അധികാരത്തിൽ മണിക്കൂറുകൾ മാത്രം സ്വീഡന്റെ ആദ്യ വനിത പ്രധാനമന്ത്രി രാജി വച്ചു

Friday 26 November 2021 12:57 AM IST

സ്റ്റോക്ഹോം :സ്വീഡന്റെ ചരിത്രത്തിലെ ആദ്യത്തെ വനിത പ്രധാനമന്ത്രിയായ മഗ്ദലീന ആൻഡേഴ്സൺ അധികാരമേറ്റ് മണിക്കൂറുകൾക്കുള്ളിൽ രാജി വച്ചു. ഈ മാസമാദ്യം സോഷ്യൽ ഡെമോക്രാറ്റ് പാർട്ടിയുടെ തലപ്പത്തെത്തിയ 54കാരിയായ മഗ്ദലീന അധികാരത്തിലെത്തി മുഴുവൻ ചുമതല ഏറ്റെടുക്കുന്നതിന് മുൻപാണ് രാജി പ്രഖ്യാപിച്ചത്. പാർലമെന്റ് സഖ്യത്തിന്റെ ബജറ്റ് ബിൽ പരാജയപ്പെട്ടതോടെയാണ് ആൻഡേഴ്സൺ രാജിവെച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം. ധനകാര്യമന്ത്രിയായി പ്രവർത്തിക്കുന്നതിനിടെയായിരുന്നു പ്രധാനമന്ത്രിയായി ആൻഡേഴ്സൺ തിരഞ്ഞെടുക്കപ്പെട്ടത്. ബജറ്റ് ബില്ലിനോടുള്ള വിയോജിപ്പ് കാരണം സഖ്യകക്ഷിയായ ഗ്രീൻ പാർട്ടി സർക്കാരിനുള്ള പിന്തുണ പിൻവലിച്ചിരുന്നു. പാർലമെന്റിൽ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാൻ നടന്ന വോട്ടെടുപ്പിൽ 117 അംഗങ്ങളുടെ പിന്തുണയാണ് മഗ്ദലീനയ്ക്കുണ്ടായിരുന്നത്. 174 പേർ എതിർത്ത് വോട്ട് ചെയ്തു. എന്നാൽ സ്വീഡനിലെ ഭരണഘടനയനുസരിച്ച് പ്രധാനമന്ത്രി സ്ഥാനാർത്ഥിക്ക് പാർലമെന്റിെന്റ ഭൂരിപക്ഷം അംഗങ്ങളുടെ പിന്തുണ ആവശ്യമില്ല. ഇതോടെയാണ് 33 പുരുഷ സ്ഥാനാർത്ഥികളെ പിന്തള്ളി മഗ്ദലീന രാജ്യത്തെ ആദ്യ വനിതാ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്. പ്രധാനമന്ത്രി എന്ന നിലയിലുള്ള ചുമതലകളിൽ നിന്ന് ഒഴിവാക്കണമെന്ന് താൻ സ്പീക്കറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അവർ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. ഒരു ഒറ്റക്കക്ഷി സോഷ്യൽ ഡെമോക്രാറ്റ് പാർട്ടി സർക്കാരിൽ പ്രധാനമന്ത്രിയാകാനുള്ള ശ്രമം തുടരുമെന്നും മഗ്ദലീന അറിയിച്ചു.

Advertisement
Advertisement