ഹോട്ടലിൽ മുറിയെടുത്ത ശേഷം പരുന്തുംപാറയിൽ കറങ്ങാനെത്തിയവരെ കണ്ടപ്പോൾ ഉദ്യോഗസ്ഥർക്ക് സംശയമായി, പരിശോധനയിൽ കണ്ടെത്തിയത് മാരക ലഹരി

Friday 26 November 2021 10:29 AM IST

കുമളി: നിരോധിത ലഹരി ഉത്പന്നമായ എം.ഡി.എം.എയുമായി യുവാവിനെയും യുവതിയെയും എക്‌സൈസ് പിടികൂടി. എറണാകുളം സ്വദേശി ഷെഫിൻ മാത്യു (32), കൊടുങ്ങല്ലൂർ സ്വദേശി സാന്ദ്ര (20) എന്നിവരെയാണ് 0.06 ഗ്രാം എം.ഡി.എയുമായി പിടിയിലായത്. കുമളിയിലെ സ്വകാര്യ ഹോട്ടലിൽ മുറിയെടുത്ത ഇരുവരും പരുന്തുംപാറ സന്ദർശിക്കുന്നതിനിടെ സംശയം തോന്നിയ എക്‌സൈസ് സംഘം പരിശോധിച്ചപ്പോഴാണ് ലഹരി വസ്തു കണ്ടെത്തിയത്. മുറിയിലും കുറച്ച് അളവിലിരിപ്പുണ്ടെന്ന് ഇവർ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. തുടർന്ന് കുമളിയിലെത്തിച്ച് നടത്തിയ പരിശോധനയിൽ കണ്ടെത്തിയ ലഹരി കൂടി ചേർത്താണ് 0.06 ഗ്രാം. ഷെഫിൻ എറണാകുളത്ത് വാഹന കച്ചവടം നടത്തുകയാണ്. സാന്ദ്ര നഴ്സാണെന്നാണ് മൊഴി നൽകിയിട്ടുള്ളത്. ഇവർ മുമ്പ് ലഹരി കേസുകളിൽ പ്രതിയായിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇരുവരെയും ഇന്നു കോടതിയിൽ ഹാജരാക്കും.