ഇന്ത്യയിലും ജാഗ്രത ; ഒമൈക്രോൺ കൊവിഡ് ഭീകരൻ, വിദേശത്തുനിന്നുള്ളവർക്ക് ആർ ടി പി സി ആർ നിർബന്ധം, മുൻകരുതൽ നിർദ്ദേശിച്ച് പ്രധാനമന്ത്രി

Sunday 28 November 2021 12:09 AM IST

ന്യൂഡൽഹി:വാക്സിൻ എടുത്തവരെപ്പോലും ബാധിക്കുമെന്ന് ആശങ്കയുള്ള കൊവിഡ് വൈറസിന്റെ പുതിയ ജനിതക വകഭേദമായ ഒമൈക്രോണിനെതിരെ ഇന്ത്യയിലും അതീവ ജാഗ്രത.

ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ വൈറസ് ജർമ്മനിയും ഇസ്രയേലും അടക്കം പത്തോളം രാജ്യങ്ങളിലും ബാധിച്ചെന്ന് വ്യക്തമായതോടെ ഈ രാജ്യങ്ങളിൽ നിന്ന് എത്തുന്നവർക്ക് ഇന്ത്യയിൽ ക്വാറന്റൈൻ നിർബന്ധമാക്കി. ഇവരെ പ്രത്യേകം നിരീക്ഷിക്കും.സാമ്പിൾ ജനിതക പരിശോധന നടത്തും.

ഇന്ത്യയുടെ വാക്സിനുകൾ അംഗീകരിച്ചിട്ടുള്ള മറ്റു രാജ്യങ്ങളിൽ നിന്നുവരുന്നവർ ആർ.ടി.പി.സി.ആർ.പരിശോധനയ്ക്ക് വിധേയമാവണം.

തയ്യാറെടുപ്പുകളും വാക്‌സിനേഷൻ പുരോഗതിയും വിലയിരുത്തിയ ഉന്നതതല യോഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നിർദ്ദേശങ്ങൾ നൽകിയത്.

ഒമൈക്രോൺ വകഭേദം കണ്ടെത്തിയാൽ മുന്നറിയിപ്പ് നൽകണം. ജനിതക പരിശോധന വർദ്ധിപ്പിക്കുകയും കൂടുതൽ സ്ഥലങ്ങളിൽ നടത്തുകയും വേണം. മാസ്‌ക് ധരിക്കലും സാമൂഹ്യ അകലവും കർശനമായി പാലിക്കണമെന്ന് പ്രധാനമന്ത്രി നിർദ്ദേശിച്ചു.

മരുന്നും വെന്റിലേറ്ററും ഉറപ്പാക്കണം

  • സംസ്ഥാനങ്ങൾ ബോധവത്ക്കരണം നടത്തണം.
  • കൊവിഡ് കൂടുതലുള്ള സ്ഥലങ്ങളിൽ കർശന നിരീക്ഷണം #മരുന്നും ഒാക്‌സിജനും വെന്റിലേറ്ററുകളും ഉറപ്പാക്കണം. #വാക്‌സിന്റെ രണ്ടാം ഡോസ് എല്ലാവർക്കും ലഭ്യമാക്കണം.

സ്പൈക്കിന് കരുത്ത് വാക്സിൻ അതിജീവിക്കും

  • അൻപതിലേറെ ജനിതക മാറ്റങ്ങൾ വന്ന വൈറസാണ്.
  • മനുഷ്യ കോശത്തിൽ അള്ളിപ്പിടിക്കുന്ന മുള്ളുകളിലാണ് (സ്പൈക്ക്) കൂടുതൽ മാറ്റം.
  • ഈ മുള്ളുകളെ നിർജ്ജീവമാക്കി പ്രതിരോധം സൃഷ്ടിക്കുന്നതാണ് വാക്സിനുകളിൽ മിക്കതും.
  • ഇത്തരം വാക്സിനുകൾ ഫലം കാണാതെ വരുമെന്ന് ആശങ്ക
  • ചെറുപ്പക്കാരെയാണ് കൂടുതലായി ബാധിക്കുന്നത്.
  • മരണ സാദ്ധ്യത കൂടുതലാണ്.

ഒമൈക്രോൺ ഗ്രീക്ക് അക്ഷരം

ജനീവ: കൊവിഡ് വകഭേദമായ ബി.1.1.529 ന് 'ഒമൈക്രോൺ' എന്ന് പേരിട്ടത് ലോകാരോഗ്യ സംഘടന. ഗ്രീക്കിലെ പതിനഞ്ചാമത്തെ അക്ഷരമാണിത്. ആദ്യത്തെ നാല് അക്ഷരങ്ങളായ ആൽഫ, ബീറ്റ, ഗാമ, ഡെൽറ്റ എന്നീ പേരുകളിൽ വകഭേദങ്ങളുണ്ട്. ഡെൽറ്റയാണ് അപകടകാരി. അതിനേക്കാൾ മാരകമാണ് ഒമൈക്രോൺ.

വിമാനങ്ങൾ വിലക്കി

ബോട്സ്വാന, ലെസോത്തോ, എസ്വാട്ടീനി, സിംബാബ്‌വേ, നമീബിയ, ഹോങ്കോംഗ്, ഇസ്രയേൽ, ബൽജിയം,ജർമ്മനി എന്നിവിടങ്ങളിലും ഒമൈക്രോൺ കണ്ടെത്തിയിട്ടുണ്ട്. ഈ രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾ 27 യൂറോപ്യൻ രാജ്യങ്ങളും അമേരിക്ക, കാനഡ, സൗദി അറേബ്യ ,​ബ്രിട്ടൻ,​ യു.എ.ഇ ,​ ബെഹ്റൈൻ എന്നീ രാജ്യങ്ങളും വിലക്കി.ദക്ഷിണാഫ്രിക്കയിൽ നിന്ന് നെതർലാന്റ്സിലെ ആംസ്റ്റർഡാമിൽ എത്തിയ വിമാനയാത്രക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഒമൈക്രോണെന്ന് ഉറപ്പില്ല.

കേരളത്തിൽ 7 ദിവസം ക്വാറന്റൈൻ

  • കേരളത്തിലും ജാഗ്രതാ നിർദേശം
  • വിദേശത്ത് നിന്ന് വരുന്നവർ 72 മണിക്കൂറിനകം ആർ.ടി.പി.സി.ആർ പരിശോധന നടത്തി എയർ സുവിധ പോർട്ടലിൽ അപ് ലോഡ് ചെയ്യണം.
  • ഏഴു ദിവസം ക്വാറന്റൈൻ നിർബന്ധം
  • അതിനുശേഷവും ആർ.ടി.പി.സി.ആർ പരിശോധന.
  • സംശയമുള്ളവ ജനിതക വകഭേദ പരിശോധനയ്ക്ക് അയക്കും.

``ഡിസംബർ 15മുതൽ അന്താരാഷ്‌ട്ര വിമാനയാത്ര പുനഃരാരംഭിക്കാനുള്ള തീരുമാനം പുനഃപരിശോധിക്കും.''

- നരേന്ദ്രമോദി, പ്രധാനമന്ത്രി

``കൊവിഡ് മാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കണം. മാസ്‌ക്, സാനിറ്റൈസർ തുടങ്ങിയവ ഉപയോഗിക്കണം. സാമൂഹിക അകലം പാലിക്കണം. വാക്‌സിനെടുക്കാത്തവർ എത്രയും വേഗം എടുക്കണം.''

-വീണാ ജോർജ്, ആരോഗ്യമന്ത്രി