ആ പാട്ട് പാടിക്കഴിഞ്ഞ ശേഷം യേശുദാസ് അന്വേഷിച്ചത് ഗാന രചയിതാവിനെയായിരുന്നു, ഒരേ ഒരു ബിച്ചു
തിരുവനന്തപുരം: ''ബ്രാഹ്മ മുഹൂർത്തത്തിൽ പ്രാണസഖീ നീ പല്ലവി പാടിയ നേരം...'' സംഗീത സംവിധായകൻ ജയൻ ചിട്ടപ്പെടുത്തിയ ഈണത്തിനുസരിച്ച് പാടിക്കഴിഞ്ഞ ശേഷം യേശുദാസ് അന്വേഷിച്ചത് ഗാന രചയിതാവിനെയായിരുന്നു. 'ഇത് വ്യത്യസ്ഥം മനോഹരം!' അനുഗ്രഹമായി ഈ വാക്കുകൾ ബിച്ചു തിരുമല സ്വീകരിച്ചിട്ട് കൃത്യം 50 വർഷം കഴിഞ്ഞു. 1971ൽ സി ആർ കെ നായരുടെ ഭജഗോവിന്ദം എന്ന ചിത്രത്തിനു വേണ്ടിയായിരുന്നു ആദ്യഗാനം ബിച്ചു തിരുമല എഴുതിയത്. ആ സിനിമ റിലീസ് ചെയ്തില്ലെങ്കിലും പെട്ടെന്നു തന്നെ ഏറെ തിരക്കുള്ള ഗാനരചയിതാവായി അദ്ദേഹം മാറി.
സിനിമയുടെ സംവിധായകനേയും സംഗീത സംവിധായകനേയും ആസ്വാദകരേയും തൃപ്തിപ്പെടുത്തിക്കൊണ്ട് തത്വചിന്തയും പ്രണയവും വിരഹവും താരാട്ടും തമാശയും പുതിയ ഭാവങ്ങളിൽ പകർന്നു നൽകി. ''ഹൃദയം ദേവാലയം.... പോയ വസന്തം നിറമാല ചാർത്തും ആരണ്യ ദേവാലയം....'' എന്ന മനോഹരമായ മെലഡിയെഴുതിയ പേനകൊണ്ടു തന്നെ 'കാക്കാ പൂച്ചാ കൊക്കരക്കോഴി വാ ഒട്ടകം ആന മയിലേ...' എന്ന ഫാസ്റ്റ് നമ്പരും എഴുതി. പെണ്ണിന്റെ ചെഞ്ചുണ്ടിൽ പുഞ്ചിരി പൂത്തു.... എന്ന റൊമാന്റിക്കായ കവി പടകാളി ചണ്ഡി ചങ്കരി പോർക്കലി മാർഗിനി ഭഗവതി... എന്നെഴുതി ചിരിപ്പിച്ചു. മിഴിയോരം നനഞ്ഞൊഴുകും മുകിൽ മാലകളോ.... എന്നെഴുതി കരയിപ്പിച്ച കവി ''പച്ചക്കറിക്കായ തട്ടിൽ ഒരു മുത്തശ്ശി പൊട്ടറ്റോ ചൊല്ലി'' എന്നുമെഴുതി കുട്ടികളേയും രസിപ്പിച്ചു.
പ്രണയം, വിരഹം,വാത്സല്യം, ഹാസ്യം, ഭക്തി... എന്നിങ്ങനെ ഏതുഭാവവും ഉൾക്കൊണ്ട് ഗാനങ്ങൾ എഴുതാൻ മലയാളത്തിൽ ഒരു ബിച്ചു തിരുമലമാത്രമേ ഉണ്ടായിരുന്നുള്ളൂ.
ഗാനരചയനയിൽ തിരക്കേറി നിന്ന കാലത്ത് വർഷത്തിൽ 35 സിനിമക്കുവേണ്ടി ബിച്ചു ഗാനങ്ങൾ എഴുതിയിട്ടുണ്ട്. സംവിധായകനായ ഐ.വി ശശിക്കു വേണ്ടിയാണ് കൂടുതൽ പാട്ടെഴുതിയിട്ടുള്ളത് 33 ചിത്രങ്ങളിൽ. ഏറ്റവും കൂടുതൽ ഗാനങ്ങൾക്ക് ഈണമൊരുക്കിയത് ശ്യാം. 75 ഗാനങ്ങൾ. പിന്നെ എ.ടി. ഉമ്മറിനോടൊപ്പം. ഹിന്ദിയിലെ സംഗീതസംവിധായകനായ രാജ്കമലിന്റെ സംഗീതത്തിൽ 'ആഴി' എന്ന സിനിമയിൽ എഴുതി. മല്ലനും മാതേവനും എന്ന സിനിമയിൽ മകൻ സുമൻ ബിച്ചുവിന്റെ സംഗീതത്തിനും പാട്ടെഴുതി.
എഴുതിയവയിൽ ബിച്ചുവിന് പ്രിയപ്പെട്ടവ
ഏഴു സ്വരങ്ങളും... ഹൃദയം ദേവാലയം... ദ്വാദശി നാളിൽ, വാകപ്പൂമരം... നീലജലാശയത്തിൽ.... നക്ഷത്രദീപങ്ങൾ.... മകളേ പാതി മലരേ.... എവിടെയോ കളഞ്ഞു പോയ കൗമാരം.... മിഴിയറിയാതെ വന്നു നീ.... മനസ്സിൽ നിന്നും മനസ്സിലേക്കൊരു.... പൂങ്കാറ്റിനോടും.... യാമശംഖൊലി...