അതിദാരിദ്ര്യം കണ്ടെത്താൻ യോഗങ്ങൾ 28ന്, 29ന് അന്തിമ പട്ടിക തയ്യാറാക്കും

Wednesday 24 November 2021 10:07 PM IST

തൃശൂർ: സമൂഹത്തിലെ അതിദരിദ്രരെ കണ്ടെത്തി അവർക്ക് ഉപജീവനമാർഗം ഉറപ്പുവരുത്തുന്ന സംസ്ഥാന സർക്കാർ പദ്ധതിയുടെ നിർണായക യോഗം നവംബർ 28ന്. പദ്ധതിയിൽ ഉൾപ്പെടേണ്ടവരുടെ വാർഡ് തല പട്ടിക തയ്യാറാക്കുന്ന ഫോക്കസ് ഗ്രൂപ്പുകൾ ജില്ലയിലെ മുഴുവൻ തദ്ദേശ സ്ഥാപന വാർഡുകളിലും അന്ന് യോഗം ചേരും. സാമൂഹിക, സന്നദ്ധ പ്രവർത്തകരുടെയും കുടുംബശ്രീ, അയൽക്കൂട്ടം പ്രതിനിധികളുടെയും പ്രത്യേകം ഫോക്കസ് ഗ്രൂപ്പുകൾ ചേർന്നാണ് വാർഡ് ഡിവിഷൻ തലങ്ങളിൽ ആദ്യഘട്ട പട്ടിക തയ്യാറാക്കുക.
പഞ്ചായത്ത് വാർഡുകളിൽ രണ്ട് വിഭാഗങ്ങളിലായി ഓരോ ഫോക്കസ് ഗ്രൂപ്പും നഗരസഭാ വാർഡുകൾ, കോർപറേഷൻ ഡിവിഷനുകൾ എന്നിവയിൽ ജനസംഖ്യാനുപാതികമായി രണ്ടോ അതിലധികമോ ഫോക്കസ് ഗ്രൂപ്പുണ്ടാക്കും. ഓരോ ഗ്രൂപ്പിലും ഇരുപതോളം പ്രതിനിധികളുണ്ടാകും. ഇതുപ്രകാരം തദ്ദേശ സ്ഥാപന വാർഡുകളിലായി 65,000ൽ ഏറെ പേർ അതിദരിദ്രരുടെ ആദ്യഘട്ട പട്ടിക തയ്യാറാക്കുന്നതിനായി ഒത്തുചേരും. വാർഡ് ജനപ്രതിനിധികൾ, പഞ്ചായത്ത് തല ഉദ്യോഗസ്ഥർ, നേരത്തെ പരിശീലനം പൂർത്തിയാക്കിയ എന്യൂമറേറ്റർമാർ എന്നിവരുടെ നേതൃത്തിലായിരിക്കും യോഗം. ഇതുമായി ബന്ധപ്പെട്ട് നേരത്തേ സർക്കാർ തയ്യാറാക്കിയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ യോഗം പ്രദേശത്തെ അതിദരിദ്രരെ കണ്ടെത്തും. നവംബർ 26ന് വാർഡ് തല സമിതികൾ ചേർന്ന് ആദ്യ പട്ടിക തയ്യാറാക്കും. ഫോക്കസ് ഗ്രൂപ്പുകൾ തയ്യാറാക്കുന്ന പ്രാഥമിക പട്ടിക ചേർത്ത് ഫീൽഡ് തലത്തിൽ വിവര ശേഖരണം നടത്താനാവശ്യമായ അന്തിമ പട്ടിക നവംബർ 29ന് വാർഡ് ഡിവിഷൻ തലത്തിൽ തയ്യാറാക്കും. തദ്ദേശ സ്ഥാപനതല നോഡൽ ഓഫീസർ പരിശോധിച്ച ശേഷം ഇതിനായി തയ്യാറാക്കിയ മാനേജ്‌മെന്റ് ഇൻഫർമേഷൻ സിസ്റ്റം (എം.ഐ.എസ്) പോർട്ടലിൽ എന്യൂമറേറ്റർമാർ പട്ടിക അപ്‌ലോഡ് ചെയ്യും.

Advertisement
Advertisement