പഠന സ്വപ്നങ്ങൾക്ക് തണലായി ലൈഫ് ചാരിറ്റബിൾ മിഷൻ

Sunday 28 November 2021 12:00 AM IST

കുട്ടനാട്: സ്കൂൾ തുറന്നതോടെ അഭിരാമിയുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കി ലൈഫ് ചാരിറ്റബിൾ മിഷൻ. കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ ചമ്പക്കുളം പഞ്ചായത്ത് പുന്നക്കുന്നം ലക്ഷംവീട്ടിൽ മനോജിന്റെ മകൾ അഭിരാമി എല്ലാവിഷയങ്ങൾക്കും എ പ്ലസ് നേടിയെങ്കിലും ലോട്ടറി കച്ചവടം നടത്തിവന്ന പിതാവ് മനോജിന്റെ ഇരുകണ്ണുകൾക്കും കാഴ്ച നഷ്ടമായതോടെ തുടർപഠനത്തിനുള്ള മോഹം അടഞ്ഞു.

ഇക്കാര്യം കേരളകൗമുദി വാർത്തയാക്കിയിരുന്നു. വാർത്ത ശ്രദ്ധയിൽപ്പെട്ട അമ്പലപ്പുഴ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ലൈഫ് ചാരിറ്റബിൾ മിഷൻ അഭിരാമിയുടെ പഠനച്ചെലവ് ഏറ്റെടുക്കുകയായിരുന്നു. കൊവിഡ് ഇളവിൽ സ്കൂളുകൾ തുറന്നതോടെ സൈക്കിൾ, മൊബൈൽ ഫോൺ, യൂണിഫോം, പുസ്തകങ്ങൾ, ബുക്കുകൾ തുടങ്ങിയവയും മിഷൻ എത്തിച്ചുനൽകി. കുട്ടനാട് യൂണിയൻ പ്രാർത്ഥനാഹാളിൽ നടന്ന ചടങ്ങിൽ ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിൻസി ജോളി പഠനോപകരണങ്ങൾ രക്ഷിതാക്കൾക്ക് കൈമാറി. മിഷൻ ചെയർമാൻ ജയ്സപ്പൻ മത്തായി അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി മധു അമ്പലപ്പുഴ, കുട്ടനാട് യൂണിയൻ കൺവീനർ സന്തോഷ്ശാന്തി, സൗത്ത് യൂണിയൻ ജോ. കൺവീനർ എ.ജി. സുഭാഷ്, പ്രവീൺ തുമ്പോളി, പ്രവീൺ നീർക്കുന്നം തുടങ്ങിയവർ പങ്കെടുത്തു.