യൂറോപ്പിൽ 7 ലക്ഷം പേർ കൂടി കൊവിഡ് ബാധിച്ച് മരിക്കും : ഡബ്ല്യു.എച്ച്.ഒ

Thursday 25 November 2021 1:21 AM IST

ലണ്ടൻ : യൂറോപ്പിൽ കൊവിഡ് വ്യാപനം അതിഗുരുതരമായ ഘട്ടത്തിലൂടെ കടന്നു പോകുകയാണെന്നും അടുത്ത മാസങ്ങളിലായി ഏഴുലക്ഷം പേർ കൂടി കൊവിഡ് ബാധിച്ച് മരിക്കാനിടയുണ്ടെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. അങ്ങനെ യൂറോപ്പിലെ ആകെ മരണസംഖ്യ 22 ലക്ഷത്തിലെത്തുമെന്നും ഡബ്ല്യു.എച്ച്.ഒ ആശങ്ക അറിയിച്ചു. സെപ്റ്റംബറിൽ 2100 ആയിരുന്ന പ്രതിദിന കൊവിഡ് മരണം കഴിഞ്ഞയാഴ്ചയോടെ 4200ലേക്ക് ഉയർന്നിട്ടുണ്ടെന്നും കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ യൂറോപ്യൻ രാജ്യങ്ങൾ ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടതെന്നും ഡബ്ല്യു.എച്ച്.ഒ നിരീക്ഷിച്ചു. കൃത്യമായ വാക്സിനേഷൻ, സാമൂഹ്യ അകലം, മാസ്‌ക്, സാനിറ്റൈസർ എന്നിവ ഉൾപ്പെടുന്ന ഒരു 'വാക്സിൻ പ്ലസ്' സമീപനത്തിനാണ് കൊവിഡിനെ നേരിടാൻ ആവശ്യമെന്നും ഡബ്ല്യു.എച്ച്.ഒ യൂറോപ്പ് റീജിയണൽ ഡയറക്ടർ ഹാൻസ് ക്ലൂഗെ പറഞ്ഞു.

മാസ്‌ക് ഉപയോഗം കൊവിഡ് വ്യാപന തോത് 53 ശതമാനം കുറക്കുന്നതായാണ് പഠനങ്ങൾ തെളിയിക്കുന്നത്. മാസ്‌ക് ഉപയോഗം 95 ശതമാനമെത്തിയാൽ മാർച്ച് ഒന്നോടെ 160,000 കോവിഡ് മരണങ്ങൾ ഒഴിവാക്കാമെന്നാണ് ലോകാരോഗ്യ സംഘടനയുടെ നിരീക്ഷണം. വാക്സിനേഷൻ കൃത്യമായി നടക്കാത്തത് അപകടസാദ്ധ്യത ഉയർത്തുന്നുവെന്ന് ഡബ്ല്യൂ.എച്ച്.ഒ വ്യക്തമാക്കുന്നു.

അതേ സമയം ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കൊവിഡ് പ്രതിരോധ വാക്സിന്റെ ഫലപ്രാപ്തി ഡെൽറ്റ വകഭേദത്തിന്റെ കാലയളവിൽ 50 ശതമാനമായിരുന്നതായി പഠന റിപ്പോർട്ട് പുറത്തു വന്നു. രാജ്യാന്തര പ്രസിദ്ധീകരണമായ ലാൻസെറ്റിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പ്രതിപാദിക്കുന്നത്. ഈ മാസം ആദ്യം പുറത്തുവിട്ട ലാൻസെറ്റിന്റെ ഇടക്കാല റിപ്പോർട്ടിൽ കൊവാക്സിന് 77.08 ശതമാനം ഫലപ്രാപ്തിയുണ്ടെന്നായിരുന്നു പറഞ്ഞിരുന്നത്. അതേ സമയം ജനുവരി 16 ന് എയിംസിലെ 23,000 ജീവനക്കാർക്ക് കൊവാക്സിൻ നൽകിയിരുന്നു. ഇതിൽ 2,714 പേരിൽ നടത്തിയ പഠനമാണ് ലാൻസെറ്റിൽ പ്രസിദ്ധീകരിച്ചത്. വാക്സിൻ സ്വീകരിച്ച ശേഷം 1,617 പേർക്ക് രോഗം സ്ഥിരീകരിച്ചു. അക്കാലത്ത് ഡെൽറ്റ വകഭേദത്തിന്റെ വ്യാപനവും രണ്ടാം തരംഗ സമയത്തെ വൈറസിന്റെ തീവ്ര വ്യാപനവുമാകാം വാക്സിന്റെ ഫലപ്രാപ്തി കുറയാൻ കാരണമെന്നും ഈ പഠനത്തിൽ സൂചിപ്പിക്കുന്നു.

Advertisement
Advertisement