അതിവേഗ റെയിൽ : സർവേ മൂന്നു മാസത്തിനകം

Thursday 25 November 2021 12:00 AM IST

കോട്ടയം: അതിവേഗ റെയിൽ പാതയ്ക്കെതിരായ എതിർപ്പ് ശക്തി പ്രാപിക്കുന്നതിനിടെ ഭൂമി ഏറ്റെടുക്കൽ നടപടികളുമായി ഇടതു സർക്കാർ മുന്നോട്ട്. പാത കടന്നു പോകുന്ന പതിനൊന്ന് ജില്ലകളിലും മൂന്നു മാസത്തിനുള്ളിൽ സർവേ പൂർത്തിയാക്കാൻ നിർദ്ദേശം നൽകി. കണ്ണൂർ എൽ.ആർ. ഡപ്യൂട്ടി കളക്ടർ അനിൽ ജോസിനാണ് ഏകോപന ചുമതല .

കോട്ടയം, പത്തനം തിട്ട, ആലപ്പുഴ, കൊല്ലം, എറണാകുളം, തിരുവനന്തപുരം, തൃശൂർ, മലപ്പുറം, കോഴിക്കോട് ,കണ്ണൂർ, കാസർകോട് ജില്ലകളിലൂടെയാണ് പാത കടന്നു പോകുന്നത്. 1221 ഹെക്ടർ ഏറ്റെടുക്കേണ്ടി വരുമെന്നാണ് കണക്ക്. 15 വില്ലേജുകളിൽ കല്ലിടൽ പൂർത്തിയായി. എല്ലായിടത്തും കല്ലിടൽ പൂർത്തിയായ ശേഷമേ എത്ര സ്ഥലം ഏറ്റെടുക്കേണ്ടി വരുമെന്ന കൃത്യമായ കണക്ക് ലഭ്യമാകൂ. തുടർന്ന് സാമൂഹിക ആഘാത പഠനം നടത്തും. ഇതിന് ശേഷമായിരിക്കും പരിസ്ഥിതി വകുപ്പ് അനുമതി തേടലും മറ്റ് നടപടികളും .

കെ റെയിൽ വിരുദ്ധ സമിതിക്ക് ഒപ്പം യു.ഡി.എഫും ചേർന്ന് ശക്തമായ പ്രതിഷേധ സമരപരിപാടികൾ നടത്തുമ്പോഴും കേന്ദ്ര സർക്കാർ സാമ്പത്തിക സഹായം ലഭിച്ചില്ലെങ്കിലും മറ്റ് രീതിയിൽ പണം സംഘടിപ്പിച്ച് പദ്ധതി എങ്ങനെയും യാഥാർത്ഥ്യമാക്കാനുള്ള നീക്കത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ. അദ്ദേഹത്തിന്റെ അഭിമാന പദ്ധതിയാണിത്.

 കെ-റെയിൽ കൈയൂക്കുകൊണ്ട് നടപ്പാക്കാനാവില്ല: ഉമ്മൻ ചാണ്ടി

കൈയൂക്കുകൊണ്ട് കെ-റെയിൽ നടപ്പിലാക്കാനാണ് ഭാവമെങ്കിൽ അതിന് കനത്ത വില നൽകേണ്ടിവരുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. സാമൂഹിക ആഘാത പഠനമോ പാരിസ്ഥിതിക പഠനമോ നടത്താതെ പദ്ധതിക്ക് സ്ഥലം ഏറ്റെടുക്കാനുള്ള സർക്കാ‌ർ നീക്കം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ലക്ഷക്കണക്കിന് ജനങ്ങളെ കുടിയിറക്കി വിട്ട് ആയിരക്കണക്കിന് ഹെക്ടര്‍ ഭൂമി ഏറ്റെടുക്കുന്നത് പ്രായോഗികമല്ല.

Advertisement
Advertisement