ഗുരുവായൂർ ഏകാദശി : ക്ഷേത്രത്തിൽ ഇന്ന് സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ വിളക്കാഘോഷം

Saturday 27 November 2021 10:14 PM IST

ഗുരുവായൂർ: ഏകാദശി വിളക്കാഘോഷത്തിന്റെ ഭാഗമായി ക്ഷേത്രത്തിൽ ഇന്ന് സ്‌റ്റേറ്റ് ബാങ്കിന്റെ വകയായുള്ള ഏകാദശി വിളക്കാഘോഷം നടക്കും. സമ്പൂർണ്ണ നെയ്‌വിളക്കായാണ് ആഘോഷം. ക്ഷേത്രത്തിൽ രാവിലെ കാഴ്ച്ചശീവേലിക്ക് കിഴക്കൂട്ട് അനിയൻ മാരാർ നേതൃത്വം നൽകുന്ന പഞ്ചാരിമേളം അകമ്പടിയാകും.

രാത്രി വിളക്കെഴുന്നള്ളിപ്പിന് വിശേഷാൽ ഇടയ്ക്ക നാദസ്വരം അകമ്പടിയാകും. മേൽപ്പത്തൂർ ആഡിറ്റോറിയത്തിൽ രാവിലെ 8 മുതൽ വൈകീട്ട് 5 വരെ ബാങ്ക് ജീവനക്കാരും കുടുംബാംഗങ്ങളും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ അരങ്ങേറും. വൈകീട്ട് ആറിന് സ്റ്റാർ സിംഗർ ഫെയിം വിവേകാനന്ദനും സംഘവും അവതരിപ്പിക്കുന്ന ഭക്തി ഗാനമേളയും ഉണ്ടാകും. ക്ഷേത്രത്തിൽ ഇന്നലെ ചാവക്കാട് മുൻസിഫ് കോടതി വക വിളക്കാഘോഷം നടന്നു. ക്ഷേത്രത്തിൽ രാവിലെ കാഴ്ചശീവേലിയ്ക്ക് പെരുവനം കുട്ടൻമാരാരുടെ പ്രമാണത്തിൽ മേളം അകമ്പടിയായി. രാവിലെ 10 ന് പെരുവനം കുട്ടൻമാരാരുടെയും കക്കാട് രാജപ്പന്റെയും നേതൃത്വത്തിൽ ക്ഷേത്ര തിരുമുറ്റത്ത് പഞ്ചാരി മേളം അരങ്ങേറി. വൈകീട്ട് ക്ഷേത്രത്തിൽ തായമ്പകയും ഉണ്ടായി. മേൽപ്പത്തൂർ ആഡിറ്റോറിയത്തിൽ കലാപരിപാടികളുടെ ഉദ്ഘാടനം ജില്ലാ ജഡ്ജി ജി. മഹേഷ്, ചാവക്കാട് സബ് ജഡ്ജ് ടി.ഡി. ബൈജു എന്നിവർ ചേർന്ന് നിർവഹിച്ചു.

Advertisement
Advertisement