മറുനാടൻ പച്ചക്കറിയെത്തി : വില ഇറക്കം

Saturday 27 November 2021 10:17 PM IST

തൃശൂർ: മറുനാടൻ പച്ചക്കറികൾ കൂടുതലെത്താൻ തുടങ്ങിയതോടെ, തക്കാളി കിലോഗ്രാമിന് 60 - 70 രൂപയിലേയ്ക്ക് താഴ്ന്നു. തൊട്ടുപിന്നാലെ മറ്റ് പച്ചക്കറി ഇനങ്ങൾക്കും വിലയിടിഞ്ഞു. അതേസമയം തമിഴ്‌നാട്, കർണ്ണാടക സംസ്ഥാനങ്ങളിലെ കർഷകരിൽ നിന്ന് നേരിട്ട് വാങ്ങി വിലക്കയറ്റം പിടിച്ചുനിറുത്താനുള്ള ഹോർട്ടികോർപ്പിന്റെ ശ്രമവും ഫലം കണ്ടു.

ലഭ്യതക്കുറവ് കാരണം കർഷകരിൽ നിന്ന് വൻ തോതിൽ വാങ്ങാൻ ഹോർട്ടികോർപ്പിനാകുന്നില്ല. മൊത്ത വിതരണക്കാർക്ക് 15 ദിവസമെങ്കിലും കഴിഞ്ഞാണ് പണം നൽകുന്നതെന്ന പരാതിയുമുണ്ട്. അതുകൊണ്ട് ഹോർട്ടികോർപ്പിന് പച്ചക്കറി നൽകാൻ കർഷകർക്ക് താൽപ്പര്യക്കുറവുണ്ട്. ലഭ്യത കുറഞ്ഞ സാഹചര്യത്തിൽ, ഉടൻ പണം നൽകണമെന്ന ആവശ്യമാണ് കർഷകർ ഉന്നയിക്കുന്നത്.

മഴ കുറയുന്നതിനാൽ രണ്ടാഴ്ചയ്ക്ക് ശേഷം വില കുറയുമെന്ന് തന്നെയാണ് കച്ചവടക്കാരുടെ വിലയിരുത്തൽ. തക്കാളിക്ക് രണ്ട് ദിവസത്തിനിടയിൽ ചില്ലറ വിലയിൽ കുറഞ്ഞത് 30 രൂപയാണ്. കാലാവസ്ഥാ പ്രശ്‌നങ്ങൾ മാത്രമല്ല, തമിഴ്‌നാട്ടിൽ പച്ചക്കറി ലഭ്യത കുറവും വിലക്കയറ്റത്തിനിടയാക്കിയിട്ടുണ്ട്. കൂലിയിലുണ്ടായ വർദ്ധനയും പ്രതികൂലമായി. ഓണക്കാലത്ത് പച്ചക്കറി വില ഉയരാതെ പിടിച്ചുനിറുത്താനായെങ്കിലും തുലാവർഷം ശക്തമായത് കേരളത്തിലെ പച്ചക്കറിക്കൃഷിയെയും ഗുരുതരമായി ബാധിച്ചിട്ടുണ്ട്. വില കൂടിയ ഇനങ്ങളുടെ കച്ചവടം കുറഞ്ഞെന്ന് കച്ചവടക്കാർ. വില കൂടിയ ഇനങ്ങളുടെ ഉപയോഗം ജനങ്ങൾ കുറച്ചതാണ് കാരണം.

മറുനാടൻ കർഷകരിൽ പ്രതീക്ഷ

തമിഴ്‌നാട്ടിലെയും കർണാടകയിലെയും കർഷക സംഘങ്ങൾ നേരിട്ട് കേരളത്തിലെ ഹോർട്ടികോർപ്പിന്റെ ജില്ലാ കേന്ദ്രങ്ങളിൽ പച്ചക്കറികൾ കൂടുതലായെത്തിച്ചാൽ പെട്ടെന്ന് വിലകുറഞ്ഞേക്കുമെന്ന പ്രതീക്ഷയാണ് സർക്കാറിന്. നേരിട്ട് പച്ചക്കറി സംഭരിക്കാൻ കൃഷിമന്ത്രി പി. പ്രസാദിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗമാണ് തീരുമാനിച്ചത്. തിരുനെൽവേലിയിൽ നിന്ന് തിരുവനന്തപുരത്തേക്കും മൈസൂരിൽ നിന്ന് കോഴിക്കോട്ടേയ്ക്കും മൊത്തം 41 ടൺ പച്ചക്കറിയായിരുന്നു നാല് ദിവസം മുമ്പെത്തിച്ചത്.

വില കൂടുതലുള്ള ഇനം

തൃശൂരിലെ മൊത്തവിപണിയിലെ വിലയാണിത്. ചില്ലറ വ്യാപാരത്തിൽ 15 - 20 രൂപ കൂടും

മുരിങ്ങയ്ക്ക 100
പച്ചമുളക് 70
തക്കാളി 45 - 50
വെണ്ട 50
കാരറ്റ് 40 - 60
വഴുതന 35 - 40
പാവയ്ക്ക 45
സവാള 35

വിലകുറവ്

ബീറ്റ്‌റൂട്ട് 20
കാബേജ് 20 - 30
മത്തൻ 15
ചേന 15
ബീൻസ് 20.

Advertisement
Advertisement