ഡ്രൈവറില്ലാ ട്രെയിൻ സർവീസുമായി വീണ്ടും ഡൽഹി മെട്രോ; ഒരു വർഷത്തിനുള്ളിൽ രണ്ടാമത്തെ നേട്ടം

Thursday 25 November 2021 1:12 PM IST

ന്യൂഡൽഹി: ഡൽഹി മെട്രോയിൽ രണ്ടാമത്തെ ഡ്രൈവറില്ലാത്ത ട്രെയിൻ സർവീസ് ആരംഭിച്ചു. ഇന്ന് രാവിലെ കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരിയും ഡൽഹി ഗതാഗത മന്ത്രി കൈലാഷ് ഗഹ്‌ലോട്ടും ചേർന്നാണ് സർവീസ് ഫ്‌ളാഗ് ഒഫ് ചെയ്‌തത്. 'ഡ്രൈവറില്ലാ പ്രവർത്തനത്തിന് കീഴിലുള്ള 97 കിലോമീറ്റർ ദൈർഘ്യമുള്ള ഡൽഹി മെട്രോ, ഇപ്പോൾ ആഗോളതലത്തിൽ ഈ വിഭാഗത്തിലെ നാലാമത്തെ സേവന ദാതാവാണ്. ക്വാലലംപൂരിന് തൊട്ടുപിന്നിലാണ് ഡൽഹിയുടെ സ്ഥാനം. ഒരു വർഷത്തിനുള്ളിൽ, രണ്ടാമത്തെ ഡ്രൈവറില്ലാ ട്രെയിൻ ഓപ്പറേഷൻ ആരംഭിക്കാൻ കഴിഞ്ഞു. ഡൽഹി മെട്രോയെ ലോകത്തിലെ ഏറ്റവും മികച്ച മെട്രോയുമായി താരതമ്യപ്പെടുത്താം.' പുരി പറഞ്ഞു. മജ്‌ലിസ് പാർക്ക് മുതൽ ശിവ് വിഹാർ വരെയാണ് പിങ്ക് മെട്രോ പാത.

ഡി എം ആർ സിയുടെ കൺട്രോൾ റൂമിലിരുന്ന് വണ്ടി നിയന്ത്രിക്കുന്ന തരത്തിലാണ് ഡ്രൈവറില്ലാ വണ്ടിയുടെ പ്രവർത്തനം. പൂർണമായും സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയാണ് ഈ വണ്ടി പ്രവർ‌ത്തിക്കുന്നത്.

2021 പകുതിയോടെ പിങ്ക് ലൈനിൽ ഡ്രൈവറില്ലാ ട്രെയിനുകൾ ആരംഭിക്കുമെന്ന് ഡിഎംആർസി അധികൃതർ കഴിഞ്ഞ വർഷം പറഞ്ഞിരുന്നു. കൊവിഡ് പ്രതിസന്ധിയെ തുടർന്നാണ് സർവീസ് വൈകിയത്. കഴിഞ്ഞ വർഷം ഡിസംബർ 28 നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മജന്ത ലൈനിൽ രാജ്യത്തെ ആദ്യത്തെ ഡ്രൈവറില്ലാ ട്രെയിൻ പുറത്തിറക്കിയത്. അന്ന് എയർപോർട്ട് എക്‌സ്‌പ്രസ് ലൈനിൽ നാഷണൽ കോമൺ മൊബിലിറ്റി കാർഡ് പുറത്തിറക്കുകയും ചെയ്‌തിരുന്നു. 2025ഓടെ 25 നഗരങ്ങളിലേക്ക് മെട്രോ സർവീസുകൾ വ്യാപിപ്പിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. നിലവിൽ 18 നഗരങ്ങളിലാണ് മെട്രോ ഓടുന്നത്.