ഓർമ്മകൾ പുതുക്കി സോനോവാളും ദേവർകോവിലും

Thursday 25 November 2021 11:49 PM IST

തിരുവനന്തപുരം: തുറമുഖ വകുപ്പ് ഏറ്റെടുത്തശേഷം ആദ്യമായി ഡൽഹിയിലെത്തിയ മന്ത്രി അഹമ്മദ് ദേവർകോവിലിനോട് കേന്ദ്ര തുറമുഖ, ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാളിന്റെ ചോദ്യം 'അഹമ്മദിന് എന്നെ ഓർമ്മയുണ്ടോ?. അഹമ്മദ് ദേവർ കോവിൽ അമ്പരന്നു. ഓർമ്മ വരുന്നില്ല. സോനോവാൾ തന്നെ 25 വർഷം മുമ്പുളള സംഭവം ഓർമ്മിപ്പിച്ചു. പഴയ ചങ്ങാതിയെ തിരിച്ചറിഞ്ഞ അഹമ്മദിന് സന്തോഷം.

1995ൽ ആൾ ആസാം സ്റ്റുഡന്റ്സ് യൂണിയന്റെ അദ്ധ്യക്ഷനായിരുന്നപ്പോഴാണ് സർബാനന്ദ സോനോവാൾ ഐ.എൻ.എൽ യുവജന സംഘടനയായ നാഷണൽ യൂത്ത് ലീഗിന്റെ സംസ്ഥാന സമ്മേളനത്തിൽ മുഖ്യാതിഥിയായി കേരളത്തിലെത്തിയത്. രണ്ട് സുഹൃത്തുക്കൾക്കൊപ്പം. അന്ന് സോനോവാളിനെ സ്വീകരിക്കാനും കോഴിക്കോട് മുഴുവൻ ചുറ്റിക്കറങ്ങാനും ദേവർകോവിൽ ഒപ്പമുണ്ടായിരുന്നു. കാലിക്കറ്റ് ടവറിൽ ഒരുമിച്ചായിരുന്നു താമസം. ടാഗോർ സെന്റിനറി ഹാളിലായിരുന്നു സമ്മേളനം.

അഞ്ച് ദിവസം കോഴിക്കോട് തങ്ങിയ സോനോവാളിനും സുഹൃത്തുക്കൾക്കും കാസിം ഇരിക്കൂർ, എ. വഹാബ്, അഹമ്മദ് ദേവർകോവിൽ എന്നിവരുടെ നേതൃത്വത്തിൽ കേരളീയ ഭക്ഷണമാണ് ഒരുക്കിയത്. സോനോവാളിന് രുചിച്ചത് കേരള സദ്യ. സമ്മേളനത്തിൽ സോനോവാളിന്റെ പ്രസംഗം കാസിം ഇരിക്കൂർ മലയാളത്തിലേക്ക് വിവർത്തനം ചെയ്‌തതും ദേവർകോവിൽ ഓർത്തു. ഇബ്രാഹീം സേട്ട് ഉൾപ്പെടെയുളളവരെ അസാമിലേക്ക് ക്ഷണിച്ചാണ് സോനോവാളും സംഘവും മടങ്ങിയത്. വിമാന ടിക്കറ്റിന്റെ പണം പോലും സോനോവാൾ വാങ്ങിയില്ല. പിന്നീട് ബി.ജെ.പിയിലേക്ക് ചേക്കേറിയ സോനോവാൾ അസാമിലെ ആദ്യ ബി.ജെ.പി മുഖ്യമന്ത്രിയായി.

അരമണിക്കൂർ നീണ്ട സംഭാഷണം

പത്ത് മിനിറ്റാണ് കൂടിക്കാഴ്‌ച നിശ്‌ചയിച്ചതെങ്കിലും അരമണിക്കൂറോളം നീണ്ടു. ന്യൂനപക്ഷ വിഷയങ്ങളിൽ ഇബ്രാഹീം സേട്ടിന്റെ ഇടപെടലുകൾ സോനോവാൾ ഓർത്തെടുത്തു. കേരളത്തിന്റെ വികസനത്തിന് എല്ലാ സഹായവും പഴയ സുഹൃത്തിന് ഉറപ്പ് നൽകി. വിഴിഞ്ഞം പദ്ധതി പൂർത്തിയാക്കാനുളള നടപടികൾ, സാഗർ മാലയിൽ ഉൾപ്പെടുത്തി വിഴിഞ്ഞത്ത് ഫുഡ് പാർക്ക്, ഫിഷിംഗ് ഹാർബർ നവീകരണം, കൊല്ലം, ബേപ്പൂർ, അഴീക്കൽ തുറമുഖങ്ങളുടെ നവീകരണം, ആലപ്പുഴ ഫ്ലോട്ട്ജെട്ടി എന്നീ കാര്യങ്ങളെല്ലാം അനുഭാവപൂർവം പരിഗണിക്കാമെന്ന് സോനോവാൾ ഉറപ്പ് നൽകി.

Advertisement
Advertisement