സ്ക്വിഡ് ഗെയിം വിതരണം ചെയ്തു ഉത്തരകൊറിയയിൽ ഒരാൾക്ക് വധശിക്ഷ

Friday 26 November 2021 12:21 AM IST

പ്യേംങ്യാംഗ്: ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ച് മുന്നേറുന്ന ദക്ഷിണകൊറിയൻ സീരീസായ സ്‌ക്വിഡ് ഗെയിമിന്റെ പകർപ്പ് രാജ്യത്ത് വിതരണം ചെയ്തതിന് ഉത്തര കൊറിയയിൽ ഒരാൾക്ക് വധശിക്ഷ. ചൈനയിൽനിന്ന് സ്‌ക്വിഡ് ഗെയിമിന്റെ പകർപ്പ് വാങ്ങി ഉത്തരകൊറിയയിൽ എത്തിച്ച വിതരണക്കാരനാണ് വധശിക്ഷ വിധിച്ചിരിക്കുന്നത്. ഇയാളെ വെടിവെച്ച് കൊലപ്പെടുത്തിയാകും ശിക്ഷ നടപ്പാക്കുകയെന്നാണ് റിപ്പോർട്ട്. ഇയാളിൽ നിന്നാണ് സീരിസിന്റെ പകർപ്പുകൾ യു.എസ്.ബി. ഡ്രൈവുകളിൽ വിദ്യാർത്ഥികൾക്ക് ലഭിച്ചത്.അനധികൃതമായി സ്‌ക്വിഡ് ഗെയിം സീരീസ് കണ്ടതിന് ഏഴ് വിദ്യാർത്ഥികളെ ജയിൽശിക്ഷയ്ക്കും വിധിച്ചു. ഒരു വിദ്യാർത്ഥിയെ ജീവപര്യന്തം തടവിനും ആറുപേരെ അഞ്ച് വർഷത്തെ തടവിനുമാണ് ശിക്ഷിച്ചത്. സംഭവത്തിൽ വീഴ്ച വരുത്തിയെന്ന് ആരോപിച്ച് സ്‌കൂളിലെ അധ്യാപകരെയും അഡ്മിനിസ്‌ട്രേറ്റർമാരെയും പുറത്താക്കിയ ശേഷം ഇവരെ അച്ചടക്ക നടപടിയുടെ ഭാഗമായി ഖനികളിൽ ജോലിക്കയച്ചു.

അതേ സമയം കൊവിഡ് വ്യാപനത്തെ തുടർന്ന് രാജ്യത്തിന്റെ അതിർത്തികൾ അടച്ചിട്ടിരിക്കുന്ന സാഹചര്യത്തിൽ എങ്ങനെയാണ് വിദേശരാജ്യത്തുനിന്ന് സ്‌ക്വിഡ് ഗെയിം സീരിസ് രാജ്യത്തെത്തിയത് എന്നതിനെ കുറിച്ച് സമഗ്രമായ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

യു.എസ്, ദക്ഷിണകൊറിയ തുടങ്ങിയ വിദേശരാജ്യങ്ങളിൽനിന്നുള്ള സിനിമകളും മറ്റും കാണുന്നതും കൈവശം വെയ്ക്കുന്നതും വിതരണം ചെയ്യുന്നതും ഉത്തരകൊറിയയിൽ കുറ്റകരമാണ്.

Advertisement
Advertisement