പത്ത് വർഷം മുൻപ് വീട് വിട്ടിറങ്ങിയ വീട്ടമ്മയെ ഒഡിഷയിൽ നിന്ന് കണ്ടെത്തി, പൊലീസിനെ സഹായിച്ചത് മൂന്ന് മാസം മുൻപ് വന്ന ഫോൺകാൾ

Friday 26 November 2021 10:07 AM IST

പോത്തൻകോട്: പത്തുവർഷങ്ങൾക്ക് മുമ്പ് വീട്ടിൽ നിന്ന് കാണാതായ മാനസികാസ്വാസ്ഥ്യമുള്ള വീട്ടമ്മയെ സന്നദ്ധ പ്രവർത്തകർ ഒഡിഷയിൽ നിന്ന് കണ്ടെത്തി നാട്ടിലെത്തിച്ചു. അയിരൂപ്പാറ കൊടിക്കുന്നിൽ സ്വദേശി ശാന്തയാണ് (60) നീണ്ടനാളുകൾക്ക് ശേഷം നാട്ടിലെത്തിയത്.

വർഷങ്ങൾക്കു മുമ്പ് ഭർത്താവ് ഉപേക്ഷിച്ചുപോയ ശാന്തയ്ക്ക് ഒരു മകൾ മാത്രമാണ് ഉണ്ടായിരുന്നത്. പന്ത്രണ്ട് വർഷങ്ങൾക്ക് മുമ്പ് മകൾ ട്രെയിനിൽ നിന്ന് വീണ് മരിച്ചതോടെയാണ് ഇവരുടെ മാനസികനില തീർത്തും തകരാറിലായത്. തുടർന്ന് 2011ൽ ഇവരെ കാണാതാവുകയായിരുന്നു. വീട്ടുകാരും ബന്ധുക്കളും പലസ്ഥലങ്ങളിലും അന്വേഷിച്ചെങ്കിലും കണ്ടെത്തായില്ല. സംഭവത്തിൽ അന്വേഷണം നടത്തിയ പോത്തൻകോട് പൊലീസിനും യാതൊരു വിവരവും ലഭിച്ചില്ല. 2012ൽ ശാന്തയെ കണ്ടെത്താനായില്ലെന്ന് കാട്ടി പൊലീസ് കോടതിയിൽ റിപ്പോർട്ടു നൽകുകയും ചെയ്തിരുന്നു.

എന്നാൽ വീട് വിട്ടിറങ്ങിയ ശാന്ത കറങ്ങിത്തിരിഞ്ഞെത്തിയത് ഒഡിഷയിലാണ്. അലഞ്ഞുതിരിഞ്ഞു നടന്ന ഇവരെ ആസിയ മിഷൻ എന്ന സന്നദ്ധ സംഘടന തെരുവിൽ നിന്ന് ഏറ്റെടുത്ത് സംരക്ഷിച്ചു. ഇതിനിടെ, മാനസിക വൈകല്യംമൂലം തെരുവിൽ അലയുന്നവരെ കണ്ടെത്തി പരിപാലിക്കുന്ന വെസ്റ്റ് മുംബയ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ശ്രദ്ധ റീഹാബിലിറ്റേഷൻ ഫൗണ്ടേഷൻ മൂന്നു മാസം മുമ്പ് ശാന്തയെ ഏറ്റെടുത്തു. ഇവിടത്തെ ചികിത്സയിലൂടെ മാനസികാരോഗ്യം വീണ്ടെടുത്ത ശാന്ത തന്റെ വീടിനെക്കുറിച്ച് അധികൃതരോട് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ അവർ പോത്തൻകോട് പൊലീസുമായി ബന്ധപ്പെടുകയും ശാന്തയെ സ്വന്തം വീട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിക്കുകയായിരുന്നു.

സന്നദ്ധ പ്രവർത്തകയായ മുംബയ് സ്വദേശിനി സുലക്ഷണയോടൊപ്പം ഇന്നലെ രാവിലെ 9ന് പോത്തൻകോട് സ്റ്റേഷനിൽ എത്തിയ ശാന്തയെ സഹോദരൻ ജോർജെത്തി തിരിച്ചറിഞ്ഞു. കോടതിയിൽ ഹാജരാക്കിയ ശാന്തയെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് കൈമാറി. ഇവരെ സുരക്ഷിതയായി തിരികെയെത്തിച്ച സുലക്ഷണയെ പോത്തൻകോട് പൊലീസ് ഉപഹാരം നൽകി ആദരിച്ചു.

Advertisement
Advertisement