മോദിക്കെതിരെയുള്ള പ്രതിപക്ഷ ഐക്യം പൊളിയുന്നു, കോൺഗ്രസ് വിളിച്ച യോഗത്തിൽ പങ്കെടുക്കില്ലെന്ന് തൃണമൂൽ

Saturday 27 November 2021 11:34 PM IST

ന്യൂഡല്‍ഹി: പാർലമെന്റിൽ എൻ.ഡി.എ സർക്കാരിനെതിരെ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ചർച്ച ചെയ്യാൻ കോൺഗ്രസിന്റെ നേതൃത്വത്തിൽ മല്ലികാർജുൻ ഖാർഗെ വിളിച്ചുചേർത്ത പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ തൃണമൂൽ കോൺഗ്രസ് പങ്കെടുക്കില്ല. തിങ്കളാഴ്ച ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് മുന്നോടിയായാണ് യോഗം വിളിച്ചത്.

ഗോവ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനും ബി.ജെ.പിക്കുമെതിരെയാണ് തൃണമൂലിന്റെ പോരാട്ടം. അതിനാല്‍ കോണ്‍ഗ്രസുമായി ഏതെങ്കിലും രീതിയിലുള്ള യോഗത്തില്‍ പങ്കെടുക്കുന്നതില്‍നിന്ന് വിട്ടുനില്‍ക്കണമെന്ന് തൃണമൂലിന്റെ ഗോവ ഘടകം ആവശ്യപ്പെട്ടതിനാലാണ് ഈ തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിലുണ്ടായ ഐക്യത്തിന്റെ വിജയമാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിച്ചു ചേര്‍ക്കാന്‍ കോണ്‍ഗ്രസിനെ പ്രേരിപ്പിച്ചത്. .തങ്ങളുടെ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തി തൃണമൂല്‍ ബി.ജെ.പിയെ സഹായിക്കുകയാണെന്ന്‌ ചില കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചിരുന്നു.

യോഗത്തില്‍നിന്ന് തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടുനില്‍ക്കുന്നത് യു.പി.എയുടെ ഭാഗമല്ലാത്ത ആം ആദ്മി പാര്‍ട്ടി, സമാജ് വാദി പാര്‍ട്ടി തുടങ്ങിയ പാര്‍ട്ടികളെയും പിൻവാങ്ങുന്നതിന് പ്രേരിപ്പിച്ചേക്കാം. ഗോവയിലും മേഘാലയയിലും കോണ്‍ഗ്രസ് നേതാക്കൾ തൃണമൂലിലേക്ക് ചേക്കേറിയിരുന്നു. ഇതും യോഗത്തിൽ നിന്ന് വിട്ടുനിൽക്കാൻ തൃണമൂലിന് പ്രേരണയായി.

Advertisement
Advertisement