യാത്രാബത്ത ഒഴിവാക്കി ഇ.എസ്.ഐ ശമ്പളപരിധി

Sunday 28 November 2021 12:15 AM IST

ന്യൂഡൽഹി: ഇ.എസ്.ഐ ആനുകൂല്യം ലഭിക്കാനുള്ള ശമ്പള പരിധിയായ 21000 രൂപയിൽ നിന്ന്‌ യാത്രാ/കൺവെയൻസ് അലവൻസ് ഒഴിവാക്കി ഇ.എസ്.ഐ.സി ഉത്തരവിറക്കി. കൊവിഡ് കാലത്തെ ഇളവിനുള്ള ഹാജർ 78ൽ നിന്ന് 39 ദിവസമായി കുറച്ചത് ഉടൻ നടപ്പിലാക്കാനും ഇന്നലെ ഹൈദരാബാദിൽ ചേർന്ന ഇ.എസ്.ഐ കോർപറേഷൻ സ്റ്റാന്റിംഗ് കമ്മിറ്റി യോഗം തീരുമാനിച്ചു.

യാത്രാബത്ത ശമ്പളത്തിന്റെ ഭാഗമായി കണക്കാക്കരുതെന്ന് കോടതി നിർദ്ദേശിച്ചിരുന്നു. കൊവിഡ് കാല ആനുകൂല്യങ്ങൾ 2022 ജൂൺ വരെ നീട്ടുന്നത് പരിഗണനയിലാണ്. ഇ.എസ്.ഐ.സി മെഡിക്കൽ കോളേജുകളിലേക്ക് നീറ്റ് യോഗ്യത പ്രകാരം പ്രവേശന നടപടികൾ ഉടൻ ആരംഭിക്കാനും തീരുമാനിച്ചതായി സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം വി. രാധാകൃഷ്‌ണൻ അറിയിച്ചു. 50 വയസു തികഞ്ഞ എല്ലാ അംഗങ്ങൾക്കും സൗജന്യ മെഡിക്കൽ പരിശോധന നടപ്പിലാക്കി. കേന്ദ്ര സർക്കാർ ആവിഷ്കരിച്ച നാല് തൊഴിൽ കോഡുകൾ നിലവിൽ വന്നതോടെ 20 കോടി ആളുകൾ കൂടി ഇ.എസ്.ഐയിലായി.

2020-21 സാമ്പത്തിക വർഷത്തിൽ 21,091കോടി വരവും 13,614 കോടി ചെലവും പ്രതീക്ഷിക്കുന്ന സാമ്പത്തിക റിപ്പോർട്ട് അംഗീകരിച്ചു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇക്കൊല്ലം വരുമാനത്തിൽ 1020 കോടിയുടെ ഇടിവുണ്ട്.

പാതാളം ആശുപത്രിയിൽ

200 കിടക്കകൾ

എറണാകുളം പാതാളത്തെ ഇ.എസ്.ഐ ആശുപത്രിയിൽ കിടക്കകൾ 200 ആയി വർദ്ധിപ്പിക്കാനും തീരുമാനിച്ചു. നിലവിൽ നൂറ് കിടക്കകളുണ്ട്. പ്രത്യേകം ഒ.പി. അഡ്മിനിസ്ട്രേറ്റീവ് ബ്ളോക്കുകൾ പണിയും. കൊല്ലം ആശ്രാമം ആശുപത്രിയിൽ 300 കിടക്കകളുമായി സൗകര്യം വർദ്ധിപ്പിക്കും. കൊല്ലം നാവായിക്കുളം, തൃശൂർ കൊരട്ടി, ആലുവ എന്നിവിടങ്ങളിൽ ഡിസ്‌പെൻസറി, ഒാഫീസ് കെട്ടിട നിർമ്മാണവും ഉടൻ ആരംഭിക്കും.