ഏഴ് നഗരങ്ങൾക്ക് 1402 കോടി

Saturday 27 November 2021 12:18 AM IST

തിരുവനന്തപുരം: സംസ്ഥാനത്തെ ഏഴ് നഗരങ്ങളുടെ അടുത്ത അഞ്ചുവർഷത്തെ വികസനത്തിനായി പതിനഞ്ചാം ധനകാര്യ കമ്മിഷൻ അനുവദിച്ച 1402 കോടി രൂപ ഫലപ്രദമായി വിനിയോഗിച്ച് നഗരങ്ങളുടെ മുഖഛായ മാറ്റുമെന്ന് മന്ത്രി എം.വി ഗോവിന്ദൻ അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ നഗരങ്ങൾക്കാണ് തുക അനുവദിച്ചത്.

കുടിവെള്ളം, ശുചിത്വം, ഖരമാലിന്യ സംസ്‌കരണം എന്നീ മേഖലകളിലെ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനാണിത്. തുകയുടെ വിനിയോഗവുമായി ബന്ധപ്പെട്ട ഏകോപനത്തിനും മാർഗ നിർദ്ദേശത്തിനും ജില്ലാ ആസൂത്രണ സമിതി അദ്ധ്യക്ഷൻ ചെയർപേഴ്സണായും പ്ലാനിംഗ് ഓഫീസർ കൺവീനറായും ഒരു സബ്കമ്മറ്റി രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു.