ആത്മോപദേശ ശതകം; വാട്സ് ആപ്പിൽ നിന്ന് പുസ്തകത്തിലേക്ക്

Friday 26 November 2021 10:33 PM IST

തൃശൂർ: ഗുരുസ്മൃതി എന്ന വാട്‌സ് ആപ് ഗ്രൂപ്പിൽ ശ്രീനാരായണ ഗുരുവിന്റെ ആത്മോപദേശ ശതകം വ്യാഖ്യാനിക്കുമ്പോൾ അത് ഗ്രന്ഥമാകുമെന്ന് ഡോ. എൻ.ആർ ഗ്രാമപ്രകാശ് കരുതിയില്ല. പ്രതിദിനം ഒരു ശ്‌ളോകം വീതം വ്യാഖ്യാനിച്ചപ്പോൾ പലർക്കും താല്പര്യം. മറ്റ് ഗ്രൂപ്പുകളിൽ പങ്കു വയ്ക്കപ്പെട്ടു.

ഇപ്പോഴിതാ ശ്രീ നാരായണ ഗുരുവിന്റെ ആത്മോപദേശ ശതകം നൂറ് അറിവുകൾ എന്ന പുസ്തകമായി. കഴിഞ്ഞ കർക്കടകത്തിലാണ് മറ്റൊരാൾ തുടങ്ങിയ വ്യാഖ്യാനം നിലച്ചപ്പോൾ ഗ്രാമപ്രകാശ് ദൗത്യം ഏറ്റെടുത്തത്. അതിനായി പല പ്രമുഖരുടെയും വ്യാഖ്യാനം വായിച്ചു. ലളിതമായാണ് വ്യാഖ്യാനിച്ചത്. കർക്കടകം പഞ്ഞ മാസമെന്നാണ് അറിയപ്പെടുന്നത്. പ്രജ്ഞാ മാസമെന്നത് ലോപിച്ചാണ് പഞ്ഞ മാസമായതെന്ന് ഗ്രാമപ്രകാശ് പറഞ്ഞു. പ്രജ്ഞയെന്നാൽ പാലി ഭാഷയിൽ അറിവ് എന്നാണ് അർത്ഥം.

ബുദ്ധമത സ്വാധീനത്തിൽ നിന്നുമാവാം അറിവ് വർദ്ധിപ്പിക്കാനുള്ള മാസമായി കേരളീയർ മഴക്കാലത്തെ ഉപയോഗിച്ചത്. ഓരോ ശ്‌ളോകത്തിനും വാക്കുകളുടെ അർത്ഥം, ലളിതമായ സാരം, വ്യാഖ്യാനം എന്ന രീതിയാണ് പുസ്തകത്തിൽ സ്വീകരിച്ചിട്ടുള്ളത്. തിരുവനന്തപുരം ലാൽ ബുക്‌സാണ് പ്രസാധകർ.

ആത്മോപദേശ ശതകവും മാർക്‌സിസവും

മൂന്ന് പതിറ്റാണ്ട് മലയാളം അദ്ധ്യാപകനായിരുന്ന ഗ്രാമപ്രകാശ് ആത്മോപദേശ ശതകവും മാർക്‌സിസവും തമ്മിലുള്ള സാമ്യത്തെപ്പറ്റി ഗവേഷണം നടത്താൻ ഒരുങ്ങുകയാണ്. മാർക്‌സിസത്തിന്റെ ജ്ഞാന സിദ്ധാന്തവും ആത്മോപദേശ ശതകവും തമ്മിൽ വിവിധ തരത്തിൽ സാദൃശ്യങ്ങളുണ്ട്. ജനങ്ങളുടെ മൊത്തത്തിലുള്ള വിമോചനവും സുഖവുമാണ് ഗുരു ലക്ഷ്യമിട്ടത്. മാർക്‌സിസത്തിന്റെ ലക്ഷ്യവും ജനങ്ങളുടെ ഭൗതിക പുരോഗതിയും സുഖവുമാണ്.

പ്രകാശനം ഇന്ന്

പുസ്തകത്തിന്റെ പ്രകാശനം ഇന്ന് വൈകിട്ട് 4.30ന് ലളിതകലാ അക്കാഡമി ഓപ്പൺ ആഡിറ്റോറിയത്തിൽ നടക്കും. ആത്മോപദേശ ശതകം വ്യാഖ്യാനം കൂടാതെ നവോത്ഥാനത്തിന്റെ നാനാർത്ഥം എന്ന പുസ്തകവും മന്ത്രിമാരായ ആർ. ബിന്ദു, കെ. രാജൻ എന്നിവർ പ്രകാശനം ചെയ്യും. പി. ബാലചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. വൈശാഖൻ, ടി. ഡി രാമകൃഷ്ണൻ, ടി. ആർ അജയൻ, എം.കെ കണ്ണൻ, തുടങ്ങിയവർ പ്രസംഗിക്കും.

Advertisement
Advertisement