ഏറെ നാൾ കഴിഞ്ഞാണ് മനസിലായത് വലിയ ഇലയിൽ പൊതിഞ്ഞത് സ്വന്തം അനുജനെയാണെന്ന്, 'പപ്പയുടെ സ്വന്തം അപ്പൂസിലെ' പാട്ട് പിറന്നത്  കുഞ്ഞനുജന്റെ ഓർമ്മയിൽ 

Friday 26 November 2021 7:40 AM IST

മലയാളികൾക്ക് ഓർമ്മയിൽ സൂക്ഷിക്കാൻ ഒരുപിടി നല്ല ഗാനങ്ങൾ രചിച്ച ബിച്ചുതിരുമല വിടവാങ്ങി.തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ വെള്ളിയാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്ന് അദ്ദേഹം ചികിത്സയിലായിരുന്നു. നാനൂറിലേറെ സിനിമകൾക്കായി ആയിരത്തിലേറേ ഗാനങ്ങൾ രചിച്ചിട്ടുള്ള ബിച്ചു തിരുമലയ്ക്ക് അദ്ദേഹത്തിന്റെ തൂലികയിൽ നിന്നും ജനഹൃദയങ്ങളിൽ ഇടം പിടിച്ച പപ്പയുടെ സ്വന്തം അപ്പൂസ് എന്ന ചിത്രത്തിലെ ഈ ഗാനം ഏറെ പ്രിയപ്പെട്ടതായിരുന്നു.

പ്രേക്ഷകരെ വല്ലാതെ വീർപ്പുമുട്ടിച്ച ഫാസിൽ ചിത്രമായിരുന്നു 'പപ്പയുടെ സ്വന്തം അപ്പൂസ്'. ജാനകിയമ്മയുടെ ശബ്ദത്തിൽ പുറത്തുവന്ന 'ഓലത്തുമ്പത്തിരുന്ന് ഊയലാടും ചെല്ല പൈങ്കിളി ' എന്ന ഗാനം ചിത്രത്തിന്റെ ഹൈലൈറ്റായിരുന്നു. ' എന്റെ ബാലഗോപാലനെ എണ്ണ തേപ്പിക്കുമ്പം പാടെടീ 'എന്ന അടുത്തവരി മഷിയിൽ കണ്ണീർ കലർത്തിയാണ് ബിച്ചുതിരുമല എഴുതിയത്. അറിവില്ലാ പൈതലായിരിക്കുമ്പോൾ വേർപെട്ടുപോയ കുഞ്ഞനുജന്റെ അവ്യക്തമായ ചിത്രമായിരുന്നു ആ ഗാനരചനയിൽ ഉടനീളം മനസിൽ. ബിച്ചുവിന് അന്ന് പ്രായം നാലുവയസ്. അനുജനെ എണ്ണ പുരട്ടി അമ്മ കുളിപ്പിക്കുന്നത് ഒരുപക്ഷേ മനസിൽ കയറികൂടിയിട്ടുണ്ടാവാം. ഒരു രാത്രി മുഴുവൻ അനുജൻ നിർത്താതെ കരച്ചിൽ. അമ്മ എത്ര ശ്രമിച്ചിട്ടും കരച്ചിൽ അടക്കാനാവുന്നില്ല. ഒടുവിൽ എപ്പോഴോ ആ കരച്ചിൽ നിലച്ചു. അടുത്ത ദിവസം രാവിലെ വീട്ടിലെ കാര്യസ്ഥൻ വന്ന് വലിയൊരു വാഴയില വെട്ടി തിണ്ണയിൽ ഇട്ടു. ആർക്ക് ചോറു വിളമ്പാനാണ് ഇത്രയും വലിയ ഇലയെന്നായിരുന്നു അപ്പോൾ തോന്നിയ സന്ദേഹം. ഏറെ നാൾ കഴിഞ്ഞാണ് മനസിലായത്, വലിയ ഇലയിൽ പൊതിഞ്ഞത് സ്വന്തം അനുജനെയാണെന്ന്. ഇന്നും ആ പാട്ട് നൊമ്പരമായാണ് മനസിൽ നിൽക്കുന്നത്. 'മുളയ്ക്കാത്ത വിത്ത് ' എന്ന കവിത പിന്നീട് എഴുതിയതും അനുജന്റെ വേർപാട് ആധാരമാക്കിയാണ്.