രാജ്യം ഭരിക്കുന്നവരുടെ ലക്ഷ്യം കോൺ. മുക്ത ഭാരതം: ടി.പദ്മനാഭൻ

Saturday 27 November 2021 8:39 PM IST
കെ.മുരളീധരൻ എം.പി നയിക്കുന്ന ജന ജാഗരൺ അഭിയാൻ പദയാത്രയുടെ സമാപന വേദിയായ കണ്ണൂർ സ്റ്റേഡിയം കോർണറിൽ കഥാകൃത്ത് ടി.പത്മനാഭനെ കെ.പി.സി.സി ക്കു വേണ്ടി കെ.മുരളിധരൻ എം.പി ആദരിച്ചപ്പോൾ

കണ്ണൂർ: കോൺഗ്രസ് ഉന്മൂലനം എന്ന ലക്ഷ്യത്തോടെയാണ് രാജ്യം ഭരിക്കുന്നവർ പ്രവർത്തിക്കുന്നതെന്ന് കഥാകൃത്ത് ടി. പദ്മനാഭൻ . കോൺഗ്രസ് ജന ജാഗരൺ അഭിയാൻ പദയാത്രയ്ക്കിടെ സ്റ്റേഡിയം കോർണറിൽ നൽകിയ സ്‌നേഹാദരവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോൺഗ്രസ് മുക്ത ഭാരതം, നെഹ്‌റുമുക്ത ഭാരതം ഇതിനാണ് ഭരണ കക്ഷികൾ പരിശ്രമിക്കുന്നത്. എന്നാൽ അതു അവരുടെ വ്യാമോഹം മാത്രമാണ്. കോൺഗ്രസ് ഉന്മൂലനം എന്നത് നടക്കാത്ത കാര്യമാണ്. കോൺഗ്രസിനെ നശിപ്പിക്കാൻ കഴിയുന്നത് കോൺഗ്രസിന് മാത്രമാണ് നമ്മളിൽ പലരും അതിനായി ശ്രമിക്കുന്നുണ്ട്. എന്നാൽ അതു നടക്കാതിരിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു. കോൺഗ്രസിൽ പണ്ടേ ഗ്രൂപ്പുകൾ ഉണ്ടായിട്ടുണ്ട്. അത് ഇന്നും തുടരുകയാണ്. എന്നാൽ ഗ്രൂപ്പുകളുണ്ടാക്കുമ്പോൾ ശ്രദ്ധിക്കണം. പണ്ടത്തെ നേതാക്കൾ ശ്രദ്ധിച്ചതിനാലാണ് ഇന്നു കോൺഗ്രസ് ബാക്കിയായത്. ഇന്ത്യ മുഴുവൻ എല്ലാ മുന്നണികൾക്കും ഗ്രൂപ്പുകളുണ്ട്. എന്നാൽ അവയൊന്നും പ്രത്യക്ഷത്തിൽ വരാറില്ലയെന്നും അദ്ദേഹം പറഞ്ഞു. 1943 മുതൽ ഞാൻ ഖദറ് ധരിച്ചാണ് നടക്കാറ്. ഈ ഖദറും ധരിച്ച് ലോകത്തിലെ എല്ലാ രാജ്യങ്ങളിലും താൻ സഞ്ചരിച്ചിട്ടുണ്ടെന്നും അതിനാൽ എന്റെ മരണശേഷം പയ്യാമ്പലത്തേക്ക് കൊണ്ട് പോകുമ്പോൾ ത്രിവർണ പതാക പുതച്ചുവേണം കൊണ്ടുപോകാനെന്നും പദ്മനാഭൻ കൂട്ടിച്ചേർത്തു