സ്‌കൂട്ടർ പാർക്ക് ചെയ്യും പോലെ വിമാനങ്ങൾ, ഡൽഹി അതിർത്തിക്കടുത്ത് ഇന്ത്യയിലെ ഏറ്റവും വലിയ വിമാനത്താവളം നിർമ്മിക്കുമ്പോൾ യു പിക്ക് സ്വന്തമാകുന്ന അഞ്ച് നേട്ടങ്ങൾ
ന്യൂഡൽഹി: ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ ശേഷിക്കെ, നോയിഡയിൽ രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവളത്തിന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി തറക്കല്ലിട്ടിരുന്നു. ഗൗതംബുദ്ധ നഗറിലെ ജോവാറിലാണ് 29,560 കോടി രൂപ ചെലവിൽ നോയിഡ അന്താരാഷ്ട്ര വിമാനത്താവളം നിർമ്മിക്കുന്നത്. വലിപ്പത്തിൽ ഇന്ത്യയിലെ ഏറ്റവും വലുതും, ലോകത്തിലെ നാലാം സ്ഥാനവും പണി പൂർത്തിയാകുന്നതോടെ ഈ വിമാനത്താവളത്തിന് സ്വന്തമാവും. സ്വിറ്റ്സർലൻഡിന്റെ സൂറിച്ച് ഇന്റർനാഷണൽ എയർപോർട്ട് അതോറിറ്റിയുമായി സഹകരിച്ച് നിർമ്മാണം 2024 ഓടെ പൂർത്തിയാക്കാനാവും എന്നാണ് കരുതുന്നത്.
ജോവാറിലെ വിമാനത്താവളം പൂർത്തിയാകുന്നതോടെ ലോകത്തിന്റെ ഭൂപടത്തിൽ തന്നെ യുപിക്ക് പ്രത്യേക സ്ഥാനം കൈവരും. ജെവാറിലെ നോയിഡ ഇന്റർനാഷണൽ എയർപോർട്ട് യുപി എന്ന സംസ്ഥാനത്തിന് ഉണ്ടാക്കുന്ന മാറ്റങ്ങളെ കുറിച്ച് പരിശോധിക്കാം. പ്രധാനമായും വിനോദസഞ്ചാരം, കയറ്റുമതി, തൊഴിൽ, റിയൽ എസ്റ്റേറ്റ് എന്നിവയിലാവും മാറ്റം കൊണ്ടുവരുന്നത്. സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ കുതിച്ച് ചാട്ടമുണ്ടാകുകയും ചെയ്യും.
തൊഴിലവസരങ്ങൾ
ജോവാറിലെ വിമാനത്താവളം പൂർത്തിയാകുന്നതോടെ ഒരു ലക്ഷം പേർക്ക് പുതിയ തൊഴിൽ ലഭിക്കും. ഉത്തർപ്രദേശിനെ സംബന്ധിച്ചിടത്തോളം ഇത് വലിയ മാറ്റങ്ങൾക്ക് കാരണമാവും. ബൃഹത്തായ പദ്ധതിയായതിനാൽ തന്നെ വിമാനത്താവളത്തിന്റെ നിർമ്മാണഘട്ടത്തിലും പതിനായിരങ്ങൾക്ക് ജോലി ലഭിക്കും. വിമാനത്താവളം പ്രവർത്തനക്ഷമമാകുമ്പോൾ നേരിട്ടും, അല്ലാതെയും ലക്ഷക്കണക്കിന് ആളുകൾക്ക് ജീവിതമാർഗം കൈവരും. യുപിയിൽ നിന്നും തൊഴിൽ തേടി മറ്റ് സംസ്ഥാനങ്ങളിലേക്ക് പാലായനം ചെയ്യുന്നത് ഒഴിവാക്കുക എന്ന ലക്ഷ്യവും സർക്കാരിന് പൂർത്തിയാക്കാനാവും.
വലിയ നിക്ഷേപങ്ങൾ ഇനി യുപിയിലേക്ക്
തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം, സംസ്ഥാനത്തേയ്ക്ക് കൂടുതൽ നിക്ഷേപവും ഒഴുകും. 35,000 കോടി രൂപയുടെ നിക്ഷേപം വിമാനത്താവളം കൊണ്ടുവരുമെന്ന് അധികൃതർ കണക്കാക്കുന്നു. വിമാനത്താവളം പൂർത്തിയായി ആദ്യ വർഷങ്ങളിൽ തന്നെ സമീപ പ്രദേശങ്ങളിൽ 10,000 കോടിയുടെ നിക്ഷേപം ഉണ്ടാവും. ഡൽഹി അതിർത്തിക്കടുത്തായുള്ള വിമാനത്താവളത്തിന്റെ തന്ത്രപ്രധാനമായ സ്ഥാനം കണക്കിലെടുക്കുമ്പോൾ കോർപ്പറേറ്റുകൾ വൻതോതിൽ ഈ മേഖലയിൽ നിക്ഷേപിക്കാൻ താത്പര്യപ്പെടും. ഡൽഹി എയർപോർട്ടിൽ നിന്ന് 72 കിലോമീറ്റർ മാത്രമാണ് ഇവിടെയ്ക്കുള്ള ദൂരം.
വ്യാപാരവും കയറ്റുമതിയും സംയോജിത മൾട്ടിമോഡൽ കാർഗോ ഹബ് ഉള്ള ആദ്യത്തെ വിമാനത്താവളമായിരിക്കും നോയിഡ ഇന്റർനാഷണൽ എയർപോർട്ട്. രാജ്യത്തെ കയറ്റുമതി ഗണ്യമായി വർദ്ധിപ്പിക്കുകയും ചരക്കുനീക്കത്തിന് പ്രത്യേക പ്രാധാന്യം ഈ മേഖലയ്ക്ക് കൈവരുകയും ചെയ്യും. ഇത് സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയിലും പ്രതിഫലിക്കും. നോയിഡ അന്താരാഷ്ട്ര വിമാനത്താവളം ഉത്തരേന്ത്യയുടെ ലോജിസ്റ്റിക്സ് ഗേറ്റ്‌വേയായി മാറുമെന്ന് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം സൂചിപ്പിച്ചിരുന്നു. സൈനികാവശ്യത്തിനുള്ള സന്നാഹങ്ങൾ ഉൾപ്പെടെ എല്ലാത്തരം ചരക്കു നീക്കത്തിന്റെയും ലോകോത്തര കവാടമായി വിമാനത്താവളം മാറുമെന്നും ഉത്തരേന്ത്യയെ ആഗോള ഭൂപടത്തിൽ രേഖപ്പെടുത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ടൂറിസം വിമാനത്താവളത്തിലൂടെ യു പിയുടെ ടൂറിസത്തിൽ നിന്നുള്ള വരുമാനവും വർദ്ധിക്കും. വിമാനത്താവളം പൂർത്തിയാകുമ്പോൾ, കിഴക്കൻ ഡൽഹി, നോയിഡ, ഗാസിയാബാദ്, ഗ്രേറ്റർ നോയിഡ, മീററ്റ്, പടിഞ്ഞാറൻ യുപി ജില്ലകൾ എന്നിവിടങ്ങളിലേക്കുള്ള യാത്ര സുഗമമാവും. പ്രതിവർഷം ഒരു കോടിയിലധികം സഞ്ചാരികളെ ആകർഷിക്കുന്ന ഈ വിമാനത്താവളം ആഗ്രയിലെയും മഥുരയിലെയും വിനോദസഞ്ചാരത്തിന് മുതൽക്കൂട്ടാവും. ഡൽഹിയിലിറങ്ങാതെ യുപിയിലെ വിവിധ സ്ഥലങ്ങളിലേക്ക് സഞ്ചാരികൾക്ക് യാത്ര ചെയ്യാനാവും.
റിയൽ എസ്റ്റേറ്റ് മേഖല
നോയിഡ മേഖലയിലെ റിയൽ എസ്റ്റേറ്റ് വിൽപ്പനയേയും ഇനി വരുന്ന നാളുകളിൽ സ്വാധീനിക്കാൻ കെൽപ്പുള്ളതാണ് ജോവാറിലെ വിമാനത്താവളം. നോയിഡ, ഗ്രേറ്റർ നോയിഡ, യമുന എക്സ്പ്രസ്‌വേ എന്നിവിടങ്ങളിലെ റിയൽ എസ്‌റ്റേറ്റ് കമ്പനികൾക്ക് ഇത് ഊർജ്ജം പകരും. ഇതിന് പുറമേ വിമാനങ്ങളുടെ അറ്റകുറ്റപ്പണിക്കുള്ള കേന്ദ്രമായും നോയിഡ വിമാനത്താവളം മാറ്റാൻ പദ്ധതിയുണ്ട്.