മുല്ലപ്പെരിയാറിൽ മരംമുറിക്ക് കേരളം നൽകിയ അനുമതി പുനഃസ്ഥാപിക്കണം,​ തമിഴ്‌നാട് സുപ്രീംകോടതിയിൽ

Friday 26 November 2021 9:19 PM IST

ന്യൂഡൽഹി : മുല്ലപ്പെരിയാർ അണക്കെട്ടിൽ ബേബി ഡാമിന് സമീപത്തെ മരം മുറിക്കാൻ അനുമതി തേടി തമിഴ്നാട് സുപ്രീംകോടതിയിൽ . മരം മുറിക്കാൻ കേരളം നേരത്തെ അനുമതി നൽകുകയും പിന്നീട് ഉത്തരവ് റദ്ദാക്കിയതും ചൂണ്ടിക്കാട്ടിയാണ് തമിഴ്‌നാട് സുപ്രീംകോടതിയിൽ ഹർജി നൽകിയത്. ബേബി ഡാമിന് സമീപത്തെ മരം മുറിക്ക് കേരളം നൽകിയ അനുമതി പുനഃസ്ഥാപിക്കണമെന്ന് തമിഴ്‌നാട് ഹർജിയിൽ ആവശ്യപ്പെട്ടു. ബേബി ഡാമിന് സമീപത്തെ 15 മരങ്ങൾ മുറിക്കാനാണ് അനുമതി തേടിയിട്ടുള്ളത്. വള്ളക്കടവ് - മുല്ലപ്പെരിയാർ വനമേഖലയിലെ റോഡ് അറ്റകുറ്റപണി നടത്താനും അനുമതി തേടിയിട്ടുണ്ട്.

മുല്ലപ്പെരിയാർ - ബേബി ഡാം അണക്കെട്ട് ബലപ്പെടുത്താനുള്ള നടപടികൾക്ക് കേരളം തടസം നിൽക്കുന്നതായും തമിഴ്‌നാട് കുറ്റപ്പെടുത്തിയിട്ടുണ്ട്. മരം മുറിക്കാനുള്ള അനുമതി നൽകുന്നതിൽ കേരളം ആറ് വർഷമായി കാലതാമസം വരുത്തുന്നുവെന്നും ഹർജിയിൽ ആരോപണമുണ്ട് . മുല്ലപ്പെരിയാർ കേസിൽ സുപ്രീം കോടതി വിശദമായ വാദം കേൾക്കാനിരിക്കെയാണ് തമിഴ്നാട് പുതിയ അപേക്ഷ നൽകിയിരിക്കുന്നത്. ഡിസംബർ 10 നാണ് മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട ഹർജികളിൽ കോടതി വിശദമായ വാദം കേൾക്കുക.