30 % കുട്ടികൾ വീട്ടിൽ

Saturday 27 November 2021 12:00 AM IST

ആലപ്പുഴ: സ്കൂളുകളിൽ അദ്ധ്യയനം പുനരാരംഭിച്ചിട്ടും 30 ശതമാനത്തോളം വിദ്യാർത്ഥികൾ ഇപ്പോഴും വീടിനുള്ളിൽ തന്നെ പഠനം തുടരുന്നു. കനത്ത മഴയ്ക്കൊപ്പം, കൊവിഡ് ഭീതിയിൽ അയവ് വരാത്തതുമാണ് പലരും കുട്ടികളെ സ്കൂളിലേക്ക് അയക്കാത്തതിന് കാരണം.

രക്ഷിതാക്കളുടെ സമ്മതത്തോടെ മാത്രം കുട്ടികളെ അയച്ചാൽ മതിയെന്നും ഹാജർ നിർബന്ധമല്ലാത്തതും മൂലം വിദ്യാർത്ഥികളെ അയക്കണമെന്ന് സ്കൂൾ അധികൃതർക്ക് നിലപാട് സ്വീകരിക്കാനും സാധിക്കില്ല. കൊവിഡ് അല്ല കുറഞ്ഞത്, പരിശോധനയാണ് കുറഞ്ഞതെന്ന യാഥാർത്ഥ്യവും രക്ഷിതാക്കളുടെ ഭയം ഇരട്ടിപ്പിക്കുന്നു.

സ്കൂളുകൾ തുറന്ന ശേഷം കുട്ടികളിൽ കൊവിഡ് ബാധിച്ചിട്ടില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പ് അധികൃതർ അവകാശപ്പെടുന്നത്. കൊവിഡ് വ്യാപനം മൂലം ഒരു സ്കൂളും അടച്ചിട്ടില്ല. ഈ സാഹചര്യത്തിൽ പരമാവധി കുട്ടികളെ സ്കൂളിലേയ്ക്ക് ക്ഷണിക്കുകയാണ് വിദ്യാഭ്യാസ വകുപ്പ്.

കൊവിഡും യാത്രയും വീട്ടിലിരുത്തി

1. കൊവിഡ് ഭീതി അകലാത്തത് തിരിച്ചടി

2. വില്ലനായി വീടും സ്കൂളും തമ്മിലുള്ള യാത്രാദൂരം

3 മിക്ക സ്കൂളുകൾക്കും സ്കൂൾ ബസ് സജ്ജമായിട്ടില്ല

4. കെ.എസ്.ആർ.ടി.സി ബോണ്ട് സ‌ർവീസും നടപ്പായില്ല

5. ഓട്ടോറിക്ഷയിൽ ഒരു സമയം രണ്ട് കുട്ടികൾ

6. കൂടിയ നിരക്ക് രക്ഷിതാക്കൾക്ക് താങ്ങാനാവില്ല

""

എഴുപത് ശതമാനം കുട്ടികൾ സ്കൂളിലെത്തുന്നുണ്ടെന്നാണ് വിലയിരുത്തൽ. പല കാരണങ്ങൾ കൊണ്ടാണ് ബാക്കി മുപ്പത് ശതമാനം പേ‌ർ എത്താതിരിക്കുന്നത്. അവർ ഓൺലൈനിൽ വിക്ടേഴ്സ് ക്ലാസ് പിന്തുടരുകയാണ്.

എ.കെ. പ്രസന്നൻ, ജില്ലാ കോ ഓർഡിനേറ്റർ,

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം

Advertisement
Advertisement