ക് അടിയിലൂടെ 11.500 കി.മി

കർണാടക സർക്കാർ മനസ്സുവെച്ചാൽ തലശേരി- മൈസൂർ റെയിൽപാത യാഥാർത്ഥ്യമാകും. കർണാടകത്തിലെ നാഗർഹോള, ബന്ദിപ്പൂർ വനമേഖലകൾക്കിടയിലൂടെ ഒഴുകുന്ന കബനീ നദിക്കടിയിലൂടെ ടണൽ വഴി റെയിൽപാത നിർമ്മിക്കണമെന്ന നിർദേശം കേരള റെയിൽ ഡവലപ്പ്മെന്റ് കോർപ്പറേഷന്‍ കർണാടക സർക്കാർ സമർപ്പിച്ചിരുന്നു. 11.5 കിലോമീറ്റർ ദൂരത്തിത്തിലാണ് നദിക്കടിയിലൂടെ പാത പോകേണ്ടത്.11.5 കിലോമീറ്രർ ടണലിന് മാത്രം 1200 കോടിയുടെ ചെലവ് വരുമെന്നാണ് കണക്കുകൂട്ടൽ.

തലശ്ശേരി-മൈസൂർ പാത

ദൂരം- 206 കി.മി

സമയം -4 മണിക്കൂർ

ചിലവ് - 8000 കോടി

കേന്ദ്രസർക്കാർ 51%

സംസ്ഥാനസർക്കാർ 49%

പാത ഇതുവഴി

പെരിയപട്ടണ, തിത്തിമത്തി, ബലാൽ, ശ്രീമംഗല, കുട്ട, തിരുനെല്ലി അപ്പപ്പാറ, തൃശിലേരി, മാനന്തവാടി, തലപ്പുഴ, വരയാൽ, തൊണ്ടർനാട്, ചെറുവാഞ്ചേരി, കൂത്തുപറമ്പ്, കതിരൂർ ,തലശേരി

Advertisement
Advertisement