ചുവപ്പ് നാടയിൽ കുരുങ്ങി ആക്കുളം പുനരുജ്ജീവനം

Thursday 25 November 2021 3:00 AM IST

 പദ്ധതിക്കായി 32 കോടി അധികം വേണമെന്ന് കമ്പനി

തിരുവനന്തപുരം: പായലും കുളവാഴയും നിറഞ്ഞ് നാശത്തിന്റെ വക്കിലായ ആക്കുളം കായലിന്റെയും കണ്ണമ്മൂല മുതലുള്ള കൈത്തോടുകളുടെയും സംരക്ഷണത്തിനായി ടൂറിസം വകുപ്പ് ആവിഷ്‌കരിച്ച പദ്ധതി ചുവപ്പ് നാടയിൽ കുരുങ്ങി. കിഫ്ബിയിൽ നിന്ന് 64.13കോടി ചെലവിടുന്ന ബൃഹദ് പദ്ധതിക്ക് കൂടുതൽ തുക കരാറെടുത്ത കമ്പനി ആവശ്യപ്പെട്ടതോടെയാണിത്.

കഴിഞ്ഞ 10 വർഷത്തിനിടെ ആക്കുളം നവീകരണത്തിനായി ആവിഷ്കരിച്ച രണ്ടാമത്തെ വലിയ പദ്ധതിയാണിത്. നേരത്തെ ആക്കുളം കായലിൽ ഡ്രെഡ്‌ജിംഗിന് 17 കോടിയുടെ പദ്ധതി ആവിഷ്‌കരിച്ചിരുന്നെങ്കിലും തുടങ്ങാനായിരുന്നില്ല. മാത്രമല്ല,​ ക്രമക്കേടുകളെ തുടർന്ന് അത് വിജിലൻസ് അന്വേഷണത്തിലാണ് അവസാനിച്ചത്.

 കുരുക്ക് ഇങ്ങനെ

പദ്ധതിക്കായി 125 കോടി വേണമെന്നായിരുന്നു നടത്തിപ്പുകാരായ ഹൈദരാബാദ് ആസ്ഥാനമായ കമ്പനിയുടെ ആവശ്യം. എന്നാൽ കിഫ്ബി 64.13 കോടി മാത്രമേ അനുവദിച്ചുള്ളൂ. കമ്പനി പ്രതിനിധികൾ വീണ്ടും വിലപേശി 96 കോടിക്ക് സമ്മതിച്ചു. അടുത്ത അഞ്ച് വർഷത്തേക്കുള്ള കായലിന്റെ പരിപാലനച്ചുമതലയും പദ്ധതി നടത്തിപ്പുകാർക്കായതിനാലാണ് തുക കൂടുതൽ ആവശ്യപ്പെടുന്നത്. യഥാർത്ഥ തുകയെക്കാൾ 10 ശതമാനം കൂടുതലായതിനാൽ മന്ത്രിസഭയുടെ അംഗീകാരമില്ലാതെ ഭരണാനുമതി നൽകാനാവില്ലെന്നാണ് കിഫ്ബിയുടെ നിലപാട്. ഫയൽ ഇതുവരെ മന്ത്രിസഭ ചർച്ച ചെയ്‌തിട്ടില്ല. മന്ത്രിസഭ അംഗീകരിക്കാതിരുന്നാൽ പദ്ധതി ഉപേക്ഷിക്കേണ്ടിവരും.

 രൂപരേഖ ബാർട്ടൺ ഹില്ലിന്റേത്

ബാർട്ടൺഹിൽ എൻജിനിയറിംഗ് കോളേജിലെ ട്രാൻസ്‌ലേഷണൽ റിസർച്ച് ആൻഡ് പ്രൊഫഷണൽ ലീഡർഷിപ്പ് സെന്ററാണ് (ടി.പി.എൽ.സി)​ പദ്ധതിയുടെ രൂപരേഖ തയ്യാറാക്കിയത്. മാലിന്യങ്ങളും പായലും നീക്കി തെളിഞ്ഞ ജലമാക്കി മാറ്റുന്നതിന് മുൻഗണന നൽകുന്നതാണ് പദ്ധതി. കായലിലേക്കുള്ള തോടുകളായ ഉള്ളൂർ,പട്ടം,പഴവങ്ങാടി, മെഡിക്കൽ കോളേജ് എന്നിവയുടെ നിശ്ചിതദൂരത്തിന്റെ നവീകരണവും ഉൾപ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര ജലവിഭവ മന്ത്രാലയത്തിന് കീഴിലുള്ള വാപ്‌കോസിനെയാണ് പദ്ധതിയുടെ പ്രത്യേക ഉദ്ദേശ്യ കമ്പനിയായി (സ്‌പെഷ്യൽ പർപ്പസ് വെഹിക്കിൾ)​ തിരഞ്ഞെടുത്തിരിക്കുന്നത്.

 കൈയേറ്റം വ്യാപകം

ഉള്ളൂർ,പട്ടം,പഴവങ്ങാടി, മെഡിക്കൽ കോളേജ്, തെറ്റിയാർ എന്നിവ ചേരുന്ന ആക്കുളം കായൽ 210 ഏക്കറിലായാണ് കിടക്കുന്നത്. കായലിന്റെ 50 ശതമാനത്തോളം കൈയേറിയ നിലയിലാണ്. ഇതൊഴിച്ചാൽ കായൽപ്രദേശം 31.06 സെന്റായി ചുരുങ്ങിയിട്ടുണ്ട്.

പദ്ധതി ഒറ്റനോട്ടത്തിൽ

 മാലിന്യങ്ങളും പായലും നീക്കി തെളിഞ്ഞ ജലമാക്കി മാറ്റുക

 ആക്കുളം പാലത്തിന് കീഴിലുള്ള ബണ്ട് മാറ്റൽ

 ബോട്ടിംഗ് ചാനലിന്റെ ആഴം കൂട്ടുക

 ടൂറിസ്റ്റ് വില്ലേജിൽ ആംഫി തിയേറ്റർ, മാലിന്യ സംസ്‌കരണ സംവിധാനം,

കുന്നിൻമുകളിൽ സഞ്ചാരികൾക്കായുള്ള ഇരിപ്പിടം

 റസ്റ്റോറന്റ് ബ്ലോക്കിന് അനുബന്ധമായി 12ഡി

തിയേറ്റർ, മ്യൂസിക്കൽ ഫൗണ്ടൻ

 ബാംബൂ ബ്രിഡ്‌ജ്  ഗ്രീൻ ബ്രിഡ്‌ജ്

 പരിസ്ഥിതി മതിലുകൾ  ഇടനാഴികൾ

 സൈക്കിൾ ട്രാക്ക്  കല്ലുകൾ പാകിയ നടപ്പാതകൾ

പദ്ധതി മന്ത്രിസഭ അംഗീകരിക്കുമെന്നാണ് പ്രതീക്ഷ, ഇല്ലെങ്കിൽ

ആക്കുളം കായൽ പുനരുജ്ജീവനം അവതാളത്തിലാകും

കടകംപള്ളി സുരേന്ദ്രൻ, എം.എൽ.എ

Advertisement
Advertisement