509 പേർക്ക് കൊവിഡ്
തൃശൂർ : ജില്ലയിൽ 509 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 512 പേർ രോഗമുക്തരായി. രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 5066 ആണ്. ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5,40,348 ആണ്. 5,33,404 പേരാണ് ആകെ രോഗമുക്തരായത്.
ജില്ലയിൽ ശനിയാഴ്ച്ച സമ്പർക്കം വഴി 501 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
മാർ ആൻഡ്രൂസിനെ തടഞ്ഞു വച്ചു
തൃശൂർ : കുർബാന പരിഷ്കരണം നടപ്പിലാക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് പുരോഹിതർ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിനെ തടഞ്ഞുവെച്ചു. ബിഷപ്പ് ഹൗസിലെത്തിയാണ് പ്രതിഷേധം ഉയർത്തിയത്. ഇന്ന് മുതൽ പുതിയ രീതിയിലുള്ള കുർബാന നടപ്പിൽ വരുമെന്ന സർക്കുലർ ആർച്ച് എല്ലാ പള്ളികളിലേക്കും അയച്ചിരുന്നു. ഇതേത്തുടർന്നാണ് ഒരു കൂട്ടം പുരോഹിതർ പ്രതിഷേധവുമായെത്തിയത്.
പൈതൃകം പുരസ്കാരം
കലാമണ്ഡലം ഗോപിക്ക്
തൃശൂർ : ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് പൈതൃകം ഗുരുവായൂർ മഹത് വ്യക്തികൾക്ക് നൽകിവരാറുള്ള' കർമ്മശ്രഷ്ഠ' പുരസ്കാരം ഈ വർഷം, കഥകളി ആചാര്യൻ കലാമണ്ഡലം ഗോപിക്ക് നൽകും. പതിനായിരത്തിയൊന്ന് രൂപയും, പ്രശസ്തിപത്രവും, പൊന്നാടയും ഫലകവും അടങ്ങിയതാണ് പുരസ്കാരം. ഗുരുവായൂർ ഏകാദശി നാളിൽ ഗുരുവായൂർ രുഗ്മണി റീജൻസിയിൽ വെച്ച്, പൈതൃകം ഗുരുവായൂർ സംഘടിപ്പിക്കുന്ന ഗുരുവായൂർ ഏകാദശി സാംസ്കാരിക സമ്മേളനത്തിൽ സ്വാമി ഉദിത് ചൈതന്യയുടെ നേതൃത്വത്തിൽ നടക്കുന്ന ഗീതാജ്ഞാനസദസ്സിൽ പുരസ്കാരദാനം നിർവഹിക്കും. വിദ്യാർത്ഥികൾക്കുള്ള മത്സരവും നടക്കും. വാർത്താസമ്മേളനത്തിൽ പൈതൃകം കോർഡിനേറ്റർ അഡ്വ. രവി ചങ്കത്ത്, സെക്രട്ടറി മധു. കെ. നായർ, ഖജാൻജി കെ. കെ. ശ്രീനിവാസൻ, കൺവീനർ ശ്രീകുമാർ പി. നായർ എന്നിവർ പങ്കെടുത്തു.