സ്വാമിഅമ്മയ്ക്ക് ഭൂമിയായി,​ ഇനിവേണം വീട്

Sunday 28 November 2021 12:00 AM IST

കായംകുളം: ഒരുസെന്റ് ഭൂമിപോലും ഇല്ലാതെ വാടകവീടുകളിൽ കഴിഞ്ഞിരുന്ന എരുവ സോമഭവനത്തിൽ ഗൗരിക്കുട്ടി എന്ന സ്വാമിഅമ്മയ്ക്ക് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത വ്യക്തി മൂന്നര സെന്റ് ഭൂമി സൗജന്യമായി നൽകി. ഇതോടെ 88 കാരിക്ക് സ്വന്തമായി വീടെന്ന സ്വപ്നം അകലെയല്ലാതായി.

പത്തിയൂർ സബ് രജിസ്ട്രാർ ഓഫീസിൽ രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിച്ച് പ്രമാണം കൈമാറി. സ്വാമിഅമ്മ വലിയ ഈശ്വരഭക്തയാണ്. വീട്ടിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെയുള്ള ക്ഷേത്രത്തിൽ ദിവസവും രാവിലെയും വൈകിട്ടും കാൽനടയായി ദർശനത്തിന് പോയിരുന്നു. അങ്ങനെയാണ് നാട്ടുകാരും വീട്ടുകാരും സ്നേഹപൂർവം സ്വാമിഅമ്മയെന്ന് വിളിച്ചുതുടങ്ങിയത്.

മകന് ലോട്ടറി വിറ്റുകിട്ടുന്ന തുച്ഛമായ വരുമാനത്തിലായിരുന്നു കുടുംബത്തിന്റെ ഉപജീവനം. രോഗാവശതകളാൽ ഇദ്ദേഹത്തിനിപ്പോൾ ജോലിക്കും പോകാനാവുന്നില്ല. മകനും മരുമകളും ചെറുമകനുമൊപ്പമാണ് സ്വാമിഅമ്മ വാടകവീട്ടിൽ താമസിക്കുന്നത്. സ്വന്തമായി ഭൂമി ലഭിച്ചതോടെ വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കുന്നതിന് പരമാവധി പരിശ്രമിക്കുമെന്ന് യു. പ്രതിഭ എം.എൽ.എ ഉറപ്പ് നൽകി.

Advertisement
Advertisement