പനച്ചമൂട് അന്താരാഷ്ട്ര മാർക്കറ്റ്: ഇനി കാര്യങ്ങൾ പൊളിയാണ്...

Friday 26 November 2021 12:00 AM IST

വെള്ളറട: മലയോരമേഖലയിലെ പ്രധാന മലഞ്ചരക്ക് വ്യാപാര കേന്ദ്രമായ പനച്ചമൂട് ചന്ത അന്താരാഷ്ട്ര നിലവാരമുള്ള ഹൈടെക് മാർക്കറ്റായി മുഖം മിനുക്കുന്നു. 20 കോടി രൂപ ചെലവിൽ മാർക്കറ്റ് നവീകരിക്കുന്നതിനുള്ള മാസ്റ്റർ പ്ളാൻ സർക്കാരിന് സമർപ്പിച്ചു. ആദ്യഘട്ട നിർമ്മാണ പ്രവർത്തനങ്ങൾക്ക് സർക്കാർ അഞ്ചുകോടി രൂപ അനുവദിക്കുകയും ചെയ്തു. കിഫ്ബിയുടെ ധനസഹായത്തോടുകൂടിയാണ് പദ്ധതി നടപ്പാക്കുന്നത്.

ജില്ലയിലെ തന്നെ പ്രധാന മലഞ്ചരക്ക് വ്യാപാര കേന്ദ്രങ്ങളിൽ ഒന്നാണ് പനച്ചമൂട് മാർക്കറ്റ്. തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ഇവിടെയാണ് കന്യാകുമാരി ജില്ലയിൽ നിന്നുള്ള കർഷകരും അമ്പൂരി, വെള്ളറട, ഒറ്റശേഖരമംഗലം, ആര്യങ്കോട്, കുന്നത്തുകാൽ എന്നിവിടങ്ങളിൽ നിന്നുള്ളവരും തങ്ങളുടെ നാണ്യവിളകൾ വിറ്റഴിക്കാൻ എത്തുന്നത്. ബുധനും ശനിയും പ്രധാന ചന്തയും ചൊവ്വയും വെള്ളിയും കുലച്ചന്തയും ഞായറാഴ്ച കന്നുകാലിച്ചന്തയുമാണ് ഇവിടെ നടക്കുന്നത്. ചന്ത ഹൈടെക് ആകുന്നതോടെ പനച്ചമൂടിന്റെ വ്യാപാരമേഖല കൂടുതൽ അഭിവൃദ്ധി പ്രാപിക്കുമെന്നാണ് ജനങ്ങൾ കരുതുന്നത്.

വിദേശ മാർക്കറ്റുകളോട് കിടപിടിക്കും

വിദേശരാജ്യങ്ങളിലെ മാർക്കറ്റുകൾക്ക് സമാനമായ രീതിയിലായിരിക്കും പനച്ചമൂട് മാർക്കറ്റിന്റെ നവീകരണം. തീരദേശ വികസന കോർപ്പറേഷനാണ് നിർമ്മാണ ചുമതല. ഒരേക്കറോളം വരുന്ന ചന്തയിൽ ആദ്യ ഘട്ടത്തിൽ എസ്കലേറ്റർ സംവിധാനമുള്ള രണ്ടുനില കെട്ടിടം നിർമ്മിക്കും. മുകളിലത്തെ നിലയിൽ മത്സ്യം മാംസം, പച്ചക്കറി, മറ്റ് ഉത്പന്നങ്ങൾ എന്നിവയുടെ വിപണനത്തിനായി വെവ്വേറെ യൂണിറ്റുകൾ ക്രമീകരിക്കും. ഇവ കേടുകൂടാതെ സൂക്ഷിക്കാൻ ശീതീകരണ സംവിധാനവും ഒരുക്കും.

മാലിന്യ സംസ്കരണവും ഹൈടെക് ആകും

സമ്പൂർണ ശുചിത്വ പരിപാലനത്തിനായി മാലിന്യ സംസ്കാരണ യൂണിറ്റും മുകളിലെ നിലയിൽ നിർമ്മിക്കും. മലിനജലം ഒഴുകിപോകുന്നതിന് ആധുനിക രീതിയിലുള്ള സംവിധാനങ്ങളും ആവിഷ്കരിക്കും. വൈദ്യുതീകരണത്തിന് നിലവാരമുള്ള സോളാർ പാനലുകൾ സ്ഥാപിക്കും. താഴത്തെ നിലയിൽ പ്രത്യേക സ്ഥലം കണ്ടെത്തി വാഹന പാർക്കിംഗിനുള്ള സൗകര്യം ഒരുക്കും. ഇവിടെത്തന്നെ ലഘുഭക്ഷണ ശാലകൾ തുടങ്ങുന്നതിനും നടപടി സ്വീകരിക്കും.

"പനച്ചമൂട് പബ്ളിക് മാർക്കറ്റ് അന്താരാഷ്ട്ര നിലവാരമുള്ള ഹൈടെക് മാർക്കറ്റാക്കി മാറ്റാനുള്ള നീണ്ടകാലത്തെ ശ്രമമാണ് ഇപ്പോൾ യാഥാർത്ഥ്യമായത്. മാർക്കറ്റ് വികസിക്കുന്നതോടെ മലയോര പട്ടണവും വികസിക്കും."

സി.കെ. ഹരീന്ദ്രൻ,

എം.എൽ.എ