പ്രണയിച്ച് വിവാഹം കഴിച്ച ശേഷവും പ്ലസ്ടു വിദ്യാർത്ഥിയായ ഭർത്താവ് സ്‌കൂളിൽ പഠിയ്ക്കാൻ പോയി, മകന്റെ ഭാര്യയെ അമ്മായിയപ്പൻ ബലാത്സംഗം ചെയ്തു

Friday 26 November 2021 12:02 PM IST

ഭോപ്പാൽ : മീനത്തിൽ താലികെട്ട് എന്ന സിനിമയിലേത് പോലെ പ്ലസ്ടു വിദ്യാർത്ഥിയായ ഇരുപത്തിരണ്ട് കാരൻ ഇരുപത്തൊന്ന് കാരിയെ പ്രണയിച്ച് വിവാഹം കഴിച്ച് വീട്ടിൽ കൊണ്ടു വന്നു. വിവാഹശേഷവും സ്‌കൂളിൽ പഠനം തുടർന്ന യുവാവിന് പക്ഷേ ഭാര്യയെ സ്വന്തം പിതാവിൽ നിന്നും സംരക്ഷിക്കാൻ കഴിഞ്ഞില്ല. മകൻ സ്‌കൂളിൽ പോയ സമയത്ത് മരുമകളെ ബലാത്സംഗം ചെയ്‌തെന്ന പരാതിയിൽ പൊലീസ് ഇപ്പോൾ പ്ലസ്ടു വിദ്യാർത്ഥിയുടെ പിതാവിനെതിരെ കേസെടുത്തിരിക്കുകയാണ്. മദ്ധ്യപ്രദേശിലാണ് സംഭവം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മദ്ധ്യപ്രദേശിലെ ഗുണ പൊലീസാണ് പെൺകുട്ടിയുടെ പരാതിയിൽ കേസെടുത്തത്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് ഭർത്താവ് സ്‌കൂളിൽ പോയ സമയത്ത് ഭാര്യാപിതാവ് തന്നെ ബലാത്സംഗം ചെയ്തുവെന്നും, വിവരം പുറത്ത് പറഞ്ഞാൽ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും കാണിച്ച് പെൺകുട്ടി പൊലീസിൽ പരാതി നൽകിയത്. രാജസ്ഥാൻ സ്വദേശിയാണ് യുവതി. ഭാര്യയ്‌ക്കൊപ്പം പിതാവിനെതിരെ പരാതി നൽകാൻ യുവാവും എത്തിയിരുന്നു. കുടുംബത്തിലെ മറ്റ് സ്ത്രീകളെയും ഇയാൾ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തിട്ടുണ്ടെന്നും യുവതി പരാതിയിൽ ആരോപിക്കുന്നു. എന്നാൽ കള്ളപരാതിയാണെന്നും, കുടുംബത്തിലെ സ്വത്ത് തർക്കമാണ് പരാതിക്ക് അടിസ്ഥാനമെന്നാണ് പ്രതിയുടെ വാദം.