ഒമൈക്രോൺ - പേരിന് പിന്നിലെ രഹസ്യം

Sunday 28 November 2021 12:25 AM IST

ജനീവ : പുതിയ കൊവിഡ് വൈറസ് വകഭേദമായ ബി.1.1.529 നെപ്പറ്റിയുള്ള വിവരങ്ങൾ പുറത്തുവന്നതോടെ ലോകാരോഗ്യ സംഘടന അതിന് എന്ത് പേരിടുമെന്നറിയാൻ ഏവരും കാത്തിരിക്കുകയായിരുന്നു. കൊവിഡ് വകഭേദങ്ങൾക്ക് ഗ്രീക്ക് അക്ഷരമാലയുടെ ക്രമത്തിൽ നാമകരണം ചെയുന്നതാണ് ലോകാരോഗ്യ സംഘടന പിന്തുടർന്നുവന്നിരുന്ന രീതി. എന്നാൽ ഇത്തവണ പതിവ് തെറ്റിച്ച ഡബ്ല്യു.എച്ച്.ഒ യോഗം ചേർന്നതിന് ശേഷം ദക്ഷിണാഫ്രിക്കയിലും ബോട്സ്വാനയിലും കണ്ടെത്തിയ പുതിയ വകഭേദത്തിന് ഒമൈക്രോൺ' വകഭേദമെന്ന് നാമകരണം ചെയുന്നതായി പ്രഖ്യാപിച്ചു. ഗ്രീക്ക് അക്ഷരമാലയിലെ നു(NU ), (XI) എന്നീ രണ്ട് അക്ഷരങ്ങൾ ഒഴിവാക്കിയാണ് പേരിട്ടിരിക്കുന്നത്.

നൂ' എന്ന പദം പുതിയത് എന്ന് അർത്ഥം വരുന്ന 'ന്യു' എന്ന ഇംഗ്ലീഷ് വാക്കിന് സമാനമായതിനാൽ ആശയക്കുഴപ്പം ഒഴിവാക്കാനാണ് നൽകാതിരുന്നതെന്നും അതിന് ശേഷം വരുന്ന സൈ (XI) എന്ന വാക്ക് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ പേരുമായി സാമ്യമുള്ളതിനാലാണെന്നുമൊക്കെ ഇതിനെപ്പറ്റി അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്.

പുതിയ വൈറസ് വകഭേദത്തെ സൈ (XI') വകഭേദം എന്ന് വിളിക്കേണ്ട സാഹചര്യം ഒഴിവാക്കാനാണ് ലോകാരോഗ്യ സംഘടന അക്ഷരമാല രണ്ടക്ഷരം ചാടി പുതിയ വകഭേദത്തിന് 'ഒമൈക്രോൺ' എന്ന് പേര് നൽകിയിരിക്കുന്നതെന്നാണ് ഹാർവാർഡ് മെഡിക്കൽ സ്‌കൂളിലെ പ്രൊഫസറായ എപ്പിഡെമിയോളജിസ്റ്റ് മാർട്ടിൻ കൾഡോർഫിന്റെ വാദം.

'ന്യു' എന്ന വാക്കുമായുള്ള സാമ്യമുള്ളതിനാൽ ആശയക്കുഴപ്പം ഒഴിവാക്കാനും ചൈനീസ് പ്രസിഡന്റിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ ഒഴിവാക്കാനുമാണ് യഥാക്രമം 'നൂ' (NU), 'സൈ' (XI) എന്നീ അക്ഷരങ്ങൾ ഒഴിവാക്കിയതെന്ന് ലോകാരോഗ്യ സംഘടന വൃത്തങ്ങൾ സ്ഥിരീകരിച്ചതായി വിവിധ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ വിഷയത്തിൽ ലോകാരോഗ്യ സംഘടന ഇതുവരെ ഔദ്യോഗിക പ്രതികരണമൊന്നും നടത്തിയിട്ടില്ല.

Advertisement
Advertisement