യു.എൻ ഇസ്ലാമിനെ ശത്രുവായി കാണുന്നുവെന്ന് അൽ ക്വ ഇദ തലവൻ അൽ സവാഹിരി

Friday 26 November 2021 12:07 AM IST

ജനീവ : യു.എൻ പ്രവർത്തനങ്ങളെ നിശിതമായി വിമർശിച്ച് അൽ ക്വ ഇദ തലവൻ അൽ സവാഹിരിയുടെ പുതി വീഡിയോ പുറത്ത്. അൽ ക്വ ഇദ തങ്ങളുടെ ഔദ്യോഗിക പേജിലൂടെയാണ് വീഡിയോ പുറത്തു വിട്ടത്. ഇസ്ലാമിനെ ശത്രുവായി കാണുന്ന നയമാണ് യു.എൻ സ്വീകരിച്ചിട്ടുള്ളതെന്നും അതിനെതിരെ ലോകത്തുള്ള ഇസ്ലാമിക രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നല്കുകയെന്ന ലക്ഷ്യത്തോടെയുള്ളതാണ് സവാഹിരിയുടെ വീഡിയോയെന്നാണ് അൽ ക്വ ഇദ അറിയിച്ചിരിക്കുന്നത്. രണ്ടാം ലോകമഹായുദ്ധത്തിൽ വിജയം കണ്ട ലോകരാജ്യങ്ങൾ തങ്ങളുടെ പ്രത്യേക അജണ്ട മറ്റ് ലോകരാജ്യങ്ങളിൽ നടപ്പിലാക്കാനും അവരെ വരുതിയിലാക്കാനും രൂപം കൊടുത്ത സംഘടനയാണ് യു.എൻ എന്ന് സവാഹിരി വീഡിയോയിൽ പറയുന്നുണ്ട്. യു.എന്നിന്റെ നിലപാടുകളും തീരുമാനങ്ങളും ഇസ്ലാമിക രാജ്യങ്ങൾ തിരസ്കരിക്കണമെന്നും ശരിയ നിയമങ്ങൾക്കെതിരാണ് സംഘടനയുടെ പ്രവർത്തനമെന്നും സവാഹിരി ആരോപിക്കുന്നു. യു.എൻ രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളായ യു.എസ്,​ ഫ്രാൻസ്,​ചൈന,​ റഷ്യ,​ ബ്രിട്ടൻ എന്നീ രാജ്യങ്ങളെ രൂക്ഷമായി വിമർശിച്ച സവാഹിരി,​ ലോകത്തിലെ ഏറ്റവും വലിയ കുറ്റവാളികളാണ് ഈ രാജ്യങ്ങളെന്നും അവർ ചലിപ്പിക്കുന്ന വെറും പാവ സംഘടനയാണ് യു.എൻ എന്നും പറയുന്നു. അതേ സമയം വീഡിയോ എന്നാണ് റിക്കാഡ് ചെയ്തത് എന്ന കാര്യത്തിൽ സ്ഥിരീകരണം ലഭിച്ചിട്ടില്ല.

ഏറെ നാളുകളായി ഒളിവിൽ കഴിയുന്ന സവാഹിരി ,​ അസുഖബാധിതനായി മരിച്ചെന്ന് ലോക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും അടുത്തിടെ 2001 സെപ്തംബർ 11 ഭീകരാക്രമണത്തിന്റെ 20-ാം വാർഷികത്തോടനുബന്ധിച്ച് അൽ ക്വ ഇദ ഇയാളുടെ വീഡിയോ പുറത്തു വിട്ടിരുന്നു.

Advertisement
Advertisement