ബ്രിട്ടണിൽ കൊവിഡ് ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു; രോഗികൾ ദക്ഷിണാഫ്രിക്കയിൽ നിന്നും യാത്ര ചെയ്‌തെത്തിയവർ

Saturday 27 November 2021 10:56 PM IST

ലണ്ടൻ: അതീവഗുരുതരമായ കൊവിഡ് വകഭേദമായി കണ്ടെത്തിയ ഒമിക്രോൺ വകഭേദം ബ്രിട്ടണിൽ രണ്ടുപേർക്ക് സ്ഥിരീകരിച്ചു. എസെ‌ക്‌സിലും ബർമിംഗ്ഹാമിലുമാണ് ഈ കൊവിഡ് രോഗബാധിതരുള‌ളത്. ഇവരും ഇവരുടെ കുടുംബാംഗങ്ങളും സ്വയം ക്വാറന്റൈനിലാണെന്നും ഇവരുടെ സമ്പർക്കപട്ടിക തയ്യാറാക്കുകയാണെന്നും ബ്രിട്ടീഷ് ആരോഗ്യ സെക്രട്ടറി സാജിദ് ജാവേദ് അറിയിച്ചു. വിവിധ രാജ്യങ്ങൾ ദക്ഷിണാഫ്രിക്കയിലേക്ക് യാത്രാനിരോധനം കൊണ്ടുവരാനുള‌ള ഒരുക്കത്തിലാണ്. ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ച രാജ്യങ്ങളിലും വൈകാതെ യാത്രാനിരോധനം വരാനാണ് സാദ്ധ്യത.

ഇതിനിടെ ഇന്ത്യയിൽ ബംഗളൂരുവിലെത്തിയ രണ്ട് ദക്ഷിണാഫ്രിക്കൻ പൗരന്മാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവരെ ക്വാറന്റൈനിലാക്കിയെന്നും ഭയപ്പെടേണ്ട ആവശ്യമില്ലെന്നും ഉന്നതോദ്യോഗസ്ഥർ അറിയിച്ചു. നവംബർ ഒന്നുമുതൽ 26 വരെ ദക്ഷിണാഫ്രിക്കയിൽ നിന്നും വന്ന 94 പേരിൽ രണ്ടുപേർക്കാണ കൊവിഡ് സ്ഥിരീകരിച്ചത്. ഇവർക്ക് സാധാരണ കൊവിഡാണ് വകഭേദങ്ങളല്ല പിടിപെട്ടതെന്നാണ് വിവരം. ഒമിക്രോൺ ഭീതി നിലനിൽക്കുന്ന പത്ത് രാജ്യങ്ങളിൽ നിന്ന് 584 പേരാണ് ബംഗളൂരുവിൽ എത്തിയത്.