ആറാട്ട് കടവ് ഊരുകൂട്ടത്തിന് ഇനി ആനപ്പേടി വേണ്ട: പുനരധിവാസത്തിന് ഭൂമിയായി

Wednesday 24 November 2021 10:56 PM IST
പുളിങ്ങോം ആറാട്ട് കടവ് ഊരുകൂട്ടം നിവാസികൾക്ക് സർക്കാർ അനുവദിച്ച ഭൂമിയുടെ പട്ടയം ടി.ഐ. മധുസൂദനൻ എം.എൽ.എ. വിതരണം ചെയ്യുന്നു

പയ്യന്നൂർ : കാട്ടാനകളെയും പ്രകൃതി ദുരന്തങ്ങളെയും ഭയപ്പെടാതെ പുളിങ്ങോം ആറാട്ടുകടവ് ഊരുകൂട്ടം നിവാസികൾക്ക് ഇനി ധൈര്യമായി അന്തിയുറങ്ങാം.പുനരധിവാസം എന്ന വർഷങ്ങളായുള്ള ഇവരുടെ ആവശ്യം കഴിഞ്ഞ ദിവസം സഫലമായി.

പ്രകൃതി ദുരന്തങ്ങളോടും കാട്ടാന അടക്കമുള്ള വന്യമൃഗങ്ങളോടും മല്ലിട്ടാണ് ആറാട്ട് കടവ് നിവാസികൾ ഇത്രയും കാലം ജീവിതം മുന്നോട്ട് കൊണ്ടുപോയത്. ടി.ഐ. മധുസൂദനൻ എം.എൽ.എ.യുടെയും മുൻ എം.എൽ . എ. സി.കൃഷ്ണന്റെയും നിരന്തര പ്രയത്നഫലമായി പതിനൊന്ന് കുടുംബങ്ങൾക്ക് പെരിങ്ങോം ഐ.ടി.ഐ.ക്ക് സമീപം പത്ത് സെന്റ് ഭൂമി വീതം സർക്കാർ അനുവദിച്ച് നൽകുകയായിരുന്നു. അനുവദിച്ച ഭൂമി അളന്നു നൽകുകയും മുഴുവൻ കുടുംബങ്ങൾക്കും പട്ടയം നൽകുകയും ചെയ്തു.

പെരിങ്ങോം-വയക്കര പഞ്ചായത്ത്‌ ഹാളിൽ നടന്ന ചടങ്ങിൽ ടി .ഐ . മധുസൂദനൻ എം.എൽ.എ . പട്ടയങ്ങൾ വിതരണം ചെയ്തു. പഞ്ചായത്ത്‌ പ്രസിഡന്റ് വി. എം. ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ എസ് ചന്ദ്രശേഖർ, തളിപ്പറമ്പ് ആർ.ഡി.ഒ. ഇ. പി. മേഴ്‌സി, തഹസിൽദാർ കെ.ബാലഗോപാലൻ, മുൻ എം.എൽ.എ .സി .കൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്

പി. വി. വത്സല, പഞ്ചായത്ത്‌ പ്രസിഡന്റുമാരായ കെ .എഫ് . അലക്‌സാണ്ടർ,ടി .ആർ .രാമചന്ദ്രൻ, എം. വി. സുനിൽകുമാർ, ജില്ലാ പഞ്ചായത്തംഗം ടി .തമ്പാൻ, രജനി മോഹൻ, സിബി എം തോമസ്,പി. വി. തമ്പാൻ, എം .രാമകൃഷ്ണൻ, ഇബ്രാഹിം പൂമംഗലത്ത് തുടങ്ങിയവർ സംസാരിച്ചു.

Advertisement
Advertisement