ലോകത്താദ്യമായി ഒഴുകും നഗരം, പോകാം ദക്ഷിണകൊറിയയിലേക്ക്..

Thursday 25 November 2021 12:16 AM IST

സോൾ : ലോകത്തിന് എന്നും അത്ഭുതങ്ങൾ കാത്തുവയ്ക്കാറുള്ള ദക്ഷിണകൊറിയ, വീണ്ടും അതിനായി തയ്യാറെടുക്കുന്നു. ലോകത്തിലെ ആദ്യത്തെ ഒഴുകുന്ന നഗരം ദക്ഷിണകൊറിയയിൽ യാഥാർത്ഥ്യമാകുന്നുവെന്ന് റിപ്പോർട്ട്.ദക്ഷിണ കൊറിയയുടെ തീരദേശ നഗരരമായ ബൂസാനോട് ചേർന്നായിരിക്കും ഇത് നിർമിക്കുകയെന്നാണ് വിവരം. ഇതിന്റെ പ്രാരംഭഘട്ട നടപടികൾ ആരംഭിച്ചു കഴിഞ്ഞു. ഈ നഗരം നിർമ്മിക്കാനായി ഏകദേശം 200 മില്ല്യൺ ഡോളറിന്റെ ചെലവാണ് പ്രതീക്ഷിക്കുന്നത്.

യു.എൻ. ഹാബിറ്റാറ്റിന്റെ ന്യൂ അർബൻ അജൻഡയും ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓഷ്യാനിക്സും ചേർന്നാണ് ഈ ഒഴുകുന്ന സുസ്ഥിര നഗരപദ്ധതി തയ്യാറാക്കുന്നത്. 2025 ആകുമ്പോഴേക്കും പദ്ധതി പൂർത്തിയാകുമെന്നാണ് കരുതുന്നത്. 75 ഹെക്ടറിലായി വ്യാപിച്ച് കിടക്കുന്ന ഈ പദ്ധതിയിൽ 10,000 കുടുംബങ്ങൾക്ക് ഭവന സൗകര്യവും ഒരുക്കും.

നിർമാണപ്രവർത്തനങ്ങൾക്കുള്ള നടപടികൾ പുരോഗമിക്കുമ്പോഴും ഇവിടെ താമസിക്കുന്നതിനു വേണ്ട ചെലവ്, നഗരത്തിന്റെ കാലാവധി, ആരൊക്കെയായിരിക്കും താമസക്കാർ എന്നിവ സംബന്ധിച്ച കാര്യങ്ങളിൽ തീരുമാനമായിട്ടില്ല.പദ്ധതിക്കായി ബൂസാൻ മെട്രോപോളിറ്റൻ സിറ്റി അനുമതി നൽകി കഴിഞ്ഞു. എല്ലാതരത്തിലുമുള്ള പ്രകൃതിദുരന്തങ്ങളെയും അതിജീവിക്കാൻ കഴിയുന്ന തരത്തിലായിരിക്കും കെട്ടിടങ്ങളുടെ നിർമാണം. സമുദ്രത്തിന്റെ അടിത്തട്ടിൽ നങ്കൂരമിട്ടായിരിക്കും നഗരത്തിലെ ഓരോ വീടുകളും പണിയുക. നഗരത്തിന്റെ ആകെ വലുപ്പം സംബന്ധിച്ച് തീരുമാനമായിങ്കെിലും ഇവിടുത്തെ കെട്ടിടങ്ങൾക്കു ഏഴുനിലയിൽകൂടുതൽ ഉയരമുണ്ടാകില്ല. കാറ്റിനെ ചെറുക്കുന്നത് കണക്കിലെടുത്താണിത്. താമസം തുടങ്ങി ആദ്യനാളുകളിൽ പച്ചക്കറികളായിരിക്കും ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്തുക.

മത്സ്യങ്ങൾ ഉത്പാദിപ്പിക്കുന്ന മാലിന്യങ്ങളായിരിക്കും വളമായി ഉപയോഗിക്കുക. മണ്ണില്ലാതെ ചെടികൾ വളർത്തുന്ന രീതിയായ എയറോപോണിക്സും ബാക്ടീരിയകളുപയോഗിച്ച് ചെടികൾ വളർത്തുന്ന രീതിയായ അക്വാപോണിക്സ് കൃഷിരീതിയുമാകും നഗരത്തിൽ നടപ്പിലാക്കുക. കാലാവസ്ഥാ വ്യതിയാനം രൂക്ഷമായ സാഹചര്യത്തിൽ ഹെക്ടർ കണക്കിന് സമുദ്രപ്രദേശം ഉപയോഗിച്ച് നഗരം നിർമിക്കുന്നതിനെതിരെ ലോകത്തിന്റെ പലഭാഗങ്ങളിൽനിന്ന് വിമർശനം ഉയരുന്നുണ്ടെങ്കിലും പദ്ധതിയുമായി മുന്നോട്ട് പോകാനാണ് ദക്ഷിണ കൊറിയയുടെ തീരുമാനം.