കർഷകരുടെ പാർലമെന്റ് മാർച്ച് മാറ്റിവച്ചു; ഡിസംബർ നാലിന് യോഗം ചേർന്നേക്കും

Sunday 28 November 2021 1:50 AM IST

ന്യൂഡൽഹി: സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ 29 ന് നടക്കാനിരുന്ന പാർലമെന്റ് മാർച്ച് തത്ക്കാലം മാറ്റിവയ്ക്കാൻ ഇന്നലെ സിംഘുവിൽ ചേർന്ന ജനറൽ ബോഡി യോഗത്തിൽ തീരുമാനമെടുത്ത് സംയുക്ത കിസാൻ മോർച്ച. കേന്ദ്രസർക്കാരിന് ആശ്വാസം പകരുന്ന തീരുമാനമാണിത്. കർഷക സംഘടനകൾ ഉന്നയിച്ച ആവശ്യങ്ങളിൽ അനുകൂല തീരുമാനങ്ങൾ ഉണ്ടായില്ലെങ്കിൽ ഡിസംബർ നാലിന് വീണ്ടും യോഗം ചേർന്ന് പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്ന് എസ്.കെ.എം നേതാവ് ദർശൻ പാൽ സിംഗ് പറഞ്ഞു. അതുവരെ സമരപരിപാടികൾ ഒന്നും ഉണ്ടാകില്ലെങ്കിലും ഡൽഹി അതിർത്തിയിൽ നടക്കുന്ന കർഷക കൂട്ടായ്മ തുടരും.

 കർഷക സംഘടകൾ ആവശ്യപ്പെടുന്നത്

 കാർഷിക നിയമങ്ങൾ പാർലമെന്റ് പിൻവലിക്കുക

 പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്‌ സംയുക്ത കിസാൻ മോർച്ച അയച്ച കത്തിന് രേഖാമൂലം മറുപടി നൽകുക

 കത്തിൽ ഉന്നയിച്ച ആറ് കാര്യങ്ങളെ സംബന്ധിച്ച് കർഷക നേതാക്കളുമായി കേന്ദ്ര സർക്കാർ ചർച്ച നടത്തുക

 മിനിമം താങ്ങുവില നിയമം വഴി ഉറപ്പാക്കുക

 കർഷകർക്കെതിരെ രജിസ്റ്റർ ചെയ്ത എല്ലാ കേസുകളും പിൻവലിക്കാൻ സംസ്ഥാന സർക്കാരുകൾക്കും റെയിൽവേയ്ക്കും കേന്ദ്രസർക്കാർ നിർദ്ദേശം നൽകുക.

കർഷകർ വീടുകളിലേക്ക് മടങ്ങണം: നരേന്ദ്ര സിംഗ് തോമർ

കാർഷിക നിയമങ്ങൾ പിൻവലിക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ കർഷകർ പ്രക്ഷോഭം മതിയാക്കി വീട്ടിൽ തിരിച്ച് പോകണമെന്ന് കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ. നാളെ ഇത് സംബന്ധിച്ച ബിൽ പാർലമെന്റിൽ അവതരിപ്പിക്കും. കർഷകർ ഉന്നയിച്ച ആവശ്യങ്ങൾ ചർച്ച ചെയ്യാൻ ഒരു കമ്മിറ്റി രൂപീകരിക്കും. വിള വൈവിദ്ധ്യവത്ക്കരണം, സീറോ ബഡ്ജറ്റ് ഫാമിംഗ്, മിനിമം താങ്ങുവില തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യാനാണ് കമ്മിറ്റി രൂപീകരിക്കുന്നത്. കമ്മിറ്റിയിൽ കർഷക പ്രതിനിധികളും ഉണ്ടാകും. അതേസമയം, വൈക്കോൽ കത്തിക്കുന്നത് ക്രിമിനൽ കുറ്റമാക്കിയ തീരുമാനം പിൻവലിക്കും.

കരട് ബിൽ നാളെ

കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതിന് കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നൽകിയ കരട് ബിൽ നാളെ പാർലമെന്റിൽ കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ അവതരിപ്പിക്കും. ക്രിപ്റ്റോ കറൻസിബില്ല്, പൊതുമേഖലാ ബാങ്കുകളിലെ സർക്കാർ ഓഹരി കുറക്കുന്നതിനുള്ള ബില്ല് എന്നിവയുൾപ്പെടെ ശീതകാല സമ്മേളനത്തിൽ 29 ബില്ലുകളാണ് അവതരിപ്പിക്കുന്നത്. രാജ്യസഭാ, ലോകസഭാ എം.പിമാർ നാളെ പാർലമെന്റിൽ ഹാജരാകണമെന്ന് ബി.ജെ.പി വിപ്പ് നൽകിയിട്ടുണ്ട്. കോൺഗ്രസ് അംഗങ്ങൾക്കും പാർട്ടി വിപ്പ് നൽകി. അമിത് ഷായുടെ അദ്ധ്യക്ഷതയിൽ മന്ത്രി തലയോഗവും ചേർന്നു. രാജ്നാഥ് സിംഗ്, പിയൂഷ് ഗോയൽ, പ്രഹ്ലാദ് ജോഷി, അനുരാഗ് ഠാക്കൂർ എന്നിവർ പങ്കെടുത്തു. സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ പാർട്ടി നേതൃയോഗവും ചേർന്നു.

സർവ്വകക്ഷി യോഗം ഇന്ന്

പ്രധാനമന്ത്രി പങ്കെടുക്കും

ഇന്ന് രാവിലെ 11ന് പ്രധാനമന്ത്രി പങ്കെടുക്കുന്ന സർവകക്ഷി യോഗം ചേരും. വൈകുന്നേരം മൂന്നിന് ബി.ജെ.പി പാർലമെന്ററി പാർട്ടി എക്സിക്യൂട്ടീവ് യോഗവും തുടർന്ന് എൻ.ഡി.എ നേതാക്കളുടെ യോഗവും ചേരും. രാജ്യസഭാ ചെയർമാൻ എം.വെങ്കയ്യ നായിഡു രാജ്യസഭയിലെ പാർട്ടി നേതാക്കളുടെ യോഗവും വിളിച്ചിട്ടുണ്ട്.

Advertisement
Advertisement