രാജ്യത്തെ ജനാധിപത്യത്തിന് വിലങ്ങുതടി ഒരു കുടുംബം ഭരിക്കുന്ന പാർട്ടി; ഇന്ത്യയുടെ വികസനത്തിന് വിലങ്ങുതടി വികസിത രാജ്യങ്ങളുടെ കൊളോണിയൽ മനസ്ഥിതിയെന്ന് പ്രധാനമന്ത്രി

Friday 26 November 2021 10:50 PM IST

ന്യൂഡൽഹി: കാർബൺ ബഹിർഗമന വിഷയത്തിൽ ഇന്ത്യയെ കു‌റ്റപ്പെടുത്തുന്ന വികസിത രാജ്യങ്ങളാണ് ഏറ്റവും കൂടുതൽ കാർബൺ പുറന്തള‌ളുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയുടെ വികസനത്തിന് വിലങ്ങുതടിയായി നിൽക്കുന്നത് ഈ വികസിത രാജ്യങ്ങളുടെ കൊളോണിയൽ മനസ്ഥിതിയാണെന്നും മോദി വിമർശിച്ചു. 1850 മുതൽ ഇന്നുവരെ 15 മടങ്ങ് കാർബണാണ് പുറന്തള‌ളിയിട്ടുള‌ളതെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ ജനാധിപത്യത്തിന് വിലങ്ങുതടി തലമുറകളായി ഒരു പാർട്ടിയെ ഭരിക്കുന്ന കുടുംബമാണെന്ന് പ്രധാനമന്ത്രി വിമർശിച്ചു.

'കൊളോണിയൽ മാനസികാവസ്ഥ ഇല്ലാതായിട്ടില്ല. വികസിത രാജ്യങ്ങൾ വികസിപ്പിച്ച പാത വികസ്വര രാജ്യങ്ങൾക്ക് മുന്നിൽ അടയ്‌ക്കുന്നതാണ് നാം കാണുന്നത്. കാർബൺ ബഹിർഗമനത്തെ കുറിച്ച് പറഞ്ഞാൽ 1850 മുതൽ ഇന്നുവരെ വികസിത രാജ്യങ്ങൾ 15 മടങ്ങ് കാർബണാണ് പുറന്തള‌ളിയത്. അമേരിക്കയും യൂറോപ്യൻ യൂണിയനും ആളോഹരി കാർബൺ ബഹിർഗമനം 11 മടങ്ങ് അധികമാണ്.'ഡൽഹി വിഗ്യാൻ ഭവനിലെ പ്രസംഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു.

ഈ മാസമാദ്യം സ്‌കോട്‌ലന്റിൽ നടന്ന സിഒപി 26 ഉച്ചകോടിയിൽ പരമ്പരാഗത ഫോസിൽ ഇന്ധനങ്ങളുടെ ഗുണഫലങ്ങൾ ഇതുവരെ ധാരാളം അനുഭവിച്ച രാജ്യങ്ങൾ നെ‌റ്റ് സീറോ ബഹിർഗമനലക്ഷ്യം വേഗം കൈവരിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. രാജ്യത്തെ വികസനം നിർത്തണമെന്ന് ആവശ്യപ്പെട്ടവരെയും പ്രധാനമന്ത്രി രൂക്ഷമായി വിമർശിച്ചു. അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പേരിൽ അവർ വികസനത്തെ എതിർക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇങ്ങനെ ആവശ്യപ്പെടുന്നവർക്ക് നഷ്‌ടമില്ലെന്നും എന്നാൽ മക്കൾക്ക് വേണ്ടത്ര വൈദ്യുതി ലഭിക്കാത്ത അമ്മമാരാണ് അതിനെല്ലാം അനുഭവിക്കുന്നതെന്നും പ്രധാനമന്ത്രി കു‌റ്റപ്പെടുത്തി.