ഒട്ടും സ്നേഹമില്ല സ്നേഹതീരത്തോട്

Friday 26 November 2021 12:48 AM IST

പാറമ്പുഴ : പേരിൽ മാത്രമേയുള്ളൂ സ്നേഹം. സ്നേഹം തീരം പാർക്കിനെ അവഗണിക്കുകയാണ് അധികൃതർ. വിജയപുരം പഞ്ചായത്തിലെ 2-ാം വാർഡിൽ മീനച്ചിലാറ്റിന്റെ തീരത്തുള്ള പാർക്ക് നാശത്തിന്റെ വക്കിലാണ്. ചെളിവെള്ളവും കാടും നിറഞ്ഞ് ഇഴജന്തുക്കുളുടെ താവളമായ പാർക്കിലെ കളിയുപകരണങ്ങളും നാശത്തിന്റെ വക്കിലാണ്. മീനച്ചിലാറ്റിലെ കുളിരും തണുപ്പുമാണ് പാർക്കിന്റെ പ്രത്യേകത. കുട്ടികൾക്കും മുതിർന്നവർക്കും വിശ്രമവേളകൾ ആനന്ദകരമാക്കാൻ 2010 ലാണ് പാർക്ക് പൂർത്തിയാക്കിയത്. സ്നേഹതീരമെന്ന പേര് അന്വർത്ഥമാകുന്ന അന്തരീക്ഷമായിരുന്നു പാർക്കിലെങ്കിലും പരിപാലനം നടന്നതേയില്ല. മീനച്ചിൽ ആറിനോടു വളരെ ചേർന്നും റോഡിനെക്കാൾ ആറടിയോളം താഴ്ന്നുമാണ് പാർക്ക്.

കനത്തമഴയിൽ മുങ്ങും

രണ്ടുദിവസം തുടർച്ചയായി മഴ പെയ്താൽ വെള്ളം കയറും. ദിവസങ്ങളോളം വെള്ളം നിറഞ്ഞതോടെ ആളുകൾ വരാതായി. ചെറിയ കുട്ടികൾക്ക് കളിക്കാനുള്ള ഊഞ്ഞാലുകളും ആർക്കും ഉപയോഗപ്പെടാതെ നഷ്ടപ്പെടുകയാണ്. 2018ലെ മഹാപ്രളയത്തിൽ പാർക്ക് പൂർണ്ണമായും മുങ്ങി പോയതായും കാടുകയറി കിടക്കുന്നതിനാൽ ഇഴജന്തുക്കളുടെ ശല്യവുമുണ്ടെന്നും പ്രദേശവാസി സച്ചിൻ പറയുന്നു. ആറ്റിൽ നിന്ന് റോഡിന്റെ ഉയരത്തിലേക്ക് മണ്ണടിച്ചു കല്ലുകെട്ടി ഉയർത്തി പാർക്ക് ആധുനികവത്കരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പാർക്ക് സംരക്ഷിക്കാൻ വിജയപുരം പഞ്ചായത്ത് പുതിയ പദ്ധതി രൂപീകരിക്കുന്നുണ്ട്. ഇക്കാര്യം എം. എൽ.എയെ അറിയിച്ചിട്ടുണ്ട്. സ്‌നേഹതീരം സംരക്ഷണ സമിതി രൂപീകരിച്ച് മുന്നോട്ടു പോകും

മിഥുൻ.ജി. തോമസ്, വാർഡ് മെമ്പർ

Advertisement
Advertisement