തട്ടിത്തടഞ്ഞ് നികുതി വെട്ടിപ്പ് അന്വേഷണം

Friday 26 November 2021 1:25 AM IST

തിരുവനന്തപുരം: ജനങ്ങളുടെ നികുതിപ്പണം നഗരസഭയുടെ അക്കൗണ്ടിലടയ്ക്കാതെ ജീവനക്കാർ തിരിമറി നടത്തിയ സംഭവത്തിൽ എങ്ങുമെത്താതെ പൊലീസ് അന്വേഷണം. പ്രതിഷേധം കനത്തതോടെ നാലുപേരെ അറസ്റ്റ് ചെയ്ത് മുഖം രക്ഷിച്ചെങ്കിലും തുടരന്വേഷണം പാളി. നഗരസഭയുടെ ആറ്റിപ്ര, ശ്രീകാര്യം, നേമം എന്നീ സോണലുകളിലാണ് ക്രമക്കേട് കണ്ടെത്തിയത്.

ആറ്റിപ്ര സോണൽ ഓഫീസിലെ ഓഫീസ് അറ്റൻഡന്റ് ജോർജ്ജ് കുട്ടി, ശ്രീകാര്യം സോണലിലെ ഓഫീസ് അറ്റൻഡന്റ് ബിജു, നേമം സോണലിലെ സൂപ്രണ്ട് ശാന്തി, കാഷ്യർ സുനിത എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ റിമാൻഡ് ചെയ്തെങ്കിലും പിന്നാലെ ജാമ്യം ലഭിച്ചു. തട്ടിപ്പിൽ ഇവരുടെ പങ്ക് വ്യക്തമാക്കുന്ന തെളിവുകൾ ഹാജരാക്കാൻ കഴിയാത്തതാണ് ജാമ്യം ലഭിക്കാൻ കാരണമെന്നാണ് ആക്ഷേപം. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് പൂർണമാക്കാൻ പോലും ഇതുവരെ സാധിച്ചിട്ടില്ല.

33 ലക്ഷം രൂപയുടെ വലിയ തട്ടിപ്പ് നടന്ന നേമം സോണലിലെ പ്രതികളായ ശാന്തിയുടെയും സുനിതയുടെയും ബാങ്ക് സ്റ്റേറ്റ്മെന്റുകൾ ഉൾപ്പെടെ പരിശോധിച്ചെങ്കിലും തട്ടിപ്പ് നടത്തിയ പണത്തിന്റെ വിനിയോഗം കണ്ടെത്താൻ സാധിച്ചില്ല. ശ്രീകാര്യം സോണലിൽ ഒരു ലക്ഷം രൂപയ്ക്കടുത്താണ് പ്രതിയായ ബിജു അടയ്ക്കാനുള്ളത്. പണം ചെലവാക്കിയ വിധം ബിജു പൊലീസിനോട് വെളിപ്പെടുത്തിയെങ്കിലും ഇയാളുടെ ബാങ്ക് സ്റ്രേറ്റ്മെന്റുകൾ പരിശോധിച്ചപ്പോഴും തെളിവെന്നും ലഭിച്ചില്ല. ആറ്റിപ്രയിലും ഇതേ രീതിയിലുള്ള അന്വേഷണമാണ് നടക്കുന്നത്.

പ്രത്യേകസംഘം വേണമെന്നാവശ്യം

അന്വേഷണം വഴിമുട്ടിയ സാഹചര്യത്തിൽ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കണമെന്ന ആവശ്യം ശക്തമാണ്. ലോക്കൽ പൊലീസിന് മറ്റു കേസുകളുടെ അന്വേഷണത്തിനിടെ ഈ കേസിൽ വേണ്ടത്ര ശ്രദ്ധ ചെലുത്താനാകുന്നില്ലെന്നാണ് ആക്ഷേപം. പട്ടികജാതി ഫണ്ട് തട്ടിപ്പ് അന്വേഷിക്കാൻ ക്രൈംബ്രാഞ്ച് സംഘത്തെ നിയോഗിച്ചത് കൊണ്ടാണ് പ്രതികളെ കണ്ടെത്താനായതെന്ന വിലയിരുത്തലിലാണ് നികുതി തട്ടിപ്പും പ്രത്യേകം സംഘത്തെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യമുയരുന്നത്.

തുക കൈപ്പറ്റാൻ ബാങ്ക് ജീവനക്കാരൻ നേരിട്ടെത്തും

നികുതിവെട്ടിപ്പിനെ തുടർന്ന് നടത്തിയ ക്രമീകരണത്തിന്റെ ഭാഗമായി സോണൽ ഓഫീസുകളിൽ നിന്ന് ഇനിമുതൽ പണം കൈപ്പറ്റുന്നത് ബാങ്ക് ജീവനക്കാർ നേരിട്ടാകും. ഇവർ ബാങ്കിൽ പണം അടയ്ക്കുന്ന രീതിയാണ് അവലംബിച്ചിട്ടുള്ളത്.

നിലവിൽ എസ്.ബി.ഐയിലാണ് നഗരസഭയ്ക്ക് അക്കൗണ്ടുള്ളത്. ബാങ്കിന്റെ ഉന്നത തലത്തിൽ നിന്നുള്ള അനുവാദം ലഭിച്ചാൽ അടുത്ത ആഴ്ചമുതൽ ഈ സംവിധാനം നിലവിൽ വരും. കൂടാതെ ഓരോ ദിവസവും എത്ര പണം ബാങ്കിൽ അടച്ചെന്ന വിവരം നഗരസഭാ കാര്യാലയത്തിൽ അന്നുതന്നെ ലഭിക്കുന്ന തരത്തിൽ സോഫ്റ്റ്‌വെയർ ക്രമീകരണവും നടപ്പാക്കിയിട്ടുണ്ട്.

Advertisement
Advertisement